Thursday, December 20, 2012

കൊളുത്ത്



നാല് പേരും കൂടിയിരിക്കുമ്പോള്‍ തികച്ചും സാധാരണമായി ആണ് അത് അവതരിപ്പിക്കപ്പെട്ടത് .
അളകാപുരിയിലെ മോത്തി പട്ടേലിന്റെ കമ്പനി മുറി തന്നെ തിരഞ്ഞെടുത്തത് മുകളില്‍ നിന്നുള്ള ആജ്ഞ പ്രകാരം തന്നെയായിരിക്കണം . ചിലപ്പോള്‍ അതൊരു സ്നേഹപൂര്‍വ്വം ഉള്ള ഉപദേശമോ കണി ജയ്സ്വാളിനെപ്പോലെ  ആരെങ്കിലും കൊടുത്തയച്ച ലിപ്സ്ടികും റൂഷും സുഖമില്ലാതെ കൂടിക്കുഴഞ്ഞ സ്വപ്നംകാണുന്ന കൈപ്പടയിലുള്ള  ഒരെഴുതായോ ആയിരിക്കാം നിര്‍ദ്ദേശം വന്നിട്ടുണ്ടാകുക എന്നും അയാള്‍ ഓര്‍ത്തു .
.
കമ്പനിയില്‍ നിന്നു പുറത്തിറങ്ങിയ തന്നെ, രാംദാസ് കദം ഒരു ചായ കുടിച്ചു വരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു വരികയായിരുന്നു . തന്‍റെ ബൈക്കിനു നല്ലൊരു ലോക്ക് പോലും ഇല്ല ..തിരിച്ചു ചെല്ലുമ്പോള്‍ അതവിടെ കാണുമോ എന്തോ?

ശീതീകരിച്ച മുറിയില്‍ ഇരിക്കുമ്പോള്‍ റാണെ യ്ക്കു ഒരു മസാല ചായ കുടിക്കാന്‍ തോന്നുന്നുണ്ടായിരുന്നു വന്നെത്തിയത് മദ്യമാണ് . തന്‍റെ വീടിനേക്കാള്‍ വലിയ മുറിയിലാണ് ഇരിക്കുന്നത് . മുള്ളില്‍ നില്‍ക്കുന്ന പോലെ ഇരുത്തം ..നാക്ക് അണ്ണാക്കിലെ വിടെയോ പറ്റിപ്പിടിച്ചിരിക്കുന്നു . അവിടെ സംസാരിക്കാനുള്ള വാക്കുകള്‍ വാതിലില്‍ വച്ചേ സലാം പറഞ്ഞു. താന്‍ മാത്രം..വെറും രൂപമാണിവിടെ പട്ടേലിനു മുന്നില്‍ .. മോത്തി പട്ടേല്‍ തന്റെ പിന്നില്‍ സോഫയില്‍ കിടന്ന് ആരോടോ സംസാരിക്കുന്നു . പതിവുപോലെ പ്രാര്‍ത്ഥന നിറഞ്ഞ ആശംസയ്ക്കും കുശലാന്വേഷ ണങ്ങള്‍ ക്കും ശേഷം പതിവുള്ള ഭീഷണിയില്‍ എത്തിനില്‍ക്കുന്നു . സോപ്പ് കമ്പനിക്കാരന്‍ പാഴ്സിയെ പ്പോലെ ഏതെങ്കിലും മുതലാളിയാകും . ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു . മോത്തിയും മത്സരിക്കുന്നു  . ഇത്തവണ വീണ്ടും ചെയര്‍മാനാകാന്‍ ആണ് മത്സരിക്കുന്നതെന്ന് ഇപ്പോഴാണ് അറിഞ്ഞത് .
''റാണെ  ഒന്നിങ്ങു വരൂ ..'' മോത്തി   തന്നെ ആണ്  ..

'' അന്ന ത്തെ  പ്രകടനം  പോലെ അല്ല . ഇത് ''
റാണെ ചിരിച്ചു . തംബാക്കിന്റെ പൊള്ളല്‍ കാര്ന്ന ചിരട്ട വക്കുപോലെയുള്ള മോണ ഒരു കുട്ടിയുടെ നിഷ്കളങ്കത പൂണ്ടു .
''ഇത് നിനക്കൊരു പരീക്ഷണം  ആണ് . രഹസ്യം സൂക്ഷിക്കാന്‍ നിനക്കറിയാമോ എന്ന് ഈ മോത്തി  ഒന്ന് നോക്കുകയാണ് ''
പിന്നെ  റാണെയുടെ മിടിപ്പ് നോക്കുന്നതു പോലെ കൈവണ്ണയില്‍ അമര്‍ത്തി പിടിച്ചു . ഒരാടിന്റെ കൈപോലെ മെലിഞ്ഞ മോത്തിയുടെ കയ്യില്‍ റാണെയും തൊട്ടു . അത്രയും പ്രായമുള്ള ഒരാളുടെ കയ്യില്‍ താന്‍ സ്നേഹത്തോടെ ഒരിക്കലും ...റാണെയുടെ കണ്ണുകളില്‍ അദ്രിശ്യമായൊരു മിന്നല്‍ മിന്നി പൊലിഞ്ഞത് മോത്തി കണ്ടു കാണും .
'' റാണെ അടുത്ത  വര്‍ഷം നീയാണ്‌ ഫോര്‍മാന്‍ ...''

''അതിനു  മോത്തി സാഹിബ്  റാണെ യെ  ജോലിക്കു  വിട്ടിട്ടു  വേണ്ടേ ..''  കദം തോള്‍ കുലുക്കി ചിരിച്ചു . രാംദാസ് കദമും  മോത്തി പട്ടേലും   ആജന്മ  ശത്രുക്കള്‍ ആണെന്നു താന്‍ എത്ര ശക്തമായാണ് വിശ്വസിച്ചിരുന്നത് എന്ന കാര്യം റാണ അപ്പോള്‍ ഓര്‍ത്തു . അതിനെ മുറിച്ചു കൊണ്ട് കദം കണ്ണുകള്‍ ചുരുക്കി  ഇങ്ങനെ പറഞ്ഞു .
'' പുതിയ വരണാധികാരി തുക്കിടി സായിപ്പാണ്‌ , ഗാന്ധി ബാപ്പുന്റെ കൊച്ചുമകനാകാന്‍ മോത്തികാക്കായെ അയാള്‍ അയോഗ്യനാക്കും എന്നാണു അറിഞ്ഞത്   ''
മോത്തി തിരക്കിട്ടു രണ്ടുഗ്ലാസ് മദ്യം കുടിച്ചു , അളവ് ഗ്ലാസ്സ് വക്കായിരുന്നു .
''പണ്ടിരുന്ന മംഗലാപുരം പുലി പോയി ..പുലിക്കു പകരം സിംഹം വന്നു  , ചാകാനാരിക്കും ''
കദം കള്ളെന്നു തെറ്റിദ്ധരിപ്പിക്കുന്ന മറ്റെന്തോ പാനീയം അലമാരയ്ക്ക് പിന്നില്‍ പോയി ഒഴിച്ച് കൊണ്ടുവന്നു .
'' സിംഹക്കുട്ടി  മോത്തി കാക്കയെ അയോഗ്യനാക്കും പോലും ...നമ്മള്‍ സമ്മതിക്കുമോ റാണ ?" കദം കടംകൊണ്ട ഭക്തിയില്‍ മുങ്ങി തുടിച്ചു
'' കദം ..റാണയെ കുറച്ചു കാണേണ്ട ..അവന്‍ നരസിംഹമാ..പ്രായം ലേശം കുറവ്..
അല്ലെ  കുട്ടീ.'' മോത്തി റാണയെ അടുപ്പിച്ചു നിര്‍ത്തി,അയാളില്‍ നിന്ന് വാര്‍ദ്ധക്യത്തിന്റെ  തൈല ഗന്ധം റാണ യിലേക്ക് പ്രവഹിച്ചു. വയസ്സന്‍ എല്ലുകളുടെ ഗന്ധം ഓക്കാനം വരുത്തിയേക്കുമെന്നു തോന്നി .

'' വെറും റാണ ..ചുണക്കുട്ടി   ആകുന്ന ദിവസം വരും , വരുത്തണം നമുക്ക്  '' ആ ശബ്ദത്തിന്‍റെ ഉടമയായ
നാലാമനെ ശ്രദ്ധിച്ചത് അപ്പോഴാണ്‌ . റാണെയുടെ തൊണ്ടയിലെ വെള്ളം അപ്പാടെ വറ്റി . അത് പ്രജാപതിയായിരുന്നു.
 ആദ്യ കാലത്ത്  കമ്പനിയില്‍ റാണ യ്ക്കു  സുഹൃത്തുക്കളേ ഇല്ലായിരുന്നു . ആഴ്ചയിലൊരിക്കല്‍ ലോക്കെര്‍ റൂമില്‍ ഒരു അടിയോ കശപിശയോ  പതിവായിരുന്നു . എല്ലാ കുഴപ്പങ്ങളിലും ഒരാള്‍ റാണ ..രണ്ടാമന്‍ മാത്രം മാറിക്കൊണ്ടിരുന്നു .തനിച്ചു നടന്ന റാണയെ ഒരിക്കല്‍ പ്രജാപതി പൊക്കി .
'' ഞാന്‍ കള്ളനാണ് ..അറിയാമല്ലോ ''
'' നിങ്ങള്‍ മാനേജരാണ്‌ ..സാഹിബ് ..''
''അതെ..മാനേജര്‍മാര്‍ക്ക് ഇടയിലെ കള്ളന്‍ ''
''ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല ''
'' നീ പറയേണ്ട ..എല്ലാവര്‍ക്കും അതറിയാം ''

ഒരാള്‍ അഭിമാനത്തോടെ താന്‍ കള്ളനാണ് എന്ന് പറയുന്നത് റാണെ ആദ്യമായി കേള്‍ക്കുകയാണ് .
കമ്പനിയില്‍ നിന്ന് തെളിവില്ലാതെ പലതും കടത്തിക്കൊണ്ടുപോയി പ്രജാപതി പുറത്തു വില്‍ക്കാറുണ്ട് എന്നത് ഒരു പരസ്യമായ രഹസ്യമാണ് .
''ഞാന്‍ എന്തിനാണ് മോഷ്ടിക്കുന്നത് എന്നറിയാമോ?''
''ഇല്ല''
'' എന്‍റെ കൂടെ വന്നവരൊക്കെ ജനറല്‍ മാനേജരായി ..അവരൊക്കെ പട്ടേല്‍ ..ഞാന്‍ വെറും പ്രജാപതി ''
''അതിനു മോഷ്ടിക്കണോ" റാണെ ചോദിച്ചു പോയി .
''ചിലപ്പോള്‍ വേണ്ടി വരും ..വല്ല്യോര്‍ ഗാന്ധിയെ പൊക്കുമ്പോള്‍ നമ്മള്‍ ചില പാക്കറ്റുകള്‍ അമക്കുന്നു..കണ്ടിട്ടുമില്ല..പോയിട്ടുമില്ല.''
തുടര്‍ന്ന് പ്രജാപതി പറഞ്ഞതിന്റെ ചുരുക്കം ഇതാണ് . തനിക്കു വേണ്ടി ചില പാക്കറ്റുകള്‍ പുറത്തേക്കു പോകുന്ന വണ്ടിയില്‍ ചുമന്നിടുക . ആര് ചോദിച്ചാലും മാനേജര്‍ പറഞ്ഞെന്നു പറഞ്ഞേക്കുക .സമയവും സന്ദര്‍ഭവും ഒന്നും ഓര്‍ത്തു വെക്കരുത് . ചങ്ങലയിലെ എല്ലാ കണ്ണികളും ഒത്തു വരുന്ന അപൂര്‍വ്വം ദിവസങ്ങളിലാണ് ഈ ഡ്യൂട്ടി .
പിന്നീടറിഞ്ഞു ചങ്ങലയിലെ കൊളുത്ത് മോത്തി പട്ടേലാണ് എന്ന് .
പലപ്പോഴും കുഴപ്പങ്ങളുണ്ടാക്കി പുലിവാല് പിടിക്കുമ്പോള്‍ മോത്തിയുടെ മൊബൈല്‍ നമ്പര്‍ തന്‍റെ രക്ഷയ്ക്കെത്തി . ശമ്പളം  തുടങ്ങിയിടത്തു തന്നെ നിന്നപ്പോഴാണ് ഒരു ദിവസം സമരം ചെയ്യാന്‍ തോന്നിയത് . അറിഞ്ഞപ്പോള്‍ മോത്തി വിളിപ്പിച്ചു .
''വെറുതെ പോരാ ,പത്രക്കാര്‍ എഴുതണം , പാല്‍ ഒഴുക്കിയാല്‍ അവരു വരില്ല ...ചോരയൊഴുകണം ..ബേട്ടാ ..''


 ആദ്യം H .R .മാനേജരെ തല്ലിയതിനാണ് താന്‍ സസ്പെന്‍ഷനില്‍ ആയത് . അതൊരു കൂട്ടായ തീരുമാനം ആയിരുന്നു . ആദ്യം തന്നെ അയാളുടെ മുറിക്കു മുന്നില്‍ പോയി  നിന്നു താനും അമീനും ഉച്ചത്തില്‍ പറയുകയും ചെയ്തതാണ് .
'' മനീഷ് സാഹിബ് , പറഞ്ഞ തീയതി നിങ്ങള്‍ തെറ്റിച്ചു . പത്തു ദിവസം കൂടി നിങ്ങള്ക്ക് തരാം ,പിന്നെയും നിങ്ങള്‍ വാക്ക് പാലിക്കുന്നില്ലെങ്കില്‍ ആ ദിവസം നിങ്ങള്‍ക്ക് കാല്‍ നഷ്ടപ്പെടും ''
ചായ കൊണ്ടു വരികയായിരുന്ന റബാരി പയ്യന്‍ അത് കേട്ട് വാതില്‍ക്കല്‍ തരിച്ചു നിന്നു . അവന്‍റെ  ട്രേയില്‍ നിന്ന് ചൂടു ചായ കടന്നെടുത്ത് താനും അമീനും പങ്കിട്ടു. അതോടെ അതുവരെ കീഴോട്ടു കുനിഞ്ഞിരുന്നു ജോലി ചെയ്ത ഓഫീസ് ഒന്നടങ്കം തങ്ങളെ നോക്കി .
മാനേജര്‍ വാക്ക് പാലിച്ചില്ല . പത്താം ദിവസം അയാള്‍ ഗേറ്റില്‍ നില്‍ക്കുന്ന അംഗരക്ഷകരുടെ സല്യൂട്ട്  സ്വീകരിച്ചു വെളിയിലേക്ക് നടന്നു വന്നു . പതിവായി കാറില്‍ മാത്രം പുറത്തിറങ്ങുന്ന ആളാണ്‌ . അപ്പോള്‍ പുറത്തേക്കു വന്നതു വെല്ലുവിളിയായി തോന്നി . അമീനെ പോലും വിളിച്ചില്ല . സമര പന്തലിന്‍റെ  ടാര്‍പ്പാളിന്‍ വലിച്ചു കെട്ടിയിരുന്ന  കമ്പി വടി വലിച്ചൂരി പാന്റിനടിയില്‍ താഴ്ത്തി താനും നടക്കാനിറങ്ങി .
അമ്മോ..ആയ് ..ഈയ് ..എന്ന മാനേജര്ടെ കരച്ചിലു കേട്ടപ്പോഴാണ് എല്ലാരും ശ്രദ്ധിച്ചത് . അപ്പോഴേക്കും അയാള്‍ ഒടിഞ്ഞ വലതുകാലും വലിച്ചു കൊണ്ട് ഏതോ കട മുറിയിലേക്ക് ആഞ്ഞാഞ്ഞിഴഞ്ഞു . ഒരു മനുഷ്യന്‍ അത്രയും വേഗത്തില്‍ ഇഴയുന്നത്‌ നഗരം കണ്ടത് ആദ്യമായിരിക്കും . റാണെ കമ്പി വടി കളയാതെ തിരിച്ചു നടന്നു . പന്തലിലേക്ക് പോയില്ല . റാണെ  നിന്നയിടം പന്തലായി . പോലീസ് വണ്ടി അവിടെയെത്തി . വെളിപാട് കഴിഞ്ഞ വെളിച്ചപ്പാടിനെ പോലെ തളര്‍ന്നു നില്ക്കുകയായിരുന്നു റാണ .
അയാള്‍ക്ക് എവിടെയെങ്കിലും ഒന്നു ഇരുന്നാല്‍ കൊള്ളാമെന്നുണ്ടായിരുന്നു . പോലീസ് ജീപ്പില്‍ കയറിയിരുന്നപ്പോള്‍ നെറികെട്ട ഒരാശ്വാസം അയാളെ പൊതിഞ്ഞു .
തല്ലിയ ചില പോലീസുകാരെ അയാളും തല്ലി . ലോക്കപ്പ് റൂം ചോര കൊണ്ടു നിറഞ്ഞു .ചോര കാണാന്‍ ഇരുട്ടില്‍ ചില മൊബൈല്‍ ഫോണുകള്‍ കണ്ണു തുറന്നു .കാതടപ്പിക്കുന്ന തെറിയില്‍ അവ ഒന്നിച്ചു കണ്ണടച്ചു .മുന്‍ നിരയിലെ പല്ലുകള്‍ക്ക്‌ കേടുപാടില്ലെന്നു ബോധം പോകുന്നതിനു മുന്‍പ് റാണ ഉറപ്പു വരുത്തി.അതിന്‍റെ ആശ്വാസത്തിലാവും പിറ്റേ ദിവസം ഉച്ചവരെ അയാള്‍ തറയില്‍ ചുരുണ്ട് കൂടി കിടന്നത് . രാവിലെ ആരോ നീട്ടിവെച്ച ചായ തണുത്ത് ഉറുമ്പരിക്കാന്‍ തുടങ്ങിയിരുന്നു .
''ആരും വന്നില്ലേ?'' അയാള്‍ ഉറക്കെ ചോദിച്ചത് കൂട്ടം കൂടിയിരുന്ന മൂന്നു പോലീസുകാര്‍ കേട്ടതായി ഭാവിച്ചില്ല .
'' ഡാ....****  നിനക്ക് ചെവി കേള്‍ക്കില്ലേ..''?
കൂട്ടത്തില്‍ മൈലാഞ്ചി പൂശിയ മുടിയും താടിയുമുള്ള ഒരു പോലീസുകാരനെ റാണ തെറി വിളിച്ചു .
മേശപ്പുറത്തു ണ്ടായിരുന്ന  ഒരു കൂജ വെള്ളം റാണയെ കുളിപ്പിച്ചു .
തറ തുടച്ചു കഴുകിയ വെള്ളം തൂപ്പുകാരി പുറത്തേക്കു കൊണ്ടു പോകുന്നത് റാണ കണ്ടു . താന്‍ കിടന്നിരുന്ന തറ അവര്‍ വൃത്തിയാക്കിയിരിക്കുന്നു! എപ്പോള്‍ ? . ചുവന്നു കറുത്ത വെള്ളം അവര്‍ അകലെ കാറ്റാടി മരത്തിനു താഴെ ഒഴിക്കുന്നതു കണ്ടപ്പോള്‍ ദേഹത്തിന്റെ പല ഭാഗവും വേദനിച്ചു അടര്‍ന്നു പോകാന്‍ തുടങ്ങി .
പ്രജാപതിയും മോത്തിയും കദമും കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറായി തന്നെ മറന്നിരിക്കുകയാണോ ?..സാഹചര്യം ശാന്തമാകാന്‍ കാത്തിരിക്കുകയാകും . അങ്ങനെ ആലോചിച്ചപ്പോള്‍ വല്ലാത്ത ആശ്വാസം തോന്നി തുടങ്ങി. ഇറങ്ങിയിട്ട് മോത്തിയുടെ ഫാം ഹൌസില്‍ പോയി ആട്ടിന്‍ സൂപ്പ് മാത്രം കുടിച്ചു ഒരാഴ്ച സുഖവസിക്കണം !!
അങ്ങനെ ആലോചിച്ചിരിക്കുമ്പോള്‍ ഇന്‍സ്പെക്ടറും മറ്റു ചില പൊലീസുകാരും വന്നു കയറി .മൈലാഞ്ചി പോലീസ് കൂജ വീണ്ടും നിറച്ചു ഇന്‍സ്പെക്ടര്‍ ക്ക് വെള്ളം പകര്‍ന്നു കൊടുത്തു .
'' ഒട്ടും തണുപ്പില്ലല്ലോ ഷെയ്ക്ക് ''
'' ആ റാണെ' സാര്‍' രാവിലെ തൊട്ട് ഒരു കൂജ വെള്ളം കുടിച്ചു സാഹിബ് '' ഷെയ്ക്ക് പറയുന്നത് കേട്ട്
എല്ലാവരും ഉച്ചത്തില്‍ ചിരിച്ചു .
''വെറും  വെള്ളമോ ..വല്ലതും കഴിക്കാന്‍ ചോദിച്ചില്ലേ? ''
'' തൂപ്പുകാരി ബായി  കൊണ്ടു കൊടുത്ത റൊട്ടി കഴിക്കാതെ ഉറുമ്പരിച്ചപ്പോള്‍ അവര് തന്നെ എടുത്തു കൊണ്ട് പോയി കളയുകയായിരുന്നു .''
അവര്‍ എഴുതി വെച്ച എഫ്.ഐ .ആറിന്‍റെ സാദ്ധ്യതകള്‍ ഓര്‍ത്തു റാണെ  നൂറു ജീവപര്യന്തം സ്വപ്നം കണ്ടു . ആകാശത്തു കരിമേഘങ്ങള്‍ കട്ടപിടിച്ചു . നിലത്തെ വെള്ളം അപ്പോള്‍ ഐസായി രൂപാന്തരപ്പെട്ടു തന്നെ തണുപ്പിച്ചു കൊന്നു കളഞ്ഞെക്കുമെന്നു അയാള്‍ക്ക്‌ തോന്നി.
ഉച്ചകഴിഞ്ഞ് വിലങ്ങിട്ട കൈയ്യുകളോടെ ജീപ്പിലേക്കു കയറ്റുമ്പോള്‍ ഉള്ളം കത്തുന്ന വിശപ്പും ദേഹവേദന യും കൊണ്ട് അയാള്‍ക്ക് താന്‍ ഇല്ലതാകുന്നതുപോലെ അനുഭവപ്പെട്ടു . ലാല്‍ബാഗിലൂടെ യുള്ള കുറുക്കു വഴിയിലൂടെ പോലീസ് വണ്ടി ഓടുമ്പോള്‍ രണെ യ്ക്ക് മനസ്സിലായി ..കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുകയാണ് ..ദൈവമേ ജാമ്യം കിട്ടിയില്ലെങ്കില്‍ !! ബാക്കി ആലോചിക്കാന്‍ മനക്കട്ടിയില്ലായിരുന്നു . കുറുക്കു വഴി പോകുകയായിരുന്നിട്ടു കൂടി വണ്ടി ബ്ലോക്കില്‍ പെട്ടു . വണ്ടികള്‍ക്കിടയിലൂടെ മോര് വിറ്റുനടന്ന ഒരു പയ്യന്‍ അടുത്തെത്തിയപ്പോള്‍ താനൊഴികെയെല്ലാവരും അത് വാങ്ങിക്കുടിച്ചു . അപ്പോള്‍ പോലീസുകാരുടെ കണ്ണുകള്‍ രാണെയെ അദൃശ്യനാക്കി . പയ്യന്‍ കൌതുകത്തോടെ ചെറിയ ഭയത്തോടെ തന്നെ നോക്കി . താന്‍ കണ്ണുകൊണ്ട് ആവശ്യപ്പെട്ടത് കാണാത്ത മട്ടില്‍ പൈസ വാങ്ങി അവന്‍ ഓടിപ്പോയി .
 ലാല്‍ബാഗില്‍ നിന്ന് പാരിജാതത്തിന്റെ മണം നിറഞ്ഞ ചെറിയ കാറ്റടിച്ചു . സ്കൂട്ടരുകാര്‍ക്ക് മുകളില്‍ പഴുത്ത വേപ്പിലകള്‍ പഞ്ഞി പോലെ പൊഴിഞ്ഞു .നിറം കെട്ട ഒരു പശു ഒരു ബന്ധനവുമില്ലാതെ പലരെയും ചാരി രാജകീയമായി നടന്നു പോയി.
കടം കൊണ്ട നിറം പിടിപ്പിച്ച പള പള പ്പന്‍ കുപ്പായവും കര്‍പ്പൂരത്തിന്റെ ഗന്ധവും പാല്‍ക്കട്ടി മണക്കുന്ന പരിഭവങ്ങള്‍ക്കൊടുവില്‍ തോറ്റു നെഞ്ചോടമരുന്ന മാര്‍ദ്ദവങ്ങളും കണ്ണീരിന്‍റെ ഉപ്പും വിശപ്പു മറന്നുപോകുന്ന സീല്‍ക്കാരങ്ങളും ....പൂക്കളുടെ ചിരി റാണയെ വീര്‍പ്പുമുട്ടിച്ചു ..വീടില്ലാത്ത വരുടെ , വീട്ടില്‍ ഇടമില്ലാത്ത വരുടെ പകല്‍ സ്വര്‍ഗ്ഗം...പിന്നിട്ടോടുന്ന ചിത്രങ്ങള്‍

ഒരു കൊടുംകാറ്റും മഴയുമാണ് തനിക്കിപ്പോള്‍ ആവശ്യം . വിലങ്ങു തന്‍റെ സര്‍വ്വാന്ഗങ്ങളെ ബന്ദിക്കുന്ന കെട്ടു ചങ്ങലയായി വളരുകയാണ് .

ലാല്‍ബാഗും  ഫയര്‍ സ്റ്റെഷനും ..കടന്നു പാലസിന്‍റെ മുന്നിലൂടെ വണ്ടി ഓടിക്കൊണ്ടിരുന്നു . പഴയൊരു ചിത്രകാരന്‍ താമസിച്ച രാജ കൊട്ടാരം ഗവന്മെന്റ് അതെ പടി പരിരക്ഷിച്ചിരിക്കുകയാണ് . വഴിയില്‍ രണ്ടു വശവും പേരാലുകളും മുളം ചെടികളുമാണ് . നല്ല തണുപ്പ് . അതില്‍ രസിച്ചിട്ടെന്നവണ്ണം പതിയെയാണ് വണ്ടി ഓടിക്കുന്നത് . പോലീസുകാരില്‍ ഒരാള്‍ മൊബൈലില്‍ എഫ്.എം . ഓണ്‍ ചെയ്തു . രൂപാ പട്ടേല്‍ എന്ന ജോക്കി തമാശ പറഞ്ഞു ഏതോ ബാര്‍ബറെ വടിയാക്കുകയാണ് .
''താങ്കള്‍ ചെയ്യുന്ന ജോലി അമേരിക്കയില്‍  പോയി ചെയ്‌താല്‍ നല്ല പൈസ ഉണ്ടാക്കിക്കൂടെ''?
'' അമേരിക്കയില്‍ പോയി കിഴങ്ങിനു ഈച്ചയാട്ടുന്ന പട്ടേലും ഞാനും ഒരു പോലെയല്ല ബെന്‍, ഞാന്‍ എന്‍റെ നാടിനെ ഇഷ്ടപ്പെടുന്നു ''...മറുപടി പറയാതെ ജോക്കി കാള്‍ കട്ട് ചെയ്തു.എല്ലാവരും പൊട്ടിച്ചിരിച്ചു , റാണെയും ..
ചിത്രകാരന്‍റെ അവസാന ഒപ്പ് പോലെ..ഒറ്റപ്പെട്ട അവസാന പേരാലുമരവും കടന്നു വണ്ടി ന്യായ മന്ദിര്‍ എന്ന് വിളിക്കപ്പെടുന്ന കോടതിക്ക് മുന്നില്‍ എത്തി.
കച്ചവടക്കാരെ വകവെയ്ക്കാതെ അവര്‍ക്കിടയില്‍ വണ്ടി പാര്‍ക്ക് ചെയ്തു മൂന്നു പോലീസുകാര്‍ക്കിടയില്‍ റാണെ നടന്നു . പഴയ കൊട്ടാരത്തിന്റെ നീക്കിയിരുപ്പില്‍ പെട്ട കോടതി കെട്ടിടത്തിനു വിക്ടോറിയന്‍ ഛായയാണ്  .
രണ്ടു നെടുങ്കന്‍ തൂണുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മാര്‍ബിള്‍ തൃകോണം ആണ് മുഖപ്പ് . പ്രധാന വാതില്‍ വരെ വഴിവാണിഭക്കാരുടെ തിരക്കാണ് . പുകയിലയും പാന്മസാലയും ഒക്കെ മാല കോര്‍ത്തിട്ട നടവഴികള്‍ . കട്ടി കണ്ണട ധരിച്ച ഒരാള്‍ക്ക് ചുറ്റും ''കൂള്‍'' കഴിക്കാനെത്തിയവരുടെ തിരക്ക് . പൊടിപിടിച്ച തട്ടിനു താഴെ പല വലിപ്പത്തിലുള്ള മുദ്രപ്പത്രങ്ങളും റവന്യു സ്റ്റാമ്പുകളും ...റാണെയുടെ കണ്ണുകള്‍ മോത്തിയെ , കദമിനെ ഒക്കെ തിരഞ്ഞ് പോലീസുകാരില്‍ വിശ്രമിച്ചു . കുറേപ്പേര്‍ നോക്കി നില്‍ക്കുമ്പോള്‍ പോലീസുകാരില്‍ ഒരാള്‍ പോയി ഒരുപാട് ഇഞ്ചിയിട്ട ചായ വാങ്ങി വന്നു റാണെ യുടെ കൈയ്യില്‍ പിടിപ്പിച്ചു . ലജ്ജ കൊണ്ട് തല മൂടിയെങ്കിലും ചത്തുപോയ വിശപ്പിനു അന്ത്യക്രിയ ചെയ്യുവാന്‍ അയാള്‍ക്കത് അത്യാവശ്യമായിരുന്നു . ഇരുട്ടു വീണ ഓട്ടകളി ല്‍ നിന്നു പുറത്തേക്ക് വന്ന പൂച്ചകളെപ്പോലെ വേദന ഇറങ്ങി വന്നു. ചെവിയില്‍ നിന്ന് തലയിലേക്ക് കഴിഞ്ഞ രാത്രി ആളൊഴിഞ്ഞ ഒരു തെരുവ് രൂപപ്പെട്ടിട്ടുണ്ട് ..ഇടവിട്ടടിക്കുന്ന മഞ്ഞു കാറ്റു പോലെ ഇഴഞ്ഞും ഓടിയും ചെവി വേദനിയ്ക്കുന്നു അല്ല..തല..തെറ്റി ..ചെവിയാണ് ..ഹോ !
റാണ യെ അത്ഭുത പ്പെടുത്തിയത്  കോടതിയില്‍ ഹാജരായ വക്കീലാണ് . മോത്തി അയച്ചതാകണം .
മറ്റേതോ കേസ് കേള്‍ക്കാനുള്ള ധൃതിയോ , നാലുമണിക്ക് ചായ കുടിക്കാനുള്ള ആവേശമോ, രാഷ്ട്രീയ പ്രേരിതമായ കുറ്റാരോപണം തന്‍റെ കക്ഷിക്കു മേല്‍ കെട്ടിവെക്കരുതെന്ന വക്കീലിന്‍റെ അപേക്ഷ ഒരു കോട്ടുവായോടു കൂടി ഉള്‍ക്കൊണ്ട്  ജഡ്ജി ഇരുന്നു .പോലീസുകാര്‍ ''ഇല്ല'' ''ഇല്ല'' ''ഇല്ല'' എന്ന് മാത്രം ഉത്തരം പറയുന്നു  . ഇനിയെപ്പോഴാണ്‌ ഇവര്‍ തിരിച്ചു പറയുക ? റാണ ആലോചിച്ചു .ഉള്ളില്‍ കുറെ ദൈവങ്ങളുടെ പേരുണ്ടായിരുന്നു ,എല്ലാവരെയും വിളിച്ചു പ്രാര്‍ത്ഥിച്ചു . മോത്തിയേയും വിളിച്ചുവെന്നു തോന്നുന്നു .
പോലീസുകാര്‍ നീട്ടിയ കുറേ പേപ്പറുകളില്‍ ഒപ്പിട്ടു വക്കീലിന്‍റെ വിയര്‍പ്പു നാറുന്ന കോട്ടിന്റെ തൊട്ടടുത്ത്‌ കൂടി വേച്ചു പോകല്‍ പുറത്തു കാട്ടാതെ നടന്നുപോകുമ്പോള്‍ , നഷ്ടപ്പെട്ട പട്ടിയുടെ ഉടമയുടെ മുഖഭാവത്തോടെ വിലങ്ങു തൂക്കിപ്പിടിച്ചു പോകുന്ന പോലീസുകാരെ നോക്കാന്‍ റാണ യ്ക്കു  ഭയമായിരുന്നു.
അങ്ങനെ ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്ക് മറ്റൊരു മുതല്‍ക്കൂട്ടായി റാണെ യുടെ കേസ്‌ ഉറക്കം തുടങ്ങി. കോട്ടുവായില്ലാത്ത സുന്ദരമായ ഉറക്കം !.
തിരിച്ചെത്തിയ റാണയെ സ്വീകരിക്കാന്‍ കമ്പനിപ്പടിയില്‍ ഒരു മനുഷ്യരും ഉണ്ടായിരുന്നില്ല. പച്ചയിട്ട പഴയൊരു പട്ടാളക്കാരന്‍ ഗാര്‍ഡ് പട്ടിയെ നോക്കുന്നത് പോലൊന്ന് നോക്കി .അത്ര മാത്രം.
നീണ്ട സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞു തിരിചെത്തുമ്പോ ഴേക്കും അയാളില്‍ പുതിയ നാഡികള്‍ രൂപപ്പെട്ടിരുന്നു . അത് ചൂടിനോട്‌ തണുപ്പിനോടെന്നപോലെയും , തല തിരിച്ചും പ്രതികരിച്ചു.
സുഹൃത്തുക്കളെ കാണുമ്പോള്‍ ഭയന്നിട്ടെന്നപോലൊരു പരിഭ്രമവും , നടപ്പില്‍ വൃത്തികെട്ടൊരു വേഗവും അയാളെ പിന്തുടര്‍ന്നു .
താനൊഴിച്ചു സമരം ചെയ്ത മുഴുവന്പേര്‍ക്കും ശമ്പളം കൂടിയെന്ന് കേട്ടു . പ്രത്യേകിച്ചൊരു മാറ്റവും റാണ യില്‍ കണ്ടില്ല . പക്ഷേ മറ്റു പലതും റാണ കണ്ടു .
അത് ഹോളി ദിവസമായിരുന്നു .
 ചെയര്‍മാനായി വളര്‍ന്ന മോത്തി കുതിരപ്പുറത്തു കയറിയിരുന്നു .ജനം ആര്‍ത്തു വിളിച്ചു , മിട്ടായികള്‍ വാരിയെറിഞ്ഞു വന്ന യാത്ര കമ്പനിപ്പടി കടന്നു . ജനം ഉച്ചത്തില്‍ കൂവി..മോത്തി .കി .ജയ്‌ .
പിന്നില്‍ നിന്ന് കദം വന്നു,അയാളുടെ കയ്യില്‍ ഒരു ചാവാലി തോക്കുണ്ടായിരുന്നു . ആള്‍ക്കൂട്ടത്തിനിടയില്‍ എത്തിക്കുത്തി നിന്ന് അയാള്‍ അത് മോത്തിക്ക് കൊടുത്തു.ജനം അലറി ,നിറക്കൂട്ടുകള്‍ പറന്നു.വലിയ ഹോസുകളില്‍ വെള്ളം ചീറ്റിച്ചു എല്ലാരും നനഞ്ഞു. മോത്തി ആകാശത്തേക്ക് തോക്കുയര്‍ത്തി രണ്ടു വെടി വെച്ചു . മൂന്നാമത് വെടിവെക്കാന്‍ നോക്കിയെങ്കിലും തോക്ക് പിണങ്ങി. അയാള്‍ അത് ശരിയാക്കാന്‍ ശ്രമിച്ചു. അപോഴെക്കും ഗേറ്റു കടന്നു പോലീസെത്തി. ഇഞ്ചി തിന്ന മുഖവുമായി മോത്തി കദമിനെ തിരഞ്ഞു . പോലീസുകാരന്‍ മുന്നിലെത്തിയപ്പോള്‍ സമചിത്തത വീണ്ടെടുത്ത്‌ മോത്തി ചിരിച്ചു.ജനക്കൂട്ടം ശാന്തമായി.ചിലരൊക്കെ വേഗം സ്ഥലം വിട്ടു. പോലീസുകാരന്‍ അയാള്‍ക്ക്‌ ഹസ്തദാനം നടത്തി. പിന്നെ വിരലടയാളം മായാതെ ചാവാലി തോക്ക് വലിയൊരു ടവ്വലി ല്‍ പൊതിഞ്ഞെടുത്ത് മോത്തിയെ പിന്നിലിരുത്തി പോലീസ് ജീപ്പ് ഓടിച്ചു പോയി.
പകല്‍ മുഴുവന്‍ ടി.വി.യില്‍ മോത്തിയും ഹസ്തദാനം ചെയ്യുന്ന പോലീസുകാരനും നിറഞ്ഞു നിന്നു .
''അധാര്‍മ്മികം'' പ്രതിപക്ഷം പുച്ഛി ച്ചു .
'' സ്റ്റ്രറ്റെജിക് ഡിപ്ലോമസി ..ഇല്ലെങ്കില്‍ അയാള്‍ കീഴടങ്ങുമായിരുന്നോ ..'' സ്ക്രീനില്‍ ഒരു പോലീസ് ഓഫീസര്‍ ചീറി .
മണിക്കൂറുകള്‍  കഴിഞ്ഞു രാവിലെ പത്രം വന്നു . ലോക്കപ്പില്‍ കിടന്നു പത്രം വായിച്ചപ്പോള്‍ ഞെട്ടിയത് മോത്തിയാണ് .
''ഇറ്റാലിയന്‍ നിര്‍മ്മിതമായ തോക്കുമായി ,ലൈസന്‍സില്ലാതെ വെടിവെച്ചു രസിച്ച ചെയര്‍മാന്‍ പിടിയില്‍'' പളപള മിന്നുന്നൊരു ഇറ്റാലിയന്‍ റൈഫിളിന്റെ പൂര്‍ണ്ണകായ ചിത്രം..

താഴെ കദം ഏതോ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന വലിയ പടവും,
ടി.വി.ക്കാര്‍ക്ക് വേറേതോ വാര്‍ത്ത കിട്ടിക്കാണണം അവര്‍ അനങ്ങിയില്ല !

അന്നത്തെ പത്രം വായിച്ചു റാണെ കുറെ നേരം ഇരുന്നു.വളരെക്കാലം മറന്നുപോയൊരു ചിരി . ചെവിയില്‍ നിന്ന് തലയിലേക്ക് രൂപപ്പെട്ട ഇടക്കാല റോഡിലപ്പോള്‍ ..ഒരുകൂട്ടം എലികള്‍..പിന്നാലെ കുറെ പൂച്ചകള്‍..അവരങ്ങനെ ടോം ആന്‍ഡ്‌ ജെറി കളിച്ചു കൊണ്ടേയിരുന്നു.
രണ്ടു വര്‍ഷം  കഴിഞ്ഞിരിക്കുന്നു .

ഇപ്പോഴിതാ അവരെല്ലാം വീണ്ടും ഒത്തുകൂടിയിരിക്കുന്നു . ഒരാളുടെ കുറവുണ്ട് ....ആരാണയാള്‍ ?
 റാണ അരക്കെട്ടില്‍ തപ്പി എന്തോ ഉറപ്പു വരുത്തി . പിന്നില്‍ ഒരു മഞ്ഞു മഴയിലെന്നവണ്ണം കയ്യില്‍ ഗ്ലാസ്സുകളുമായി ...അവര്‍ മൂന്നുപേര്‍..അവര്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു .വാക്കുകള്‍ ശവം ദഹിപ്പിക്കുന്ന ഗന്ധം പുറപ്പെടുവിച്ചു തുടങ്ങിയിരുന്നു .............










No comments: