Saturday, October 22, 2011

നായ്ക്കള്‍ ...

ഒരിക്കല്‍ ..വല്ലാതെ ദുഖിതനായി ഇരിക്കുമ്പോള്‍ അയാള്‍ ഭൂമിയിലെ മറ്റു മനുഷ്യരെക്കുറിച്ച് ഓര്‍ത്തു.
 പെട്ടന്ന് ലോകം നിശ്ശബ്ദമാക്കപ്പെട്ട ഒരു ആജ്ഞ..എവിടെ നിന്നാണത് പുറപ്പെട്ടത്‌..?
 കണ്ണ് തുറന്നു .  ഒരു പ്രകാശം പെട്ടന്ന് ഉള്ളിലെ ഇരുട്ടിനെ കുറച്ചത് പോലെ!
പിന്നീടു അതിനെപ്പറ്റിയായി ചിന്ത. മുറിക്കു വിശാലമായ ജനാലകള്‍ ഉണ്ടായിരുന്നു. പുറത്തു ചൂള മരങ്ങളുടെ  തണലും കുറെ പൂച്ചെടികളും. 
ജനാലകള്‍ കൊതുക് കടക്കാതിരിക്കാനുള്ള കമ്പി വലകള്‍ കൊണ്ട് മറച്ചിരുന്നു. പെട്ടന്ന് തോന്നിയൊരു ആവേശത്തില്‍ അയാള്‍ ഒരെണ്ണം വലിച്ചു പറിച്ചു കളഞ്ഞു. പിന്നെ വെളിയില്‍ ഇറങ്ങി അടുത്ത quartersil  ചെന്ന് ഒരു വാക്കത്തി ചോദിച്ചു. അവിടുത്തെ ചെറിയ പെന്കുട്ട്യാണ് കത്തിയുമായി വന്നത്..
'' എന്താണ് അങ്കം ?''
'' സേവനവാരം..!'' രണ്ടുപേരും ചിരിച്ചു. അവളുടെ മുടി അലസമായി നീണ്ടു കിടന്നു. അയാള്‍ തന്റെ ജനാലയ്ക്കല്‍ എത്തി  തണല്‍ അടിക്കുന്ന ചില്ലകള്‍ കുറെ മുറിച്ചു കളഞ്ഞു. ഒരാഴ്ച കഴിഞ്ഞാല്‍ വീണ്ടും മുറിക്കേണ്ടി വരും.. ഇത്ര   പാടുണ്ടാവില്ല. !!
വീണ്ടും മുറിയിലേക്ക് വരുമ്പോള്‍ മനസ്സ് പെട്ടന്ന് കൊട്ടിയടയ്ക്കുന്ന തോന്നല്‍ .. വെളിച്ചം കയറി വന്ന ജനാലയിലൂടെ ദൂരെ പുല്തകിടിയിലേക്ക് നോക്കി നിന്ന്. അവിടെ സന്തോഷം ജെനിപ്പിക്കുന്ന എന്തോ ചിലത്..
വെളിച്ചത്തില്‍ അയാളുടെ വിശ്വാസം കൂടി വന്നു. 
ഉറങ്ങുമ്പോള്‍ വെളിച്ചം കെടുതെണ്ടതില്ലന്നു തീരുമാനിച്ചത് അങ്ങനെയാണ്. ചിലപ്പോള്‍ ആശുപത്രിയില്‍ കിടക്കുന്നത് പോലെ തോന്നും. എന്നാലും ഒരു ആശ്വാസം ഒക്കെയുണ്ട്. 
മറ്റു ഫ്ലാറ്റിലെ ആള്‍ക്കാര്‍ കടന്നു പോകുമ്പോള്‍ വെളിച്ചം വീണ അയാളുടെ പുതിയ ജനാലയിലൂടെ നോക്കി. ചിലരുടെ മുഖം അയാളും . അങ്ങനെ ചില പ്രത്യേക സമയങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ സാദ്ധ്യതയുള്ള മനുഷ്യരുടെ ലിസ്റ്റ് അയാളുടെ ഉള്ളില്‍ രൂപം കൊണ്ടു.
ജോലി കൃത്യ സമയം പാലിച്ചാണ്. അതുകൊണ്ട് ഒഴിവു സമയം വേണ്ടുന്നതില്‍ അധികം. 
രാവിലെ എല്ലാ മുറികളിലും തിരക്കിന്റെ ഒരു അരങ്ങാണ്. എത്ര ഒഴിവാക്കിയാലും ഒഴിഞ്ഞ ചോറ് പാത്രം ..കുട്ടികള്‍ സ്കൂളില്‍ കൊണ്ടു പോകുന്ന തരം...താഴെ വീഴുന്ന ഒരു ശബ്ദമെങ്കിലും കേള്‍കാം.
അടുത്ത quartersile പെണ്‍കുട്ടി വളരെ സൂക്ഷിച്ചു അവളുടെ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു പിന്നെ നിയന്ത്രണം വിട്ടത് പോലെ പായുന്നതും കാണാം. 
മുറിയില്‍ ചെന്ന് കയറിയാല്‍ വിശാലമായ വെളിച്ചം. ..
ചെറിയ ഭ്രാന്ത്‌..
രോഗിയും ഡോക്ടറും ഒരാള്‍ തന്നെയായ ചെറിയൊരു ആശുപത്രി. 
ഡോക്ടര്‍ രോഗിക്ക് വേണ്ടി ചായ ഉണ്ടാക്കും .രണ്ടു മൂന്നു ചായ കപ്പുകളില്‍ നിറച്ചു വെയ്ക്കും . ഒന്ന് രോഗിയ്ക്ക്. ഒന്ന് ഡോക്ടര്‍ക്ക്‌. ഒന്ന്..
പിന്നീടുള്ള ദിവസങ്ങളില്‍  പിടികിട്ടി.. . മുറിയില്‍ വരുന്നതാണ് പ്രശ്നം.  അതിരാവിലെ കാണുന്ന തോട്ടിലെ വെള്ളം അതില്‍ വന്നു കേറുമ്പോള്‍ കല്ല്‌ വീണു കലങ്ങുന്നു. !!
പിന്നെ ജോലി കഴിഞ്ഞു ഉറക്കം വരുന്നത് വരെ നടപ്പായി പണി. അതിരാവിലെ കമ്പനിയില്‍ നിന്ന് പുറത്തു വിട്ടാല്‍ പിന്നെ നടക്കാന്‍ തുടങ്ങി. കമ്പനിയില്‍ നിന്ന് പാല്‍ വാങ്ങി നടന്നു പോകുന്നവരെ ശ്രദ്ധിച്ചാല്‍ നടത്തത്തിനു നല്ല വേഗം കിട്ടും. 
ചായ വില്‍ക്കുന്ന കടയ്ക്കു മുന്‍പില്‍ തപസ്സിരുന്നു ചായകുടിക്കാന്‍ നല്ല രസം!
പലരുടെയും രാവിലത്തെ ഭക്ഷണം അത് മാത്രമാണ്. തനിക്കു മാത്രമാണ് നേരം കൊല്ലി!
വഴിയുടെ ഇരുവശത്തും പുതിയ കെട്ടിടങ്ങള്‍ ..നാലോ അഞ്ചോ വര്ഷം പഴക്കമുള്ളത് തന്നെ പൊളിച്ചു പണിയുന്നു. .. ക്രെയിനില്‍ നില്‍ക്കുന്ന മനുഷ്യന് ഉറക്കച്ചടവ് കാണുമോ? ഈ നഗരത്തെ ഒരു പരിധിവരെ തനിച്ചു കാണുന്ന അയാള്‍ക്ക്‌ ബോറടിക്കാന്‍ വഴിയില്ല. !
പിന്നെ കാണുന്നത് മനോഹരമായ ഒരു ശവകുടീരമാണ്. പൂക്കളും മരങ്ങളും മാര്‍ബിള്‍ ഫലകവും മനസ്സിനെ വേറൊരു വഴിയിലേക്ക് തള്ളി വിടും. അനശ്വരത കിട്ടാന്‍ എത്ര പണം ചിലവാകും? വീണ്ടും വെള്ളം കലങ്ങുന്നു എന്ന് തോന്നുന്നതോടെ യാത്ര അവസാനിക്കും.
ഏതായാലും ആശുപത്രിയില്‍ നിന്ന് കൂടുതല്‍ സമയം പുറത്തിറങ്ങുക എന്നത് നല്ല കാര്യമാണ് എന്ന് അയാള്‍ക്ക്‌ ബോദ്ധ്യപ്പെട്ടു. 
ക്രമേണ..ദിവസത്തിന്റെ നല്ലൊരു ഭാഗവും നടന്നു തീര്‍ത്തു ഉറക്കത്തിലേക്കു പോകുക പതിവായി. ക്രെയിനും..ചായക്കടയിലെ പുതിയ അതിഥികളും സ്വപ്നത്തിലേക്ക് വന്നതോടെ അരൂപികള്‍ താല്‍കാലികമായി പുറത്താക്കപ്പെട്ടു.
ഫോണില്‍ അയാള്‍ വീട്ടുകാരോട് സ്നേഹത്തില്‍ സംസാരിച്ചു. കലഹിക്കുമ്പോള്‍ മറുത്തൊന്നും പറയാതെ കട്ട് ചെയ്തു. രാത്രികളില്‍ തിരിച്ചു വിളിച്ചു. മനുഷ്യര്‍ രാത്രിയില്‍ മനുഷ്യരുടെ തന്നെ അടിമയാകുന്നത് അനുഭവിച്ചു.. പകലിന്റെ ശൌര്യം അടങ്ങി സ്വച്ചരൂപരായ മനുഷ്യര്‍ രാത്രിയില്‍ ദേവതമാരാകുന്നത് ഭൂമിയിലെ സുന്ദരമായ അനുഭൂതി തന്നെ..!

കാതടപ്പിക്കുന്ന മുഴക്കങ്ങളുമായി മഴക്കാലം വന്നു. പലപ്പോഴും യാത്ര മുടങ്ങി . അയാള്‍ മുറിയില്‍ തനിച്ചായി. പത്രങ്ങളും മാസികകളും എത്ര നേരമെന്നു വച്ചാണ് വായിക്കുക. പത്ര വാര്‍ത്തകള്‍ കഥകളെക്കാള്‍ സാങ്കല്പ്പികമായാണ് എഴുതുന്നതെന്ന് തോന്നി. കഥകള്‍ വാര്തകലേക്കാള്‍ സാങ്കേതികവും..

ഒരു ദിവസം മഴയത്ത് ജോലി കഴിഞ്ഞു വരുമ്പോള്‍ പോര്‍ച്ചില്‍ ഒരു പട്ടി കിടക്കുന്നു. വിരട്ടിയപ്പോള്‍ അത് മഴയത്തേക്ക് ഓടി..കിടന്നയിടത്ത് വല്ലാത്ത ഒരു മണം..
പിന്നെ എപ്പോള്‍ പുറത്തു പോകുമ്പോഴും ..വരുമ്പോഴും പട്ടി ചാടി ഇറങ്ങും.തിരിച്ചെത്തി കിടക്കും.
കുറച്ചു ദിവസം കൊണ്ടു അതിന്റെ പേടി മാറി. ചാടി ഇറങ്ങുന്നത് ചടങ്ങായി.
മഴ കലശലായി. വെള്ളപ്പൊക്കത്തിന്റെ..മരണത്തിന്റെ..സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ വാര്‍ത്തകള്‍ പത്രത്തില്‍ വന്നു . അയാള്‍ വെളിച്ചത്തില്‍ ഉണ്ടു, ഉറങ്ങി..
പുറത്തു നായ കിടക്കുന്നയിടത്ത് വല്ലാത്ത നാറ്റവും ഈച്ച ശല്യവും..
അടുത്ത quartersile പെണ്‍കുട്ടി ഒരു രാവിലെ കാത്തു നിന്നു.
'' ആ നായ വന്നാല്‍ എറിഞ്ഞു ഓടിക്കണം...''
''ഓഹോ..ഞാന്‍ ദിവസവും ഓടിക്കാറുണ്ട്. .അത് പോവത്തില്ല.''
'' നല്ല ഏറു കൊണ്ടാല്‍ പിന്നെ വരില്ല..'' സംസാരം നീട്ടാന്‍ ശ്രമിക്കാതെ അവള്‍ അകത്തേക്ക് പോയി.
അയാള്‍ കെണി വെച്ചു. നല്ല രണ്ടു കല്ലെടുത്ത്‌ കതകിനു മറഞ്ഞിരുന്നു. മഴ ഒന്ന് ഉറച്ചപ്പോള്‍ അത് നനഞ്ഞു കയറി വന്നു. ഈച്ചകള്‍ നാലുപാടും ചിതറി...വെള്ളം ഇറ്റു വീണു പോര്‍ച്ചു നനഞ്ഞു..പിന്നെ ഒട്ടും അമാന്തിച്ചില്ല. അയാള്‍ പെട്ടന്ന് പ്രത്യക്ഷപ്പെട്ടു ഉന്നം വെച്ചു എറിഞ്ഞു..
അയാള്‍ കരുതിയത്‌ പോലെ അത് ഓടിയില്ല.! മൂന്നാല് ചുവടു ഓടിയിട്ടു..ഏറു കൊള്ളാനായി..ചരിഞ്ഞു നിന്നു..അയാള്‍ക്ക്‌ ഉന്നം പിഴച്ചില്ല. പിന്നെ ഒരാര്‍ത്തനാദം ..ഒരു കാല്‍ മാത്രം നിലത്തു നിന്നുയര്തിപ്പിടിച്ചു മോങ്ങിക്കൊണ്ട്  നായ നിന്നു....അയാള്‍ എറിഞ്ഞ കാലിന്റെ മറു വശത്ത് വായോളം വലിപ്പമുള്ള ഒരു വൃണം ആയിരുന്നു...ഒരു മനുഷ്യന് പോലും താങ്ങാന്‍ പറ്റാത്ത അത്ര.. കാല്‍.. വായുവില്‍ വിറച്ചു.. താണു..
രണ്ടാമത്തെ കല്ല്‌ അയാളുടെ കയ്യില്‍ നിന്നു താഴെ വീണു..
നായയുടെ മോങ്ങല്‍ ദൈര്‍ഘ്യം കുറഞ്ഞു വന്നു. ചെറുതായ്..ചെറുതായി..ഒരെങ്ങലടി നിര്‍ത്തിയ കുട്ടിയെപ്പോലെ..
അകത്തിരുന്നു അത് കേള്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ പെന്കുട്ട്യോട് വല്ലാത്ത ദേഷ്യം തോന്നി..പിന്നെ അത് തന്നോടായി..അത് വളര്‍ന്നു..പ്രകാശത്തിനു പോലും അടക്കാന്‍ പറ്റാതെ.
അയാള്‍ കിടക്കയില്‍ വീണു. കണ്ണുകള്‍ നനയുന്നു..ആരും കാണുന്നില്ല എന്നുറപ്പുള്ളത് കൊണ്ട് കരഞ്ഞു.
പിറ്റേ ദിവസം മുതല്‍ അയാള്‍ ഒരു തീരുമാനം എടുത്തു.
രാത്രിയില്‍ ഡയറിയില്‍ നൈറ്റ്‌ മനജര്മാര്‍ ഉണ്ടാകും. ഡോക്ടര്‍: ബന്വാടിയ  വരുന്ന ദിവസം അയാള്‍ മനസ്സിലാക്കി.
അയാളുടെ ആവശ്യം കേട്ടപ്പോള്‍ ബന്വാടിയ തലയാട്ടി. കൂടുതല്‍ സംസാരിക്കുന്ന പ്രകൃതമല്ല ഡോക്ടരുടെത്. ..
'' എന്റെ മുറിയുടെ വാതില്കല്‍ ഉണ്ടാകും ..എപ്പോഴും..''
'' ഇപ്പോള്‍ കാണുമോ..?''
'' വല്ലാതെ മെലിഞ്ഞു..ഓടാനും വയ്യ..അവിടെ തന്നെ കാണും..''
ബന്വാടിയ ഒരു സിഗരട്ട് വലിച്ചു കൊണ്ടു ഒന്നും പറയാതെ നടന്നു ഇരുട്ടിലേക്ക് മറഞ്ഞു. മഴയായതു കൊണ്ടു സെക്യുരിറ്റി വിളക്കുകള്‍ പലതും അണച്ചിരുന്നു..
ബന്വാടിയയെ അടുത്ത ദിവസങ്ങളില്‍ കാണുകയുണ്ടായില്ല.
അയാള്‍ പോകുമ്പോഴും വരുമ്പോഴും നായയെ നോക്കി. വലിയ മാറ്റമൊന്നുമില്ലാതെ മുറിവില്‍ നക്കി അത് പതുങ്ങിക്കിടന്നു.
മൂന്നാല് ദിവസം കഴിഞ്ഞു. നായയില്‍ ചില മാറ്റങ്ങള്‍ കണ്ടു.. ഇടയ്ക്കിടെ പുറത്തു പോകുന്നുണ്ട്.
അയാള്‍ അതിനു തീറ്റി കൊടുക്കുവാന്‍ ഒന്നും തുനിഞ്ഞില്ല. വല്ലപ്പോഴും ഇട്ടു കൊടുക്കുന്ന ബ്രെഡ്‌ അറ്റവും മൂലയും കടിച്ചു അവിടവിടെ കിടന്നു.
ഒരു ദിവസം പെണ്‍കുട്ടി അതിനെ നോക്കി നില്‍ക്കുന്നത് അയാള്‍ കണ്ടു.
വൈകിട്ട് പോര്‍ച്ചില്‍ കുറെ ചോറും..
മുറിവ് നന്നായി ഉണങ്ങിയിരിക്കുന്നു. അയാള്‍ക്ക്‌ വിശ്വാസം വന്നില്ല.
അയാള്‍ കാത്തിരുന്നു ബന്വാടിയയെ കണ്ടു.
'' ഞാന്‍ അന്ന് തന്നെ ഇന്‍ജെക്ഷന്‍ കൊടുത്തിരുന്നു. ഉണങ്ങാന്‍ ആണെങ്കില്‍ ഉണങ്ങും..''
വൈകിട്ട് വരുമ്പോഴും പെണ്‍കുട്ടി അവിടെ നില്‍ക്കുന്നു.
'' ആരാണ് ഡോക്ടറെ അറിയിച്ചത്?''
അയാള്‍ ഉത്തരം ഒന്നും പറഞ്ഞില്ല.
'' നല്ല ഡോക്ടരാ..നാട്ടുകാര്‍ പറയുന്നത് പോലെ ഒന്നും അല്ല ''
നാട്ടുകാര്‍.!!!..അയാള്‍ക്ക്‌ ദേഷ്യം വന്നു.
''ചോറ് പാത്രത്തില്‍ കൊടുത്തോ..ഇവിടെ തറയില്‍ ഇടരുത്..''
നായ അയാളെ പിന്നാലെ നോക്കി അവിടെ തന്നെ കിടന്നു. വെളിച്ചത്തില്‍ കുളിച്ചു കിടക്കുമ്പോള്‍ അയാള്‍ക്ക്‌ വല്ലാത്ത സമാധാനം തോന്നി.
കൈകളില്‍ നിന്ന് വഴുതി പോകുന്ന ഒരു നായയെ സ്വപ്നം കണ്ടു. അത് ഒരു കുട്ടിയെപ്പോലെ സംസാരിച്ചു. അയാള്‍ അതിന്റെ മുഖം വ്യക്തമായി കണ്ടില്ല. കാലുകള്‍ മാത്രം.
മഴക്കാലം കനത്തതോടെ ബന്വാഡിയ പ്ലാന്റില്‍ കൂടുതല്‍ സമയവും ചിലവഴിച്ചു. പലപ്പോഴും നായ അവരുടെ സംഭാഷണത്തിന് തുടക്കം നല്‍കി.
'' ഇനി അത് ചുറ്റുവട്ടത്ത് തന്നെ കാണും...മനുഷ്യരെപ്പോലെ അല്ല..''

ഈ മനുഷ്യന്‍ പലപ്പോഴും തന്നെ അത്ഭുതപ്പെടുത്തുന്നു. കട്ടിമീശയും കഷണ്ടി തലയും കൂര്‍ത്ത കണ്ണുകളും ഗൌരവം വിടാത്ത മുഖവും..അളന്നു മുറിച്ച സംസാരം ..പെരുമാറ്റം.
തിരികെ മുറിയില്‍ എത്തുമ്പോള്‍ അരൂപികള്‍ കൂട്ട് വരുന്നു. ഒരു ഇടവേള അവസാനിച്ചു . ഇനി പ്രകാശത്തിനു ഒന്നും ചെയ്യാനില്ല.
രാത്രിയില്‍ മുറിക്കു പുറത്തിറങ്ങി. മതില്‍ ചുറ്റി കടന്നു പുല്തകിടിയിലേക്ക് നടന്നു. രാത്രിയില്‍ കാവലിരുന്ന ഗൂര്‍ഖ സലാം പറഞ്ഞു. ഇനി അവനു ഉറക്കം ഉണ്ടാകില്ല.
മഴ മാറിനില്‍ക്കുന്നു..കുറെ ദിവസങ്ങളായി .
ചെറിയ കുളത്തില്‍ നിറയെ മീനുകളാണ്. വളര്‍ത്തുന്നു. തിന്നാന്‍ ആരുമില്ല. ഓഫീസര്‍മാര്‍ ജോലിക്ക് പോകുമ്പോള്‍ ഭാര്യയോ വേലക്കരിയോ കുട്ടികളുമായി പുല്തകിടിയിലേക്ക് വരും. കുട്ടികള്‍ ഊഞ്ഞാലാടും. ഭാര്യമാര്‍ ദൂരെ നോക്കി സ്വപ്നം കാണും..വിധിയെ പഴിക്കും.. വേലക്കാരികള്‍ കുട്ടികളെ കുളത്തിനരികില്‍ കൊണ്ട് വരും..
മീനുകള്‍ പാഞ്ഞു വരും . മനുഷ്യരെ ഭയമില്ല.
ഭക്ഷണം മാത്രം മതിയെന്ന് ലോകം പലരെയും തെറ്റിദ്ധരിപ്പിക്കുന്നു. മീനുകളെയും.
ശല്യമില്ലാതെ തകിടിയില്‍ ഇരിക്കുമ്പോള്‍ ഇരുട്ടിലൂടെ നായ്ക്കള്‍...‌.. ഓടുന്നു.. മുന്നില്‍ ഒന്ന് ..പിന്നില്‍ ഒരു കൂട്ടം.
കൂട്ടത്തില്‍ മെലിഞ്ഞ നായ..എവിടെ നിന്നായാലും തിരിച്ചരിയാമെന്നായിട്ടുണ്ട്‌.
തലയില്‍ ഒരു തേന്‍ കൂട് തകരുന്നു.. കാതില്‍ ഇരമ്പം..
കണ്ണുകള്‍ അടച്ചാല്‍ തോറ്റു പോകും. അടുത്തെവിടെയോ നിന്ന് സ്നേഹഭാവത്തില്‍ ആജ്ഞകള്‍..! പലപ്പോഴും തകര്‍ന്നത് അങ്ങനെയാണ്. അഭിനയത്തെ സ്നേഹമായി കണ്ടു. പരിഹാസം പുഞ്ചിരിയായും. !
മീനുകള്‍ പുളഞ്ഞു. വെളിച്ചം മിന്നല്‍ പോലെ വേരുകളായി വളര്‍ന്നു ചത്തു.
എത്ര നേരം കിടന്നെന്നു ഓര്‍മ്മയില്ല.
'' സാര്‍..സാര്‍'' ഗൂര്‍ഖയാണ്..സിഗരറ്റിന്റെ മണം..എഴുന്നേറ്റപ്പോള്‍ അവന്‍ താങ്ങാന്‍ ശ്രമിച്ചു. ''വേണ്ട..ഉറക്കം.. വന്നു..''
അവന്‍ പിടി വിട്ടില്ല.
'' നായകള്‍ ..കൂട്ടമായി വന്നാല്‍ ഞാന്‍ കാണില്ല...''
''ഓ..ഒന്നുമില്ല. ..താന്‍ പൊക്കോ..''
നടന്നു മുറിയില്‍ എത്തി . തുറന്നു കിടക്കുന്നു. അകത്തു നായ കയറിയോ? വല്ലാത്ത മണം..
ഉറക്കത്തില്‍ അരൂപികള്‍ കൂട്ടമായി ഓടുന്നു. വെള്ളത്തില്‍ പുളഞ്ഞു ചാടുന്നു.
മുഖം മാത്രമേ മാറ്റമുള്ളൂ..ഭാവം..പുച്ഛം..!
ജനാലയില്‍ കാറ്റ് കുതിച്ചു കയറുന്നു. ഒഴിഞ്ഞ പാത്രത്തിലേക്ക് സമുദ്രം പകരുന്ന ഹ്ഗാ..ഹ്ഗാ..ശബ്ദം.ഇടവേളയില്ലാതെ ഒഴുകുമ്പോള്‍ കൈ വരുന്ന അപാരമായ നിശ്ശബ്ദത. ....
പിറ്റേ ദിവസം ഒരു നോട്ടീസ് കയ്യില്‍ കിട്ടി . മാനേജര്‍ക്ക് അത്യാവശ്യമായി കാണണം.! അയാള്‍ക്ക്‌ ഫോണില്ലേ..ശിലായുഗത്തില്‍ പിറക്കേണ്ട കിഴങ്ങന്‍.
വാതിലില്‍ എത്തുമ്പോഴേ കണ്ടു നരച്ച കണ്പീലിയും കറുപ്പിച്ച പുരികവും കൊണ്ടുള്ള ഓതിരം..കടകം..
''ഒന്നും പറയുന്നില്ല. അത് പലവട്ടം കഴിഞ്ഞതല്ലേ. ''
''പറഞ്ഞാല്‍ ..എന്താണെന്ന്..'' കിളവനും അവസരം മുതലെടുക്കുകയാണ്..തല തല്ലി പൊളിക്കണം..
'' വേണ്ട..അത് ബോറാണ്....''
സോളന്കീ...
വയസ്സന്‍ ശിപായി ഒരു രേജിസ്ടരും കൊണ്ട് ഓടി വന്നു. നല്ല പരിചയമുള്ള ആ ചിരികൊണ്ട് ഉള്ളൊന്നു തണുത്തു. എന്താണ്? അയാളോട് ആണ്ഗ്യത്തില്‍ ചോദിച്ചു. അങ്ങേര്‍ കണ്ണിറുക്കി. മാനേജര്‍ കണ്ണുരുട്ടി. ശിപായി വലിച്ചു മാറ്റിയ കര്‍ട്ടന്‍ പോലെ വാതിലിനു വെളിയിലായി. അതടഞ്ഞു.
നല്ല പരിചയമുള്ള ഗ്രന്ഥം.ഒട്ടോര്തപ്പോള്‍ രാവിലെ കൂടി കണ്ടതാണ്..
ഓ..എന്റെ ഷിഫ്റ്റ്‌ റിപ്പോര്‍ട്ട്‌ ..
കിളവന്‍ അടയാളം വെച്ച ഒരു ഭാഗം തുറന്നു..
ജൂണ്‍  പതിനേഴു ..പ്രിന്റ്‌ ചെയ്തയിടം വ്യക്തമാണ്.
താഴെ വല്ലിപ്പടര്‍പ്പുകളുടെ..അല്ല
..ഓളങ്ങള്‍..
അല്ല അര്‍ദ്ധവൃതങ്ങളുടെ ഒരു കാടാണ്..
നീല കാട്....മുടിച്ചുരുളുകള്‍ പോലെ..വൃത്തികെട്ട പുളഞ്ഞ വരകള്‍..
'' ഇതിനെ എന്ത് പേരില്‍ വിളിക്കണം..?''
മാനേജര്‍ കാട്ടില്‍ നിന്നും നാട്ടിലേക്ക് വലിച്ചിട്ടു.
'' ഉറക്കം തൂങ്ങിയതാണെന്ന് തോന്നുന്നു ..സര്‍...ഇനി.. ''
''മറ്റുള്ളവരുടെ പുണ്യം കൊണ്ട് അകത്തൊന്നും പൊട്ടി തെറിച്ചില്ല..ഭാഗ്യം..''
കിളവനെ തീര്‍ത്താലോ..സരസ്വതി വിളങ്ങിയത്‌ മധുര ഭാഷിണിയായി..
''ഞാന്‍ പറയാന്‍ മറന്നു ..അന്ന് ഭാര്യ പ്രസവിച്ചു. മുഴുവന്‍ ദിവസവും ഫോണില്‍ ആയിരുന്നു..
ഞാന്‍ കുറെ പാല്‍ ബര്‍ഫി വാങ്ങി കാണാന്‍ വരാനിരിക്കുകയായിരുന്നു.''
കിളവന്‍ വെള്ളമൊഴിച്ചത് പോലെ തണുത്തു. പുരികമപ്പോള്‍ വേറൊരു കോണില്‍ വളഞ്ഞു.
'' അതിനൊന്നും മുടക്കമില്ലല്ലോ....''
''ഹഹ..സാര്‍ മോനെന്നാണ് യു.എസിന് പോകുന്നത് ?'' കൃത്രിമ ചുവ വരാതിരിക്കാന്‍ ഗൌരവത്തിലാണ് ചോദിച്ചത്..ഫ്ലൈറ്റിന്റെ പൈലറ്റിനു വേണ്ട ക്ഷമ മുഖത്ത് കട്ട പിടിപ്പിച്ചു.
'' വരുമ്പോ..മുന്നേ വിളിച്ചു പറയണം..പൊക്കോ..''
വിളിച്ചു പറയാം..ഇന്ന് തന്നെ കാത്തിരുന്നോ മൊട്ടത്തലയാ..ചാടി വെളിയില്‍ ഇറങ്ങുമ്പോള്‍ സോളങ്കി പരിചയം കാണിച്ചു. നോക്കാന്‍ നിന്നില്ല.
കാറ്റ് പിടിച്ചപോലെ പാഞ്ഞു നടന്നു. കിലോമീറ്ററുകള്‍ നടന്നു തള്ളാന്‍ ഉള്ള ആളുടെ ഭാവം ..ഭാവം മാത്രം.
ബന്വാടിയ എങ്ങനെ അറിഞ്ഞു. ? വലിയ റിബല്‍ ആണന്നാണ് കേള്‍വി. പ്രതിപക്ഷം അറിയാത്ത അന്തപുര രഹസ്യം എന്താണ്?
'' ചെറിയ വിരട്ടല്‍..അതെ ഉണ്ടായുള്ളൂ..''
''കേറുന്നതിനു മുന്‍പ് എന്നെ അറിയിക്കാംആയിരുന്നില്ലേ..''
''വലിയ സംഭവം ഒന്നും ഉണ്ടായില്ല. ഒതുക്കി..''
ബന്വാടിയക്ക്‌ അത്ഭുതമായി.
''എങ്ങനെ?''
''മധുരം'' അയാള്‍ക്ക്‌ ചിരി പൊട്ടി.
''കിളവന്റെ പ്രമേഹം നിന്നെ രക്ഷപ്പെടുത്തി..ഹഹഹ.''..ചിരിക്കാത്ത ഭീമന്‍ കുലുങ്ങി ചിരിച്ചു.
''ആ നായയുടെ പിറകെ പോയ ദിവസം ..താന്‍ ഇത്രേം പ്രോബ്ലം ഒക്കെ ഉണ്ടാക്കി ..കൊള്ളാം..''
''സമയം ..മോശം..'' അയാള്‍ പിറുപിറുത്തു കൊണ്ട് നിന്ന്.
''അല്ല ..ടോട്ടലി മിസ്ഫിറ്റ്..ഈ ലോകത്തില്‍ ജീവിക്കാന്‍ കൊള്ളാത്തവന്‍..
നമ്മളെ ഒരു നുകത്തില്‍ കെട്ടാം..''
മൌനമായ മറുപടിയുമായി തിരിച്ചു നടക്കുമ്പോള്‍ ബന്വാടിയയുടെ ചീത്ത പേരുകള്‍  അക്കമിട്ടു നോക്കുകയായിരുന്നു മനസ്സില്‍.
ഭര്‍ത്താവിന്റെ മുന്നില്‍ അന്യന്റെ കാറില്‍ തോന്നുമ്പോള്‍ വന്നിറങ്ങുന്ന ഭാര്യ.
ജോലി സംബന്ധമായി മാസങ്ങളോളം നാട് വിടുന്ന ഭ്രാന്തന്‍ ഡോക്ടര്‍..
കുട്ടികളെ തരി പോലും ഉപദേശിക്കാന്‍ മിനാക്കെടാത്ത തന്ത.
സ്ഥാനം നോക്കാതെ ആരോട് വേണമെങ്കിലും തനിക്കു ശരിയെന്നു തോന്നുന്നത് വാദിക്കുന്ന വായാടി..
ആരാണ് അയാളിലെ അയാള്‍?
വാതില്‍ക്കല്‍ സുഖിമാനായി കിടക്കുന്ന നായയെ എറിഞ്ഞു ഓടിച്ചു.
ഞാന്‍ ഡോക്ടര്‍ അല്ല..നീ രോഗിയും..
കളിയാണെന്ന് കരുതി കുറച്ചു ഓടി നായ തിരിഞ്ഞു നിന്നു..ഒരു സ്നേഹ കുര കുരച്ചു.
പോടാ..അയാള്‍ അകത്തേക്ക് കടന്നു.
ഫോണെടുത്തു..
'' ഡീ നീ ജൂണ്‍  പതിനേഴിന് വീണ്ടും പ്രസവിച്ചു''
'' ഇത് എപ്പോള്‍ തുടങ്ങി..?'' ഭാര്യ പരിഭവവും സുഖവും കുഴച്ചു എന്തോ ജോലിയിലാണ്.
'' മുന്‍ പ്രസവത്തിലെ സന്തതി എവിടെ?"
''അപ്പന്റെ സ്കൂള്‍ അല്ലല്ലോ..അവനു പഠിക്കാന്‍ പോണ്ടേ..''
''നിനക്കിപ്പോഴും മാസമുറ ക്രിത്യമാണല്ലോ..അല്ലെ''  ഭാവനയെ പിടിച്ചു കെട്ടിയില്ല.
''എന്തിനുള്ള ഭാവമാണ്..?'' 
'' ഞാന്‍ ഒരു നെറി ഇല്ലാത്തവനാണ് എന്നുള്ള പേരുദോഷം തീര്‍ക്കാന്‍ ..''
''എനിക്കൊന്നും മനസ്സിലാകുന്നില്ല മനുഷ്യാ..'' ഭാര്യ കണ്ണ് തളളി.
''അടുത്ത ജൂണ്‍  പതിനേഴിന് വാക്ക് പാലിക്കാന്‍ ഞാന്‍ ഉടനെ എത്തും''
ഭാര്യ നാണം കൊണ്ടോ ദേഷ്യം കൊണ്ടോ ഫോണ്‍ വെച്ചു. അയാള്‍ പൊട്ടി ചിരിച്ചു . 
വെളിച്ചത്തില്‍ കുളിച്ച കിടക്കയില്‍ ഉറക്കം വരാതെ തന്നെ കണ്ണടച്ച് മറ്റേതോ ലോകത്തില്‍ ലയിച്ചു....ജനാലകള്‍ പുറത്തെ വെയിലില്‍ ലോഹം പോലെ തിളങ്ങി.
നിമിഷങ്ങള്‍ക്കുള്ളില്‍..ചൂളമരങ്ങളില്‍ ഒരു കാറ്റ് പിടിച്ചു.. തണല്‍ തേടി വന്ന നായ്ക്കള്‍ കണ്ണുകള്‍ ചുരുക്കി ..ഓരോ തടങ്ങളില്‍ ഇടം പിടിച്ചു. അരൂപികള്‍ നൃത്തം വെയ്ക്കുന്ന മറ്റൊരു ഉറക്കത്തിലേക്കു അയാള്‍ മനസ്സില്ലാ മനസ്സോടെ തെന്നി വീണു...











No comments: