Wednesday, October 12, 2011

ഛീ....

    പറഞ്ഞു പറഞ്ഞു വരുമ്പം നമ്മള്‍ എല്ലാവരും വള്ളുവനാട്ടുകാര്‍ ആകുന്ന ഒരു കാലം വരും. മിച്ചം വന്ന കുറെ തിരുവനന്തപുരം കാരും ..''എന്നാ '' പറയുന്ന എണ്ണം പറഞ്ഞ കൊട്ടയംകാരും ഒന്ന് മരിച്ചോട്ടെ.  ലോകത്തെ പുഴയെല്ലാം നിളയാക്കി എന്നത് മാത്രമാണ് എം.ടി . ചെയ്തത്. അതാണോ ചനെല്കാര്‍ നമ്മളോടു ചെയ്യുന്നത് ? വെറുതേ ഇരിക്കുമ്പോള്‍ മനസ്സിലേക്ക് കേറി വരുന്നതാണ് ഈ കേള്‍ക്കുന്നതൊക്കെ. 
നേരെ ചൊവ്വേ തകഴി എഴുതിയ വാക്കുകള്‍ കേക്കണമെങ്കില്‍ ഏതെങ്കിലും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമ കാണേണ്ട അവസ്ഥ...പണ്ട് രാഘവന്‍ മൂപ്പീന്നിനെ തങ്കമ്മ ഇച്ചേയി ആട്ടിയ ''ഛീ ..'' ഓര്‍മ്മ വരുന്നു. ഉച്ചയ്ക്ക് പണിയില്ലാതെ ഈച്ചയാട്ടി ഇരിക്കുംപോളൊക്കെ വേറെ പലതും ഓര്‍മ്മവരും. 
രാഘവന്‍ -തങ്കമ്മ ബന്ധം ഭൂമിയിലെ പുരാതന ബന്ധം തന്നെ .അതിപുരാതനം അല്ല. ദാമ്പത്യം.
അതില്‍ ഛീ എങ്ങനെ കടന്നു വന്നു..എന്ത്രയെണ്ണം വന്നു കാണും എന്നെല്ലാം നമുക്ക് പിന്നീട് അന്വേഷിക്കാം. തല്ക്കാലം കാര്യമാത്ര പ്രസക്തമായ ഒരു ഛീ എടുത്തു പെരുമാറാം.
രാഘവന്‍ മൂപ്പീന്ന് സ്ഥലത്തെ വേണ്ടപ്പെട്ട ഒരു പലചരക്ക് കടക്കാരനായിരുന്നു. പല ചരക്കില്‍ പലതും പെടുമല്ലോ. 
പോസ്റ്റ്‌ ആഫീസില്‍ നിന്നല്ലാതെ ഇന്ല്ലന്റ്റ് കിട്ടുന്ന സ്ഥലത്തെ ഒരേ ഇടം. 
വാടകയ്ക്ക് അപരിചിതന് പോലും സൈക്കിള്‍ വാടകയ്ക്ക് കിട്ടുന്ന സ്ഥലം..
പെണ്ണിനെയോ ചെറുക്കനെയോ നേരിട്ട് കാണുന്നതിനു മുന്‍പ് തന്നെ അവരെപ്പറ്റിയുള്ള ലോക്കല്‍ അഭിപ്രായം സ്വരൂപിക്കുന്ന അന്നത്തെ മാട്രിമോണി ആഫീസ് ..
ഇങ്ങനെ ഒക്കെ ആയിരുന്നെങ്കിലും മൂപ്പീന്ന് ഒരു നല്ല പിശുക്കന്‍ കൂടി ആയിരുന്നു. സ്വന്തം പറമ്പിലെ തേങ്ങയെല്ലാം വിറ്റു കാശാക്കി വെക്കും .എന്നിട്ട് കാറ്റും മഴേം വരുമ്പോള്‍ ഒരു കസേരയെടുത്ത്‌ തിണ്ണ യ്ക്ക് കൊണ്ടിട്ടു അടുത്ത പുരേടതിലേക്ക് ചെവിവട്ടം പിടിച്ചിരിയ്ക്കും. തേങ്ങ വീണാലും തെങ്ങ് വീണാലും ആദ്യം എത്തുന്നത്‌ മൂപ്പീന്നായിരിക്കും ..അടുത്ത പുരെടത്തില്‍ .
''അങ്ങേലെ മൂപ്പീന്ന് ചത്തോടീ..നമ്മളും പോയൊന്നു അറിയേണ്ടേ..''കടമ്മനിട്ട പാടിയ പാട്ടില്‍ മൂപ്പെന്നിനെ പറ്റി വിശദമായി പറഞ്ഞിട്ടുണ്ട്. 
മൂപ്പീന്ന് ചത്ത്‌ പോയിട്ട് വര്ഷം പത്തു മുപ്പതായി. പക്ഷെ ഛീ കേള്‍ക്കുമ്പോള്‍ മൂപ്പീന്നിന്റെ കഥ ഓര്‍മ്മ വരും . കഥ എന്നാല്‍ അന്നത്തെ അപ-കഥയാണ്. അപവാദ കഥ.
അന്ന് സ്വന്തം സിറ്റിയില്‍ ആകെയുള്ള കടയാണ് മൂപ്പീന്നിന്റെ കട എന്ന് മുന്‍പേ പറഞ്ഞല്ലോ. ആ കടയ്ക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ദിവസവും ഉച്ചയ്ക്ക് രണ്ടര മുതല്‍ മൂന്നര വരെ കട മുടക്കമായിരിക്കും . എന്ന് വച്ചാല്‍ നിരപ്പലക ഇട്ടു മൂടുകയുമോന്നും ഇല്ല. കട തുറന്നു തന്നെ ഇരിയ്ക്കും . റേഡിയോ യില്‍ നിന്ന് ആലപ്പുഴ നിലയം സംപ്രേഷണം ചെയ്യുന്ന ചലച്ചിത്രഗാനങ്ങള്‍ ..യുവവാണി..ഒക്കെ സൌജന്യമായി കേള്പ്പിക്കുന്നുണ്ടാകും. പക്ഷെ കടയ്ക്കകത് മൂപ്പീന്ന് മാത്രം കാണില്ല!!
എന്നാല്‍ പരിചിതര്‍ ആരും തന്നെ കടയിലേക്ക് വരികയുമില്ല!
പന്ത്രണ്ടാരെടെ വാര്‍ത്ത വെയ്ക്കടീ..
ഒന്നരെടെ ചലച്ചിത്ര ഗാനം വെയ്ക്കടാ...
എന്നൊക്കെ പറേന്ന പോലൊരു സംഗതിയാര്‍ന്നു അത്.  അറിയാതെ ആരെങ്കിലും കടയില്‍ വന്നാല്‍ നാട്ടുകാര്‍ അതറിയും.
അവിടെയാണ് സംഗതി..അപരിചിതര്‍ ആദ്യം കടയില്‍ വരും . മൂപ്പീനിനെ പോയിട്ട് ഒരു ഈച്ച പോലും ഇല്ല എന്ന് മനസ്സിലാക്കുന്നതോടെ തൊട്ടടുത്ത വീട്ടിലേക്കു ..രണ്ടും ഒരേ കൊമ്പൌണ്ട്..മാത്രമല്ല..ഒരേ ഓലമേഞ്ഞ വാസ്തുവിദ്യയുടെ  സൃഷ്ടിയും. തങ്കമ്മ ഇച്ചേയി ആദ്യം മൌനവും പിന്നൊരു പൊട്ടിത്തെറിയും ആണ്. ''ഛീ.. എന്റെ പരങ്ങാവാ..ആ ....*****ടെ പേരെ കാണും '' ''അത്ര അത്യാവശ്യമാണേല്‍ പോയി വിളിച്ചോ..''
ആരും പോയി വിളിച്ചതായി അറിയില്ല. മനസ്സില്‍ തന്തയ്ക്കു വിളിച്ചു കാണും. അസമയത്തു ചെന്ന് പെട്ട് പോയതിനു.

രണ്ടാമത് പറഞ്ഞ പെര ഒരു പത്തു നാനൂറു മീറ്റര്‍ ദൂരെയാണ്. അവിടെ നിന്ന് കൃത്യം മൂന്നരയ്ക്ക് മൂപ്പീന്ന് തിരിച്ചു വരും . അപ്പോഴവിടെ മഴപെയ്ത ആകാശം പോലെ ശാന്തമായിരിക്കും എല്ലാം. തങ്കമ്മ ഇച്ചേയി കന്നിന് കാടി കൊടുത്ത പാത്രോം എടുത്തു മൂപ്പീന്നിനുള്ള ചായേം അനത്തി മുറ്റത്തിന്റെ മൂലയ്ക്കിരുന്നു ഈര്‍ക്കില്‍ ഈരുകയോ..മൂപ്പീന്ന് കാണാതെ വിശേഷം പറയാന്‍ അയലത്ത് പോകുകയോ ചെയ്യും. വൃദ്ധന്‍ ഒരു മണിക്കൂറിന്റെ യൌവ്വനം വെടിഞ്ഞു നാലര മണിയോടെ വയസ്സനാകും..ആകാശവാണി ആലപ്പുഴ നിലയം അടച്ചു കുറ്റിയിട്ടു ''കൂ.....'' സംപ്രേഷണം തുടങ്ങിയിട്ടുണ്ടാകും.

ഇന്നായിരുന്നെങ്കില്‍ ഇച്ചേയി ഒന്ന് മനസ്സ് വെച്ചാല്‍ കെളവന്‍ 'ഏഷ്യാനെറ്റ്‌ എക്സ്ക്ലുസിവ് ' ആയേനെ. അല്ലെങ്കില്‍ മിനിമം ഒരു ''വിശ്വസിച്ചാലും ഇല്ലെങ്കിലും'' എങ്കിലും ..

അന്നും അന്വേഷണത്തിന് ഞങ്ങള്‍ ഒരു കുറവും വരുത്തിയില്ല എന്നതില്‍ ഇപ്പോഴും അഭിമാനം തോന്നുന്നു. ചെറിയ ചമ്മല്‍ കൂട്ടുണ്ടെന്നു മാത്രം. എല്ലാം ബാലസംഘന്വേഷണം ...
എല്ലാവരും ചേര്‍ന്ന് ഒരു ദിവസം ഉച്ചയ്ക്ക് രണ്ടാമത്തെ പുരയുടെ അടുത്ത് കളി തുടങ്ങി . ഉച്ചയ്ക്ക് രണ്ടരയ്ക്ക് കളി നിര്‍ത്തി മൈലാഞ്ചി വളര്‍ന്നു പടര്‍ന്ന വേലിക്കരികില്‍ ഓരോരോ ഓട്ടയിലൂടെ തിണ്ണ ലക്ഷ്യമാക്കി നിന്നു. എഴുപതു കഴിഞ്ഞ മൂപ്പീന്ന് വന്നു. കിളവി തിണ്ണ യ്ക്ക് കാലു നീട്ടി വെച്ച് നര വീണ നീണ്ട മുടി ഈരി ഇരുപ്പുണ്ട്‌. മൂപ്പീന്ന് വന്ന പാടെ മുന്നോട്ട് നടന്നു വേലിയുടെ മറ്റേ അറ്റത്ത് പോയി ചാഞ്ഞു നിക്കുന്ന തെങ്ങിന്റെ ഓലയില്‍ നിന്നു ഒരു ഈര്‍ക്കില്‍ കീറി എടുത്തു പല്ല് കുത്താന്‍ തുടങ്ങി.....''...ന്താര്ന്നു പാലത്തേക്ക്''? 
''ഒരിച്ചിരി.. നത്തോലി ..കിട്ട്യര്‍ന്നു..പറ്റിച്ചു..'' വൃദ്ധ..വലിച്ചെടുത്ത ഈര്‌ കൊല്ലുന്നതിനിടെ മുറിച്ചു മുറിച്ചു പറഞ്ഞു.
''..വായൂനു ..നല്ലതാ..''
'' അത് പണ്ടാര്‍ന്നു..ഇപ്പൊ അതിലുംമെഷമല്ല്യോ..'' 
മൂപ്പീന്ന് ഓരോ പല്ലായെടുത്തു കൃത്യമായി വൃത്തിയാക്കുന്നത് പോലെ..
കിളവി കാറ്റത്ത്‌ ഇടയ്ക്കിടെ ഉറക്കം തൂങ്ങി. അപ്പോഴൊക്കെ മൂപ്പീന്ന് മുരടനക്കി അവരെ ഉണര്‍ത്തി. ഒരു മണിക്കൂറ്‌ പോയ വഴി കണ്ടില്ല. അവര്‍ ഒരു കട്ടഞ്ചായ അനത്തി കൊണ്ട് വന്നു. അയാള്‍ അത് ഊതിയൂതി കുടിച്ചു. കൃത്യം മൂന്നരയ്ക്ക് ഒന്നും പറയാതെ ഒരു പോക്ക്..
നന്നായൊന്നു ചമ്മി എല്ലാരും. ഇനി തങ്കമ്മ ഇച്ചേയി ആട്ടുമ്പോള്‍ ചിരിക്കുന്നവരോട് പറയണം..''ചുമ്മാതാ..ഒന്നുവില്ല..'''
കൂടുതല്‍ ചോദിച്ചാല്‍ ..
അപ്പോള്‍ പിന്നെ ആ ''ഛീ'' യില്‍ എന്താണ് ഒളിച്ചിരുന്നത്‌ ‌.. ??
ഉച്ചയിത്രയായിട്ടും അത് മാത്രം പിടി കിട്ടുന്നില്ല..!!!

No comments: