Wednesday, July 4, 2012

മരം പെയ്യുന്നു...

          ഇടവപ്പാതി തകര്‍ത്തു  പെയ്ത നദീ തീരം ..മഹായാനങ്ങള്‍ക്ക്  പിന്നാലെ വരുന്ന കുരുത്തോല കെട്ടിയ ചെറുകയ്യുകള്‍ , ശരണം വിളികള്‍ ...അഷ്ടഗവ്യം നിറച്ച  ഓട്ടു പാത്രങ്ങള്‍...ഇടമുറിയാത്ത  യാത്രകളുടെ കഥ പറയുന്ന പച്ച വഴിത്താരകള്‍..
ഐതിഹ്യം ചമച്ച മഹാ ക്ഷേത്രങ്ങള്‍ ..ചരിത്ര വാഹിയായ പള്ളികള്‍...  ഉത്ഭവം മറന്നു ഒരു നീരുറവ നദിയായി നിറയുന്ന ഇടപ്രദേശം ..
മലമടക്കുകള്‍ക്ക് താഴെ ..
രാവിലെ നല്ല മഴയായിരുന്നു.. ഇപ്പോള്‍  ...മരം പെയ്യുന്നു ..കുളിരില്‍ തിണര്‍ത്തു പൊന്തുന്ന യൌവ്വനം..അവള്‍..നടന്നു ..എഴുന്നേറ്റു കണ്ണ്‍ തുറന്ന പടി വീട്ടില്‍ നിന്ന് ചാടിയതാണ് .
മരങ്ങളും പച്ചനിറമുള്ള പാമ്പുകളും ...ചാവുനിറം  വീണ  കറുത്ത ഇലകളും ...ഇരുട്ടിന്റെ  സ്വേദം പോലെ തണുത്ത ..ചുവന്ന ..ചെളി ..ഇടയ്ക്കിടെ അവള്‍ കാലുകള്‍ ആഞ്ഞു കുടഞ്ഞു ..രക്തം കുടിച്ചു കറുത്ത അട്ടകളില്‍ കരുത്തു കുറഞ്ഞവ  ദൂരേയ്ക്ക് തെറിച്ചു ..അവ പുരുഷ ജന്മങ്ങള്‍ ആയിരിക്കും ..ഇടയ്ക്കെപ്പോഴും പ്രതീക്ഷിക്കാവുന്ന സഹ്യപുത്രനും അവളെ ഭയപ്പെടുത്തുന്നില്ല .. ..ആലോസരത്തിന്റെ  നേരിയ കാറ്റോ ചിന്നംവിളിയോ ..ഒന്നുമില്ല..മഴപെയ്തു തീര്‍ന്ന ഒരു മേയ്മാസപ്പുലരി !!

മൂടല്‍മഞ്ഞിന്റെ  നേര്‍ത്ത തട്ടമിട്ടു  പുഴ ..ഒരു ഭയം ..അവള്‍ ആ നോട്ടത്തില്‍ വായിച്ചു . പിന്നെ  രണ്ടു പെണ്ണുങ്ങള്‍ക്ക്‌ മാത്രം പിടികിട്ടുന്ന ഭാഷയില്‍ എന്തൊക്കെയോ ..പുഴ  അടിപ്പാവടക്കെട്ടു താഴ്ത്തി പുതിയ തുന്നലുകള്‍ ..കീറലുകള്‍ കാണിച്ചു  ..അവള്‍ക്കു കരച്ചില്‍ വന്നു ..പാരിജാതത്തിന്റെ കൊമ്പില്‍  നിന്ന് മണക്കുന്ന രണ്ടു മഞ്ഞപ്പൂവുകള്‍ കൊഴിഞ്ഞു  ..അവളുടെ മുലകളില്‍ തട്ടി .. അവ  പുഴയിലേക്ക് പതിച്ചു  .  നിര്‍ത്താതെ എന്തൊക്കെയോ പറയാനുണ്ടായിരുന്നു അവള്‍ക്ക് ...
''ഇന്ന് വരും ... ''
 തിരക്കുള്ള ഒരലക്കുകാരിയെപ്പോലെ ..പുഴ ഇടയ്ക്കിടെ  ചോദ്യങ്ങള്‍ എറിഞ്ഞു .
''ആര് ..?''
അവളും പുഴയും കണ്ണില്‍ കണ്ണില്‍ നോക്കി ..ഇരുട്ടായിരുന്നു ആഴം  .. ആകാശം താഴെ വെളുംപില്‍ കിടന്നു പുളഞ്ഞു ..മുളംകമ്പുകള്‍ കോര്‍ത്ത ഒരു കെട്ടു ഒഴുക്കില്‍ അവളെക്കടന്നു ഒഴുകിപ്പോയി ....മണല്‍ കോരി നിറഞ്ഞ രണ്ടു വള്ളങ്ങള്‍... സൂക്ഷിച്ചു നോക്കിയപ്പോള്‍ മാത്രം ..കണ്ടു.
കാട്ടു പൊന്തയില്‍ നിന്ന് ഒരു മാക്രി വെള്ളത്തിലേക്ക്‌ ..
വേണ്ടാതതെന്തോ  പുഴയിലേക്ക് നീട്ടിയെറിഞ്ഞു അവള്‍ തിരിഞ്ഞു .

 നോക്കിയത് ചെമ്പകത്തിലെക്കായിരുന്നു ..മൊത്തം പൂക്കളും തൂത്തു വാരാനായി കൊഴിച്ചിട്ടു നിന്നുറങ്ങുന്നു തടിച്ചി .മഴ അത്രയ്ക്കുണ്ടായിരുന്നു .

രാത്രി ട്രെയിനില്‍ വരുമ്പോഴും പെയ്യുകയായിരുന്നു  .

പക്ഷെ താന്‍ ഒന്നും അറിയുന്നുണ്ടായിരുന്നില്ല . അമ്മ ഫോണില്‍ വിളിച്ചു പറഞ്ഞ ..ഇന്നു വരാന്‍ പോകുന്ന ചെറുക്കന് ഒരു രൂപം ഉണ്ടാക്കാന്‍ ശ്രമിച്ചു ..ഇടയ്ക്ക് ഇന്ന് വീട്ടിലേക്കു വരുമായിരുന്നില്ലെങ്കില്‍ കയറുമായിരുന്ന ചെട്ടിനാട്‌ ഹോട്ടലിലെ ..തീ പാറുന്ന രുചികളെ ഓര്‍ത്തു ..പ്രാന്തന്‍ ചെറുക്കനെ ചീത്തവിളിച്ചു ...
വീട്ടിനടുത്ത്  വണ്ടി ഇറങ്ങുമ്പോള്‍  ഉണര്‍ന്ന  പുള്ളിക്കുയിലുകളിലോന്നു ഉച്ചത്തില്‍ കുരവയിട്ടു ..ആഞ്ഞിലി മുഴുവന്‍ ഉണര്‍ന്നു ..തുടര്‍ന്ന് മാവും പ്ലാവും ..അയലോക്കത്തെ പട്ടിക്കൂടും പശു തൊഴുത്ത് വരെ..അതൊരു ചങ്ങലയാണ് . ഗന്ധങ്ങളിലൂടെ പടര്‍ന്നു ..പടര്‍ന്ന് ..
''അന്നമ്മേ ..നീയന്താടീ  ഈ പാതിരായ്ക്ക് ''?
''കുന്തം..'' അവള്‍ ഉറക്കം ചീന്തിയിറങ്ങിയ വാര്‍മിഴികള്‍ അലമ്പി  ഒന്നു നോക്കി .
കിളികളായ  കിളികള്‍..
മരങ്ങളായ  മരങ്ങള്‍ ..
കാറ്റായ കാറ്റ് .....ഒക്കെയും ഇരുട്ടത്ത്‌ അടങ്ങി  നിന്നു ..
കിടക്കയില്‍ ചെന്നു വീഴുമ്പോള്‍ കേട്ടത് പുറത്തു കോരി ചൊരിയുന്ന മഴയുടെ തകര്‍പ്പന്‍ തായമ്പക ..മേളകാലമോ ..യാമമോ ഓര്‍ക്കാതെ ഗാഡ നിദ്രയായിരുന്നു ..
അവിടേക്ക് അവന്‍ വന്നു ..
തുണി അലര്‍ജിയായ അലവലാതി ..
രൂപഭാവമോ ..വന്ന വഴിയോ വ്യക്തമല്ല ..
നിറയെ പൂതലിച്ച ഒരു കടമ്പ് മരത്തിന്റെ താഴത്തെ കൊമ്പില്‍ പിടിച്ചു നിന്നു ..ചിരിക്കുന്നത്‌ കേള്‍ക്കാം.കുട്ടിച്ചാത്തന്റെ മട്ടുണ്ട്‌ ..
അന്നമ്മയും വിട്ടു കൊടുത്തില്ല ..വേലിക്കല്‍ കിടന്ന ഒരു നീലം മുക്കിയ ഒറ്റമുണ്ട് എറിഞ്ഞു കൊടുത്തിട്ട് ..ഉച്ചത്തില്‍ വിളിച്ചു കൂവി ..
''ഞാനൊന്നും കണ്ടിട്ടില്ലേ..കേറിവന്നോ ''...
മറുപടി ഒരു കൂകലായിരുന്നു ..കോഴിക്കൂട്ടില്‍ നിന്ന് .. പൂവങ്കോഴി നിര്‍ത്താതെ കൂവി ..
''പേടിച്ചു ..കൊച്ച്''
....ടപ് ..ടപ് ... കൈത്തണ്ടയില്‍ അമ്മ മെല്ലയടിച്ചപ്പോള്‍ ഉണര്‍ന്നതാണ് ..പിന്നെ കിടന്നില്ല. കെട്ടഴിഞ്ഞ വിറകു കൂട്ടിക്കെട്ടുംപോലെ ഉണ്ടായിരുന്നു എഴുന്നേല്‍ക്കുമ്പോള്‍ ...വിശാലമായ  ഉറക്കം ഇവിടെ ഉപേക്ഷിച്ചാണ് പലപ്പോഴും ദേശാടനം !

തിട്ട കയറി ,പടവല പന്തല്‍ നൂഴ്ന്നു , പുളിമരം തൊട്ടു തിരിച്ചുവരുമ്പോള്‍ 
ഒരു മൊന്ത  നിറയെ പതയുന്ന പാലുമായി അമ്മ വന്നു .
രാവിലെ  വെയിലുനുള്ള ഭാവം ഒന്നും കാണുന്നില്ല ..ഇപ്പോള്‍ ആറിന്റെ നെഞ്ചിലേക്ക് തുഴയെരിഞ്ഞെത്തുന്ന മണല്ക്കടതുകാരുടെ കുട്ടിതോര്‍ത്തും ..നിരാശ്രയായ ഒരു പെണ്ണിന്റെ ഒഴിയുന്ന വയറിനു ഊഴം കാത്തിരിക്കുന്ന ചാര ക്കണ്ണുകള്ഉം  ...വീണ്ടും വീണ്ടും കരണ്ട് കയറുന്ന എലിമാളം പോലെ തീരവും..

....വെളിച്ചമില്ലാതെ ഇരിക്കുന്നതാണ് നല്ലത് .!

''പാക്കറ്റ് പാല്‍ വേണ്ടാന്ന് വിചാരിച്ചു ..ഇന്നത്തേക്ക് '' അമ്മ പറഞ്ഞത് അവള്‍ കേട്ടു .

ഇനിയൊരു ചായ കൊടുക്കല്‍ സീന്‍ കൂടി അഭിനയിക്കണമല്ലോ ..! അവള്‍ക്കാകെ ഒരുമാതിരി ..

മാവിന്റെ കൈത്തണ്ടകള്‍ നിറയെ ഇത്തിളാണ് ..തായ്ത്തടിയില്‍ പച്ചപിടിച്ച കരിമ്പായലും ..മഴ കഴിയാന്‍ കാത്തു നില്‍ക്കും .. മരം പെയ്യാന്‍ ..
''ഉള്ളിലേതോ പോടുണ്ട് ''
''അമ്മയ്ക്കെങ്ങനറിയാം ?''
''ശവങ്ങള്ക്ക് മേലെയാണ് ഈ ജാതി പായല് കാണാറ് ''
ഇത്തവണ നല്ലവണ്ണം കായ്ചെന്നു കേട്ടു .

''വെട്ടാന്‍ സമയമായി കാണും ''..കേട്ടപ്പോള്‍ മരം കേറ്റക്കാരന്‍ പറഞ്ഞു . വെട്ടി അറപ്പ് തീര്‍ന്ന ഒരു കത്തി അയാളുടെ പിറകില്‍ ഒരു സാധാരണ അവയവം പോലെ പറ്റിപ്പിടിച്ചു കിടക്കുന്നുണ്ടായിരുന്നു .
''അല്ലേ പിന്നെ ഇവടത്തെ  പെങ്കൊച്ചിനു  ഇത്തവണ കെട്ടു കാണുവാരിയ്ക്കും ''

താന്‍ കേള്‍ക്കാന്‍ വേണ്ടി ഉച്ചത്തിലാണ് അയാള്‍ അന്ന് പറഞ്ഞത് . വളരെ നാളുകള്‍ ആയിട്ടില്ല .
''പോയി ..കുളിക്ക് ..പെലരാന്‍ നോക്കി നിക്കണ്ടാ  ''- അമ്മയാണ്.
ലോലോലി മരത്തിന്‍റെ  താഴെ നിന്നു മുറ്റം തൂത്തു തുടങ്ങി .മറ്റു  പലതും പോലെ ..മുറ്റവും ചെറുതാവുന്നു . ആദ്യം സംഭവിക്കുന്നത്‌ മനസ്സിലാണ്‌ . എന്റെ വേരുകള്‍  ചെറുതാവുന്നു  എന്ന സംശയം.
മനപ്പൂര്‍വം ഒഴിവാക്കുന്ന പതിവുകള്‍ .
കാത്തിരിപ്പുകള്‍ വെറുതെയെന്നു പറയാതെ പറയുന്ന മുഖങ്ങളിലൂടെ മനസ്സുപൂട്ടി ഒരു യാത്ര . തിരിച്ചുള്ള നടത്തം ഒരു ഓട്ടമാണ്..പടിവാതിലുകള്‍ ഓടി ഇറങ്ങുമ്പോഴുള്ള അനായാസ ഭാവം ..

 അന്നെന്തോ  തോന്നിയത് ഒരു സാധാരണത്വം ..അയല്‍വീട്ടിലെ  മുഖങ്ങള്‍ അപരിചിത നഗരത്തില്‍ വെച്ച് കാണുമ്പോഴുള്ള ...സുഖം ..ഓര്‍മ്മ  വന്ന പാട്ട് കാത്തിരിപ്പിന്‍റെ എക്കാലത്തെയും ഗീതം ..

''താമസമെന്തേ ............വരുവാന്‍ .." ചില  പാട്ടുകള്‍ വെറുതേ ഓര്‍ക്കാന്‍ നിന്നു തരില്ല .പാടിച്ചു കളയും ..അവള്‍ക്കു ചിരി  വന്നു . മുഖത്തു മഴയുടെ രണ്ടു കുഞ്ഞുമ്മകള്‍ ..

''ഇന്ന്  ഹര്‍ത്താല്‍ '' .............അച്ഛന്‍ ഉറക്കെ വായിക്കുന്ന വാര്‍ത്തയില്‍ ..മുറ്റമടി ..ഒട്ടു നേരം  നിന്നു . അല്ലങ്കിലും ഇതു നേരത്തേ തോന്നിയിരുന്നു .  പരീക്ഷയുടെ തലേന്ന് തലവേദന വരിക ..കല്യാണസദ്യ ഉണ്ടുകൊണ്ടിരിക്കുമ്പോള്‍ മനം പിരട്ടുക ...ക്യുവില്‍ നിന്നു ഊഴമാകുമ്പോള്‍ കൌണ്ടര്‍ താനേ അടഞ്ഞു ബോര്‍ഡ്‌ തൂങ്ങും ..''മുടക്കം-നാളെ വരിക ''

ഇന്നലെ  തന്നെ  വിവരം ചോര്‍ന്നിരിക്കുന്നു! . ഇതു മുടക്കാന്‍ ഒരു സഖാവിനെ വകവരുത്താന്‍ പോലും മടിയില്ലാത്തവരുടെ ലോകമാണ് .. !!

യുക്തിയില്ലാതെ താന്‍ എന്തൊക്കെ ആലോചിച്ചു കൂട്ടി എന്നോര്‍ത്തപ്പോള്‍ അവള്‍ക്കു കുറ്റബോധം ഒന്നും തോന്നിയില്ല. ചൂല്‌ വേലിയില്‍ ചാരി വച്ച് ചെമ്പരത്തിയുടെ ഒരു തളിരെടുത്ത് നുളളി നുള്ളി അങ്ങനെ നില്‍ക്കുമ്പോള്‍ അമ്മ നീട്ടിപ്പിടിച്ച മൊബൈല്‍ ഫോണുമായി മുറ്റത്തേക്കിറങ്ങി വന്നു .
''പറഞ്ഞപടി ..ആള്‍ എത്തുന്നുണ്ട് ..ഹര്‍ത്താല്‍ പുള്ളി അറിഞ്ഞത് പാതിവഴിയില്‍ എവിടെയോ വെച്ചാണ്...ചെന്നിത്തല കഴിഞ്ഞൂന്ന് ഇപ്പൊ ''

രാവിലെ പെയ്ത മഴയുടെ തെളിവുകള്‍ പഴുതില്ലാതെ മായ്ച്ചു പത്തു മണിയിലേക്ക് നേരിട്ടുദിച്ചു സൂര്യന്‍ ..ഒരു മാന്ത്രികന്റെ മായാവടി വീശലില്‍ മുറ്റത്തെ ചപ്പുചവറുകള്‍ പൂത്ത മുല്ലയും പൂക്കാത്ത റോസും..കായ്കെട്ടി കട്ടയില്‍ തെരുപ്പിടിച്ചു വളരുന്ന വള്ളികള്‍ നാട്ടു മുന്തിരിയുമായി ..
വിരുന്നിനു ഒരുങ്ങിയ മുറ്റം ..
..വീഞ്ഞിനൊരുങ്ങിയ പാത്രം..ചഷകങ്ങള്‍ !!
ഇനി കന്യക മാത്രം ...
ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലൂടെ വെള്ളിക്കപ്പുകള്‍ കമിഴ്ത്തി അലങ്കരിച്ച വേലികള്‍ ..ഒരു നിഴലനക്കത്തില്‍ പലരൂപം പൂണ്ട മായാരൂപികള്‍ ..കാറ്റ്..
ഒരു കാറ്റിന്റെ ചിറകില്‍ അവന്‍ മുറ്റത്ത്‌ വന്നു .മുരടനക്കം കൊണ്ട് പലരും അവളെ ഓര്‍മ്മിപ്പിച്ചു ..
അവള്‍ മാത്രം പിടിവിട്ട ചിന്തകളുമായി മുറിയില്‍ നിന്നു മുറിയിലേക്ക്‌ പറന്നു ..ഒഴുകി ..
കാറ്റില്‍ പറക്കുന്ന കര്‍ട്ടനിടയിലൂടെ ചിലതൊക്കെ കാതിലെത്തി .
തനിച്ചാണ് വരവ് .
ഈ വഴി ആദ്യമാണ് ,
അച്ഛന്റെ  ഉച്ചത്തില്‍ ഉള്ള ചിരിയിലും മറുപടിയിലും ചിലതൊക്കെ..പെരുമഴയ്ക്കുള്ള ലക്ഷണം ഇല്ല , കാറ്റ് അനുകൂലമാണെന്നും ...പഴയ പള്ളിയോടം  പുതുക്കി പ്പണിഞ്ഞു നീറ്റില്‍  ഇറക്കേണ്ടി വരുമെന്നും..
ഹഹഹ...(രാഷ്ട്രീയം))
ഹിഹിഹി (വീരകഥകള്‍))
..........................(കുടുംബകാര്യം..)

ആദ്യമിട്ട രണ്ടു  ചായയും പാളി ! അമ്മ ചിരിച്ചു . പിന്നെ അമ്മ തന്നെ ഉത്തരവാദിത്തം എടുത്തു.

ഇന്റര്‍വ്യൂ ..
 വലിയ പാടില്ലാത്ത ചോദ്യങ്ങള്‍
മനപ്പൂര്‍വ്വം  ..?
ഉള്ളില്‍ കരുതിയിരുന്ന കനപ്പെട്ട  ചില ചോദ്യങ്ങള്‍ വഴിയിലെവിടെയോ കെട്ടഴിഞ്ഞു ..കാണാതായി.

'' ഹഹഹാ ..രണ്ടു പേരും മോശമില്ല '' അച്ഛന്റെ കമന്‍റില്‍ ഭാവി  ചാത്തന്‍ ചിരിച്ചു . മുപ്പത്തിരണ്ടില്‍ ചിലതൊക്കെ ഒളിപ്പിച്ചു ..

അവള്‍ക്ക് ആശ്വാസമായി . സ്വപ്നതിലേതു പോലെയല്ലല്ലോ ..ഉടുതുണി ഉണ്ട് ..ഭാഗ്യം! പുലരിയിലെ സ്വപ്നം ഫലിക്കുമെന്നാണ് ! അനുഭവം ഉണ്ട് താനും .

'' വഴിയില്‍ ചിലയിടം ഒക്കെ കുളമാണ് ..ഹര്താലായതുകൊണ്ട് വേറെ വണ്ടിയുണ്ടായില്ല ''

''എന്തൊക്കെയാണ്  വിനോദം..?  ഐ മീന്‍ ടൈം പാസ് ?''
ചാത്തന്‍ ഇന്ഗ്ലിഷില്‍ . .. 
''തീപ്പെട്ടിപ്പടം മുതല്‍ ഹോളിവുഡ് തട്ടുപൊളിപ്പന്‍ പടം വരെ സകലതും..ഇപ്പോള്‍ സമയ ദാരിദ്ര്യം രൂക്ഷം ..തൊഴില്‍ ..വീട് ..യാത്ര '' അവള്‍ ചിരിച്ചു ..ശബ്ദം ഇല്ലായിരുന്നു ..ചാത്തന്‍ ബാക്ഗ്രൌണ്ടില്‍ ഹഹഹാ എന്ന് എക്കോ കൊടുത്തു.
''വലിയ നാണംകുണുങ്ങി ആയര്ന്നു ..ഇപ്പോഴാ വര്‍ത്തമാനം ഒക്കെ ''
അച്ഛന്‍ ഒറ്റയടിക്ക്  രണ്ടു മാര്‍ക്കിട്ടു..പത്തില്‍

''വര്‍ക്പ്ലെയ്സിലോക്കെ സ്മാരട്ടായിരിക്കും ..ഇല്ലേ?''
ചാത്തന്‍ പാസ്മാര്‍ക്കിട്ടു രക്ഷപ്പെടുത്തി .
പിന്നെ നടന്നത് ഒരു ഫുട്ബാള്‍ മാച്ചായിരുന്നു .
കളിതീരാന്‍ അഞ്ചു  മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ബ്രസീലും മലപ്പുറവും തമ്മിലുള്ള ഒരു പൊരിച്ചില്‍  . ബ്രസീലിന്റെ വല കാത്തത് കൊളംബിയയുടെ പഴയ പടക്കുതിര  ''ഹിഗ്ഗ്വിറ്റ ''
സ്കോര്‍പ്പിയോന്‍ കിക്കിലൂടെ പ്രാന്തന്മാരുടെ തലതൊട്ടപ്പനായി വാഴ്ത്തപ്പെട്ട ധിക്കാരി...ഇപ്പോള്‍  റേഷന്‍കട നടത്തുന്നു . ഇടയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തനം ഉണ്ട് താനും !
മലപ്പുറത്തിനു വേണ്ടി മിഡ് -ഫീല്‍ഡ്  കളിക്കുന്നത് ജോപോള്‍ അഞ്ചേരി. റൈറ്റ് വിംഗ് ഫോര്വാര്‍ഡില്‍ ''കാല ഹിരണ്‍ ''- വിജയന്‍ എന്ന ചാത്തന്‍

''...അവധി കഴിഞ്ഞ് പോകുമ്പോള്‍ രണ്ടുപേരും ഒരുവട്ടം കണ്ടിരിക്കുന്നത് അത്യാവശ്യമാണ്  എന്ന് തോന്നി  ''
അഞ്ചേരിയുടെ  ലോങ്ങ്‌ പാസ് സ്വീകരിച്ച  വിജയന്‍ വെട്ടിത്തിരിഞ്ഞ് ബോക്സിലേക്ക്  എത്തി .

''ശരി..എന്നിട്ട് ?.'' ഹിഗ്ഗ്വിറ്റ  ബോക്സിന് പുറത്തേക്ക്  ഓടിയിറങ്ങി ..വിജയനെ മാര്‍ക്ക് ചെയ്യാന്‍ പ്രത്യേക ശബ്ദത്തില്‍ ഒന്നു കൂവിയിട്ടു ..ഡിഫന്‍സിലേക്ക്  വലിഞ്ഞു  . തൊണ്ണൂറു  മിനിറ്റില്‍ എന്പതിയഞ്ചും  മറ്റുള്ളവരെ അടിക്കാന്‍ വിട്ട വിജയന്‍ ..അവസാന  അഞ്ചു  മിനിട്ടില്‍ ബോക്സില്‍ പറന്നു നടക്കുന്ന ഒരു ആത്മാവായി ..ആ വേഗത്തില്‍ തല തോളുമായും ..കൈകള്‍ കാലുമായും കാഴ്ചക്കാര്‍ക്ക് തെറ്റി ..ഇരുട്ടില്‍ നിന്ന് പാഞ്ഞു വരുന്ന  ഷോട്ടുകള്‍ മാത്രം തിരിച്ചറിഞ്ഞു  !
''.. കണ്ടു ..തീരുമാനം ഇതാണ്
 ..എനിക്കാളെ  ഇഷ്ടപ്പെട്ടു
..ഒരുകാര്യംമാത്രം
.. എനിക്കും മറുപടി  ഉടനെ വേണം,
 .ഏറിയാല്‍ പത്തു മിനിറ്റ് ..സമയം കുറവാണ് .'' ...തുടരെ അഞ്ചു ഷോട്ടുകള്‍ ...നാലെണ്ണം കമുകില്‍ പടുത്ത ഗോള്‍പോസ്റ്റില്‍ തട്ടി തെറിച്ചു . അഞ്ചാമത്തെ  ഷോട്ട് ..ചരിത്രത്തില്‍ ഒരിക്കല്‍ക്കൂടി ഹിഗ്ഗ്വിറ്റയെ കൈവിട്ടു കൊണ്ട് ഗോള്‍വല  ഭേദിച്ചു .
വിജയന്‍ എന്നാ ചാത്തനോപ്പം ..പുഴയ്ക്കരികില്‍ നാല് ചാല്‍ നടന്നിട്ടു വന്നു അദ്ദേഹം ഫലം പ്രഖ്യാപിച്ചു .
''എന്റെ മകള്‍ക്കും ഞങ്ങള്‍ക്കും ...''
ബാക്കിയൊന്നും ചാത്തനോ  താനോ കേട്ടില്ല ...
''അങ്ങനെയാണ്  കുക്കുടണ്ടാകൃതിയില്‍ ചെങ്ങന്നൂരമ്പലം ...''
''അങ്ങനെയാണ് ഞങ്ങളൊക്കെ  പാര്ട്ടിക്കാരായത് ...''
അവള്‍ ചാത്തനോട്  പുരാണം  പറഞ്ഞു  തുടങ്ങി.
ചാത്തനോ ....??.തട്ടാരമ്പലം..ചെട്ടികുളങ്ങര  റൂട്ടില്‍  പോലീസിനെ പേടിച്ചും പേടിക്കാതെയും തിരിച്ചു  വണ്ടിയോടിച്ചു കൊണ്ടേയിരുന്നു !!!!.












No comments: