Tuesday, October 18, 2011

കുട്ടികള്‍ പാടുമ്പോള്‍ .

 വലിയ വാശി തീര്‍ക്കുന്നത് പോലെയുണ്ടായിരുന്നു പെയ്ത്ത്..താഴെ മുറ്റത്തെ ചവറുകള്‍ എല്ലാം വൃത്തി ആയിരുന്നു . പകരം ഗ്രൌണ്ടില്‍ നിന്നൊഴുകി വരുന്ന വെളുത്ത ചെളി നിറഞ്ഞ മഴവെള്ളം. വൃദ്ധയായ തൂപ്പുകാരിയുടെ സന്തോഷം അയാള്‍ ഓര്‍ത്തു.എത്ര വര്‍ഷങ്ങള്‍.എത്ര മഴകള്‍ . അവര്‍ കിടക്കയില്‍ ചുരുണ്ടുകൂടി ഉറങ്ങുകയാവും. മഴ നല്‍കുന്ന അവധി അവരുടെ ആയുസ്സ് നീട്ടട്ടെ. 
ശ്വേതയും ഉറക്കം വിട്റെഴുന്നെട്ടിട്ടുണ്ടായിരുന്നില്ല. പകരം എപ്പോള്‍ വേണെമെങ്കിലും തിളപ്പിക്കാന്‍ പാകത്തിന് കെറ്റില്‍ വെള്ളം നിറച്ചു പ്ലുഗ്ഗില്‍ കുത്തിവെച്ചിരുന്നു. രണ്ടു ടീ -ബാഗും .
കടന്നു പോയ പൂജാ ദിവസങ്ങളുടെ പുകപോലെ ആകാശം കറുത്ത് കറുത്ത്...പെയ്ത്ത് തുടരുന്നു. രണ്ടും തമ്മില്‍ വലിയ ബന്ധമുണ്ടാകും . അല്ലെങ്കില്‍ യാതൊരു ബന്ധവും കാണില്ല. ഫൌതികശാസ്ത്രം അയാളുടെ ഇഷ്ടവിഷയമായിരുന്നു. പിന്നെടെപ്പോഴോ അതിന്റെ മേലുള്ള താല്പര്യം നശിച്ചു. നശിപ്പിച്ചതാണ്. ഒരു സാധാരണ കോളേജ് പഠനം ജീവിതത്തില്‍ ചെയ്ത വലിയ ഉപകാരം അയാള്‍ ഓര്‍മ്മിക്കുന്നത് ഈ മഴക്കാലത്ത് ആണോ ?

ചെറിയ തെറ്റുണ്ട് . അതിനു ശേഷം കിട്ടിയ ജോലി രസതന്ത്രവുമായി ബന്ധപ്പെട്ടതായിരുന്നു. അതിലും പുതിയ പരീക്ഷണങ്ങള്‍ ഒന്നും വേണ്ടി വന്നില്ല. ദിവസവും പാല്‍ വണ്ടികള്‍ പാഞ്ഞു വന്നു. മുഷിഞ്ഞ റിക്കോര്‍ഡുകള്‍ നിറച്ച പെട്ടിയില്‍ തെരുപ്പിടിച്ചു കൊണ്ട് ഗ്രാമത്തില്‍ നിന്ന് വന്ന ഡ്രൈവര്‍ മാരും..
'' ബാലിയിലെ തൊഴുത്തുകള്‍ വൃത്തി ഇല്ലാത്തതായിരിക്കും. പക്ഷെ നിങ്ങള്‍ റിസള്‍ട്ട് നല്‍കിയാല്‍ വരവ് നിലയ്ക്കും..''  ഘോഷ് വല്ലാതെ കിതച്ചു . പിന്നെ അയാള്‍ പൊതിഞ്ഞു വെച്ചിരുന്ന ജീരക വെള്ളം രണ്ടു കവിള്‍ കുടിച്ചിട്ട് ഭൌമികിനെ നോക്കി.
'' മനസ്സിലായല്ലോ''
റിസള്‍ട്ട് എഴുതിയ തുണ്ട് പേപ്പര്‍ അയാള്‍ മേലധികാരിയുടെ ചവ്ട്ടുകുട്ടയിലിട്ടു.
''മാടിനെ വളര്‍ത്തുന്നത് മേശപ്പുറത് അല്ല..ഭൌമിക്..'' പിറകില്‍ നിന്ന് ഘോഷ് മൃദുവായി പറയുന്നുണ്ടായിരുന്നു.
തിരക്ക് പിടിച്ച ഒരു യാത്രയിലാണ് അയാള്‍ ദിവ്യനായത്. സത്യം മനസ്സിലാക്കിയത്. ബര്‍ദ്വാന്‍ ലോക്കല്‍ ട്രെയിന് ബാലി ഘട്ടില്‍  കാത്തു കിടക്കേണ്ടി വന്നു ഒരു ദിവസം. തന്റെ അന്നദാതാവായ ഗ്രാമത്തെ ഒരു ട്രെയിന്‍ ജനാലയിലൂടെ പ്രേമപൂര്‍വ്വം കണ്ടു കൊണ്ടിരിക്കെ..അടുത്തുള്ള വെള്ള കെട്ടി ലേക്ക്  ആരോ ഒരു പൊതി വലിച്ചെറിഞ്ഞു. 
ആദ്യം മുങ്ങിയും പൊങ്ങിയും അതിനടുത്തേക്ക് പാഞ്ഞത് ഒരു പെരുച്ചാഴി..പെട്ടന്ന് തന്നെ ഭീഷണിയുടെ  മുക്രയുമായി മൂന്നാല് പന്നികള്‍ പിന്നാലെ..എന്നാല്‍ വിജയിച്ചത് വലിയൊരു മുളങ്കംപായിരുന്നു. ഒരു നരച്ച താടിയായിരുന്നു. ആഹാര ശ്രുംഖല ഓര്‍ത്തെടുക്കാന്‍ അയാള്‍ ശ്രമിക്കുമ്പോഴേക്കു വണ്ടിക്കു സിഗ്നല്‍ കിട്ടി. പ്രതീക്ഷയുടെ വലിയൊരു കാറ്റിനെ തുളച്ചു കൊണ്ട് അത് ഹൌറ യിലേക്ക് കുതിച്ചു . കടവുകളില്‍ ആശ്രമത്തിലേക്കു പുറപ്പെടാനുള്ള കേവ് വള്ളങ്ങള്‍ ഉഷാറായി മഴവെള്ളം തെകിക്കൊണ്ടിരുന്നു. ദാഖിനെശ്വരിലെക്കുള്ള ചെമ്പരത്തിപ്പൂ മാലകളുമായി കുട്ടികള്‍ പാലത്തിനു സമാന്തരം വേഗത്തില്‍ പിന്നോട്ടോളിച്ചു...
ബാലിയില്‍ നിന്ന് ഇപ്പോഴും പാല്‍ വണ്ടികള്‍ വരുന്നു. ഘോഷിനോടു അയാള്‍ക്കിപ്പോള്‍ വിരോധമില്ല. ഘോഷിനോടെന്നല്ല ആരോടും.
വിദ്യാഭ്യാസവും ബാല്യവും തമ്മില്‍ വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ല. ഒന്നിന്ടെ വലിച്ചു നീട്ടലാണ് മറ്റൊന്ന് എന്നൊരു തിരിച്ചറിവ് മാത്രം. അതിന്റെ അവസാനം ഒരു അലച്ചില്‍ ആണ് .
മഴ നനച്ച ബാല്‍ക്കണിയില്‍ നിറയെ ചത്ത നിശാഗന്ധിപ്പൂക്കള്‍ ..അയാള്‍ കോരിയെടുത് അതെല്ലാം താഴക്ക്‌ തട്ടിയിട്ടു . ദേഹം കുറച്ചു നനഞ്ഞു. ആവി പറക്കുന്ന ചായക്കപ്പ് മൊത്തി അയാള്‍ കുളിര് മാറ്റി.
കെട്ടിത്തൂക്കിയിട്ട ചിരവനാക്ക് ചെടികള്‍ കട്ടികൂടി കടും പച്ചയില്‍ ..ശ്വേത കെട്ടിപ്പടുത്ത പുതിയ ജീവിതത്തിലെ ആദ്യത്തെ അതിഥികള്‍ !!
ഈ ചെടികള്‍ പൂക്കില്ല.
ആര് പറഞ്ഞു.
ആരും പറയേണ്ട..
ഹഹ.. അതിനോട് ദേഷ്യം വേണ്ട.
അടുക്കളയിലെ കാക്ക ശല്യം മാറ്റാനാകും. അവളുടെ പ്രവര്‍ത്തികളുടെ ഉത്തരം ഒരിക്കലും വാക്കിലൂടെ കിട്ടിയിരുന്നില്ല. നിര്‍ദോഷമായ കൊച്ചു കൊച്ചു സമസ്യകള്‍.
ഒരു പൂജക്കാലത്തെ അതിഥി ആയിരുന്നു അവളും. 
ചിത്രങ്ങള്‍ സ്വപ്നത്തില്‍ എത്താത്ത ചിത്രകാരന്റെ മോഡല്‍.
ബിരുദം സമ്മാനിച്ച ബാധ്യതകളുമായി ഹൌറയില്‍ വണ്ടിയിറങ്ങിയ ഭൌമികിനു ജോലി നല്‍കാന്‍ അവിടെ ആരും മുന്‍കൂട്ടി ഒന്നും തയ്യരാക്കിയിരുന്നില്ല. പോരെങ്കില്‍ ഒരു ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ എന്നാ സര്‍വ്വനാമം പലപ്പോഴും അയാളെ അയോഗ്യനാക്കി. അവസാനത്തെ ആള്‍ക്ക് ശേഷം ഇപ്പോഴും സൃഷ്ടിക്കപ്പെടുന്ന തസ്തികകളില്‍ ഒന്നില്‍ അയാള്‍ അന്ന് ജോലിക്ക് കയറി.
അന്നും ഇന്നും ആ വ്യതിയാനം അന്തരീക്ഷത്തിലുണ്ട്. 
ഒരിക്കല്‍ പുറത്തു നിന്ന് വന്ന ഒരു ബിരുദ ട്രെയിനി..ചോദിച്ചത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്..'' ഭൌമിക് ദാ നിങ്ങള്‍ ഈ നാട്ടുകാരന്‍ അല്ലെ ?''
''അതെ '' എന്ന് ആദ്യം ഉത്തരം പറഞ്ഞെങ്കിലും അയാളുടെ മുന്‍പില്‍ അദ്രിശ്യമായ പഴയ ചോദ്യങ്ങള്‍ വട്ടം ചുറ്റി തോല്‍പ്പിച്ചു കളഞ്ഞു. നിമിഷനേരം ഒന്ന് വിയര്‍ത്തു ..ഒരു വില്സിന്റെ പുകയില്‍ അതിനെ ഇല്ലാതാക്കിയെങ്കിലും പുകയിപ്പോഴും അന്തരീക്ഷത്തില്‍ തന്നെയുണ്ട്‌ എന്ന് ഭൌമിക്കിനറിയാം.
ദിവസവും താന്‍ കടന്നു വരുന്നതോടെ നിലച്ചുപോവുന്ന സരസ സംഭാഷണങ്ങള്‍...തന്റെ പേര്‍ എഴുതാത്ത ക്ഷണക്കത്തുകള്‍.. പുറത്തേക്കൊഴുകുന്ന അച്ചടക്ക നിയമങ്ങള്‍.. മനുഷ്യര്‍ സൃഷ്ടിക്കുന്ന മതിലുകള്‍ക്ക് എത്ര ഉറപ്പാണ്?
എന്തിന്റെ വിലയാണ് ജീവിതം എന്ന് എഴുതി നോക്കണം.! ചിലപ്പോള്‍ ചിരി വരാം .
മഴ കുറച്ചൊന്നു മാറി നില്‍ക്കുന്നു. മറ്റെവിട്യോ തകര്‍ത്തു പെയ്യുന്നുമുണ്ട്. റെയില്‍വേ സ്റ്റേനിലേക്ക് ഒരു ഓട്ടോ പിടിച്ചു. അവധി ദിവസങ്ങളില്‍ യാത്ര പതിവായതു കൊണ്ട് ശ്വേതയെ അറിയിക്കാന്‍ ശ്രമിച്ചില്ല. നന്നായി ഉറങ്ങട്ടെ.

ഒരു പച്ചമനുഷ്യന്റെ വെട്ടിത്തുറന്ന ഹൃദയം കണക്കെ ഹൂഗ്ലി കുതിചോഴുകിക്കൊണ്ടിരിക്കുന്നു . നഗര്തിലെതുന്നതിനു മുന്‍പ് തന്നെ ഉള്ലാകെ ചുവന്നു പോയ രുദ്ര ഗംഗ. ഇന്ന് മഹാനവമി കഴിഞ്ഞുള്ള അഞ്ചാമത്തെ ദിവസം ..ഇന്നും മഴ തോര്‍ന്നിട്ടില്ല. മൂന്നു ദിവസമായി ഒരേ കണക്കു പെയ്തു..പെയ്തു..ശെരിക്കും പറഞ്ഞാല്‍ ഇന്ന് ദഖിനെശ്വാര്‍ മൊത്തം കാലിയായിരുന്നു. നവരാത്രിയില്‍ തിരക്കൊക്കെ പന്തലുകലിലാണ്..മനുഷ്യര്‍ മുഖാമുഖം കാണുന്ന ഇടത്ത്.

അയാള്‍ക്ക്‌ തീരെ തിരക്കില്ലായിരുന്നു.അയാള്‍ പാലത്തിന്റെ കൈവരിയില്‍ പിടിച്ചു താഴേക്കു നോക്കി നിന്നു. അല്പം മുന്‍പ് കണ്ട നദിയെ അല്ല അതെന്നു സുഭാഷ്‌ ഭൌമികിനു തോന്നി. ഓരോ നിമിഷവും രൂപം മാറുന്ന ജലമുദ്രകള്‍ . ആഴത്തിലെ എക്കലിനെ ഒളിപ്പിച്ചു  വെയ്ക്കുന്ന തെളിച്ചം പകലില്‍ നിന്ന് കടം കൊണ്ടതിന്റെ ജാള്യത. അത് മറച്ചു വെയ്ക്കുവാനയുള്ള ചുരുളല്‍ കൈവരിയ്ക്കുന്ന സര്‍പ്പഭാവം ..രൂപം..ഒരു സ്ത്രീയുടെ എല്ലാവിധ രൂപ സാമ്യവും കൊണ്ടു ഹൂഗ്ലി വിസ്മയിപ്പിക്കുന്ന എല്ലാ നദികളുടെയും ഒറ്റരൂപമായി ഭൌമികിനു മുന്നില്‍ പതഞ്ഞു..പുളഞ്ഞു..പിന്നെ ഒരുശാന്തതയില്‍ തീരത്തെ തൊടാനായി അരികിലെക്കും..തിരിച്ചു ആഴങ്ങളിലെക്കും ഒഴുകി. മില്ലേനിയം പാര്‍ക്കിലെ മനുഷ്യര്‍ ഭക്ഷണമായി നല്‍കിയ പെപ്സി കുപ്പികള്‍ , സിഗരട്ട് കൂടുകള്‍ , ഒന്നും കൈവിടാതെയുള്ള ഗംഭീരമായ ഒഴുക്കിന് ദക്ഷിനെശ്വരിലെപ്പോലെ ഭയം ജനിപ്പിക്കാനാവുന്നുണ്ടായിരുന്നില്ല.
ഇവിടെ നില്‍ക്കുമ്പോള്‍ സ്നാനഘട്ടങ്ങള്‍ കാണാനാവുന്നു. അഴുക്കുകള്‍ കഴുകി തീര്‍ക്കാന്‍ ശ്രമിക്കുന്ന മനുഷ്യരെയും ..ചിലര്‍ക്കത് മിനുട്ടുകളോളം ..ചിലര്‍ ദിവസം മുഴുവന്‍.. തന്നെ പോലെ ചിലര്‍ തിരിച്ചറിയാനാവാതെ ആള്‍ക്കൂട്ടത്തിനിടയില്‍ നടന്നു തീര്‍ക്കുന്നു.
സര്‍വ്വന്‍ ബാബു പറഞ്ഞിരുന്നു. ..ഒരു സ്ത്രീയുടെ എല്ലുകള്‍ക്ക് മുകളിലാണ് പാലം..താഴെ നിന്നാല്‍ പാലം കുലുങ്ങുന്നതും വിറയ്ക്കുന്നതും നിങ്ങള്ക്ക് അനുഭവിക്കാം.
കഷ്ടപ്പെട്ട് പോകേണ്ട.. ഇവിടെ നില്‍ക്കുമ്പോഴും ഞാന്‍ അതനുഭവിക്കുന്നുണ്ട്‌. ഓരോ ഉര്പ്പടികള്‍ കടന്നു പോകുമ്പോഴും ആ കമ്പനം അയാള്‍ അനുഭവിച്ചു. 

ധരം ധള്ളയിലൂടെ നടക്കുമ്പോള്‍ പന്തലുകള്‍ മുളംകാലുകളും മര ഉരുപ്പടികലുമായി രൂപം മാറി വഴിമുടക്കി കിടക്കുന്നു. കുട്ടികള്‍ അവരുടെ ആഴ്ച്ചക്കുളി ഗംഭീരമാക്കുന്നു. ഹൂഗ്ലിയില്‍ നിന്ന് വെള്ളം മോഷ്ടിക്കുവാനായി ആരോ താഴ്ത്തിയ പൈപ്പിന് മുന്നില്‍ കുളിക്കാന്‍ തയ്യാറായി കുട്ടികളുടെ ഒരു പട തന്നെ.നഗരത്തിന്റെ തെമ്മാടികളെ ധരംധള്ള തീറ്റിപ്പോറ്റുന്നു എന്നാണു വെയ്പ്പ് .
അയാള്‍ ശ്വേതയെ ഓര്‍ത്തു . പുലരിയില്‍ തൂപ്പുകാരി അടിച്ചു കൂട്ടിയിടാറുള്ള നിശാഗന്ധി പൂക്കളുടെത് പോലെ തളര്‍ന്ന അവളുടെ മുഖവും. ഒരു ചെറു കരച്ചിലോ , അമ്മിഞ്ഞ ചിരിയോ അവളെ പഴയ ശ്വേതയാക്കി തനിക്കു തിരിച്ചു തന്നെങ്കില്‍..!! അതിനിനി താന്‍ പല മാര്‍ഗ്ഗങ്ങളും തിരയേണ്ടതുണ്ട്‌. നാല്പ്പന്തഞ്ചു വയസ്സ് പല നിയോഗങ്ങള്‍ക്കും ഒരു ചൂണ്ടു പലകയാവേണ്ടാതുണ്ട്.. മനുഷ്യര്‍ തന്നെ പരാജയം ഏറ്റെടുക്കുമ്പോള്‍ പ്രകൃതിയ്ക്ക് നിഷ്ക്രിയയാവേണ്ടി വരുന്നു. കുട്ടികള്‍ കുളി ഉത്സവമാക്കി മാറ്റുന്നു. അയാള്‍ വേഗം നടന്നു. 
ഇതാദ്യമല്ല കുട്ടികള്‍ തന്റെ വേഗം കൂട്ടുന്നത്‌ . ദിവസവും ഒരു പ്രാവശ്യമെങ്കിലും അവര്‍ തന്നിലൂടെ ..ശ്വേതയിലൂടെ.. ബോബ് മാര്‍ലിയുടെയും കുറെ പഴയ പാട്ടുകളുടെയും പ്രകംപനങ്ങളിലൂടെ കടന്നു പോകുന്നു. കനം കുറഞ്ഞു തുടങ്ങിയ ഉള്ഭിതികളെ കടന്നാക്രമിക്കുന്നു.
'' ഈ ഒച്ചകള്‍ നിങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്.. ഈ കാര്യത്തിലെങ്കിലും..'' ഡോക്ടര്‍ ചക്രബര്‍ത്തി രണ്ടു പേരോടുമായി പലപ്പോഴും ഉപദേശിച്ചത് അയാള്‍ മറന്നിട്ടില്ല. ഓരോ പരാജയങ്ങളിലും കാസ്സെട്ടുകളുടെ എണ്ണം കൂടിവന്നതാണ് ഫലം.
ഇടയ്ക്കിടെ ട്രാമുകള്‍ കടന്നു പോയി . നേരം കൊല്ലാനായി കോളേജ് പിള്ളാരും ചില നവ കാമുകരും ഇരിക്കുന്നത് ഒഴിച്ചാല്‍ മൊത്തം കാലി. എല്ലാവരും ആസ്വദിക്കുന്നുണ്ട്. അല്ലെങ്കില്‍ അഭിനയിക്കുന്നു. അത്യാവശ്യക്കാര്‍ ബസിനോ ടാക്സിക്കോ പോകുമെന്ന് അറിയാവുന്നത് കൊണ്ട് ഡ്രൈവര്‍ ഒരു ചടങ്ങുപോലെ മന്ദമായാണ് ട്രാം ഓടിക്കുന്നത്.
ഷിയല്ധ എത്തുമ്പോള്‍ ഇരുട്ടിയിരുന്നു. ഒരബദ്ധം പറ്റി. അവസാനത്തെ ലോക്കല്‍ സ്ഥലം വിട്ടിരുന്നു. 
'' രാവിലെ വരാം..''
''ട്രെയിന്‍ പോയിക്കാണും..ഇതെത്രാമത്തെ തവണയാണ്.?.'' ഫോണിന്റെ മറ്റേ അറ്റത്ത്‌ ശ്വേത അക്ഷമയായി..
''ടാക്സി പിടിക്കാന്‍ പണമില്ല..ഉറങ്ങിക്കോ..ആദ്യത്തെ ബസിനു ഞാനെത്തും''
'' ഞാന്‍ ഉറങ്ങുന്നില്ല.. നിങ്ങള്‍ അവിടെ കുതിയിര്ക്കുകല്ലേ''...
പ്ലാട്ഫോര്മില്‍ ഇരിക്കാന്‍ അനുവദിക്കില്ല. അയാള്‍ പുറത്തു ടിക്കറ്റ്‌ കൌന്ടെര്‍ ന്റെ തൂണും ചാരിയിരുന്നു. പുലര്‍ച്ചെ പരിചയക്കാര്‍ ആരെങ്കിലും കാണുന്നതിനു മുന്‍പ് പോയാല്‍ മതിയാര്‍ന്നു. !!
പുറത്തു പോലീസിന്റെ റോന്ത് ഉണ്ട്. അലഞ്ഞു തിരിയുന്നവര്‍ ഓരോരുത്തരായി തൂണുകളുടെ ചുവടു കൈക്കലാക്കികൊണ്ടിരുന്നു. തന്റെ സാന്നിദ്ധ്യം അവഗണിച്ചു കൊണ്ട് ഒരു കൂട്ടം കുട്ടികളാണ് അയാളുടെ തൊട്ടടുത്ത്‌ വട്ടം കൂടിയത്. ബാല്യം ബാക്കിയുള്ള പലരിലും യൌവ്വനം നിറഞ്ഞ ശരീരഭാഷ.. അകാരണമായി കൂര്‍ത്ത തോളെല്ലുകള്‍..തൂങ്ങിയ കണ്ണുകള്‍.. അവര്‍ പരസ്പരം ചില കളികളില്‍ ഏര്‍പ്പെട്ടു. ചീടുകളി അയാള്‍ കുറേനേരം ശ്രദ്ധിച്ചു.. ഒന്നും മനസ്സിലാവാത്ത പുതിയ ഏതോ കളിയില്‍ അവര്‍ പെട്ടന്ന് തന്നെ ഓരോ ഗെയിമും അവസാനിപ്പിച്ചു അടുത്തതിലേക്ക് കടന്നു.
അവര്‍ ആഹാരം കഴിക്കുകയോ ഉറങ്ങാന്‍ ശ്രമിക്കുകയോ ചെയ്യുന്നുണ്ടായില്ല.
അയാള്‍ കയ്യില്‍ കരുതിയ ഒരു പേപ്പര്‍ നിവര്‍ത്തി അരണ്ട വെളിച്ചത്തില്‍ വായിക്കാന്‍ ശ്രമിച്ചു. പിന്നെ ഉറക്കം ഭയന്ന് അത് മടക്കി വെച്ചു.
പോലീസ് വണ്ടി വീണ്ടും വന്നു . കുട്ടികള്‍ പെട്ടന്ന് നിലത്തു കിടന്നു ഉറക്കം അഭിനയിച്ചു. അയാള്‍ തൂണിന്റെ നിഴലിലേക്ക്‌ പതുങ്ങി. വാക്കി ടോക്കിയിലൂടെ ഒരു പോലീസുകാരന്‍ ഉച്ചതിലെന്തോ പറയുന്നുണ്ട്.. അടുത്ത നിമിഷം സംസാരം നിര്‍ത്തി അയാള്‍ ജീപ്പിനു പുറകിലേക്ക് വന്നു . അതിനകത്ത് നിന്ന് പത്തിരുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി പുറത്തേക്കു ചാടിയിറങ്ങി അയാള്‍ക്ക്‌ തൊട്ടടുത്ത വലിയ തൂണിന്റെ മറവില്‍ വന്നു ഒളിച്ചിരുന്നു. അവള്‍ ചിരിയടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.
പെട്ടന്ന് തന്നെ ചുവന്ന വെളിച്ചം ചുഴറ്റിയടിച്ചു കൊണ്ട് മറ്റൊരു ജീപ്പും എതിരെ വന്നു നിന്ന്. അതില്‍ നിന്നിറങ്ങിയ ദീര്‍ഘകായനെ ആദ്യത്തെ വണ്ടിയിലുണ്ടായവര്‍ സല്യൂട്ട് ചെയ്തു. അയാള്‍ ശ്രദ്ധിക്കാതെ അവര്‍ കൊടുത്ത ബുക്ക് മറിച്ചു നോക്കി പേന കൊണ്ട് ഒരു കോറല്‍ നടത്തി. പിന്നെ ജീപ്പിനകത്തേക്ക് തലയിട്ടു ആരോടോ അട്ടഹസിച്ചു. കൌമാരം കടന്ന ഒരു ആണ്‍ കുട്ടിയും പെണ്‍കുട്ടിയും അതിനകത്ത് നിന്നിറങ്ങി വന്നു. ആണ്‍കുട്ടി എന്തോ പറയാന്‍ ശ്രമിച്ചു . വലിയ ഉദ്യോഗസ്ഥന്‍ അവന്റെ കരണത്തടിച്ചു. പെണ്‍കുട്ടി ചീറ്റി വന്ന ഒരു നിലവിളി ദുപ്പട്ട കൊണ്ട് കടിച്ചു പിടിച്ചു. മറ്റു പോലീസുകാര്‍ ഉച്ചത്തില്‍ ചിരിച്ചു . അവരെയും കൊണ്ട് രണ്ടാമത്തെ വാഹനം വേഗം തന്നെ പാഞ്ഞു. സല്യൂട്ട് മുഴുമിച്  പോലീസുകാര്‍ ഓരോ ബീടിക്കു തീ കൊളുത്തി. ഒരുത്തന്‍ ഉച്ചത്തില്‍ ഒരു പേര് വിളിച്ചു . അയാള്‍ക്ക്‌ പിന്നില്‍ ഒളിച്ചിരുന്ന പെണ്‍കുട്ടി ഉച്ചത്തില്‍ ചിരിച്ചു കൊണ്ട് ജീപ്പിനടുതെക്ക് നടന്നു. പിന്നെ  സുഹൃത്തുക്കളെപ്പോലെ അവര്‍ തമാശകള്‍ പൊട്ടിച്ചു. പെണ്‍കുട്ടി ജീപ്പിനകത്തു കയറി ഇരിപ്പായി . പോലീസുകാരില്‍ ഒരുത്തന്‍ മുന്‍സീറ്റില്‍ കയറി നീണ്ടു നിവര്‍ന്നു കിടന്നു. രണ്ടാമന്‍  ജീപ്പിനു പുറകിലേക്ക് മറഞ്ഞു. 
എന്താണവിടെ നടന്നതെന്ന് ഭൌമിക്കിനു പിടികിട്ടുംപോഴേക്കും അയാള്‍ മയങ്ങിപ്പോയി.  
തുരു തുരെ വീഴുന്ന പത്രക്കെട്ടുകളുടെ ശബ്ദമാണ് അയാളെ ഉണര്‍ത്തിയത്, കുട്ടികള്‍ പെട്ടന്ന് തന്നെ എഴുന്നേറ്റു . അവര്‍ ഒരു പാട്ടും പാടിക്കൊണ്ട് പത്രക്കെട്ടുകള്‍ തരംതിരിക്കാന്‍ തുടങ്ങി. ഒരുത്തന്‍ ഒരു പത്രം തുറന്നു അതിലേക്കു കമിഴ്ന്നു കിടന്നു എന്തൊക്കെയോ വായിച്ചു,അത് കേട്ട് മറ്റുള്ളവര്‍ ചിരിക്കുകയും അവന്റെ പുറത്തു പിടിച്ചുന്തി മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. 
പെണ്കുട്ട്യെയോ പോലീസുകാരെയോ കാണാന്‍ ഉണ്ടായിരുന്നില്ല.ആദ്യ ടിക്കെട്ടും എടുത്തു ലോക്കലില്‍ കയറാനായി അയാള്‍ നടന്നു. ചൂളം വിളിച്ചു കൊണ്ടെത്തിയ ബാര്‍ദ്ധ്വാന്‍ ലോക്കലില്‍ നിന്നും വന്ന ചെറിയ മനുഷ്യരുടെ ലോകത്തില്‍ അയാള്‍ക്ക്‌ ദിക്ക് തെറ്റി.. ഭൌമിക് എന്നാ ഒറ്റയാന് മുകളിലൂടെ നഗരം കാണാനെത്തിയ നാട്ടു കോഴികളും..നാറുന്ന പാല്‍ ചന്നകളും..തണുത്തു വിറങ്ങലിച്ച ആറ്റു മത്സ്യങ്ങളും നഗരത്തിലേക്ക് എടുത്തു ചാടി..ഒന്നൊന്നായി പിന്നെ കൂട്ടം കൂട്ടമായി..



2 comments:

Unknown said...

very very nice way of presentation n the language handling.. bt ( ente arivinte azhakkuravu kondu thonniyathaavaam) kadhayude peru kadhayumaayi evideyo oru shreni thetti kidakkum pole

kaayalan said...

ys, it is an error (deliberately..haha)