Sunday, November 20, 2011

ഹസാവി

മരിച്ചു പോയവരെ ഓര്‍ക്കാറുണ്ട്. ചിലരുടെ ആണ്ടിന് കല്ലറയില്‍ ഒത്തു കൂടാറുണ്ട്.ജീവിച്ചിരിക്കുന്നവരെയും കല്യാണത്തിനും പുളികുടിക്കും പോയി ബുദ്ധിമുട്ടിക്കാറുണ്ട്‌. എന്നാല്‍ മരിച്ചു ജീവിക്കുന്നവരുടെ താവളങ്ങള്‍ എപ്പോഴെങ്കിലും സന്ദര്‍ശിച്ചിട്ടുണ്ടോ?
മരണം പൂര്‍ണമല്ല. ജീവിതവും.. അവധി ദിനങ്ങളുടെ ആഘോഷമോ വര്‍ണ്ണാഭമായ ഉത്സവങ്ങളോ അതിരില്ലാത്ത രതിയുത്സവങ്ങലോ ഇല്ലാതെ..പാതി ഉറക്കത്തിലും ഭാഗിക ജീവിതത്തിലും കഴിഞ്ഞു കൂടുന്നവര്‍ ..ഓരോ ഉറക്കവും ചെറിയൊരു മരണമാകണേ എന്ന് ഉള്ളുകൊണ്ട് പ്രാര്തിക്കുന്നവര്‍..
മൃത്യു എപ്പോള്‍ സംഭവിച്ചു .?.ദിനചര്യകള്‍ നീളം കുറഞ്ഞു തുടങ്ങിയത് എവിടെ നിന്ന്?..അപകടമോ അപമാനമോ മരണകാരണം..? ഈ ഗതിയില്‍ എത്ര നാളായി കഴിഞ്ഞു കൂടുന്നു..?
പാതി മരിച്ചവരുടെ മരണത്തെ ക്കുറിച്ചുള്ള അന്വേഷണം അപ്രസക്തമാണ്..പിന്നെ പ്രസക്തി ജീവിതത്തിനാണ്.. ഇറച്ചിക്കടയിലെ ആടിനറെയോ കൊഴിയുടെയോ ഒക്കെ ജീവിതം പോലെ..
അല്‍-ഹസാവി എന്ന സ്ഥലം മേല്‍പ്പറഞ്ഞത്‌ പോലെ ഒരു താവളം ആണ്. മുപ്പതുകളിലെന്നോ പാതി മരിച്ചു പോയ ഒരു കൂട്ടം മനുഷ്യര്‍ പല കെട്ടിടങ്ങളിലും തകര ചായ്പ്പുകളിലും ഒറ്റയ്ക്കും കൂട്ടമായും താമസിച്ചു വരുന്നു. 
മനുഷ്യന്‍ സാമൂഹിക ജീവിയായി മാറുന്നത് വെള്ളപ്പൊക്കത്തിലും യുദ്ധത്തിലും അക്രമത്തിലും മാത്രമായി ഒതുങ്ങിപ്പോയെക്കാവുന്ന ഒരു കാലം മുന്നിലുള്ളപ്പോഴാനു ഈ കാഴ്ച ..
ഹസാവിയില്‍ പൂച്ച ചത്താല്‍ നാറ്റം ഉണ്ടാകില്ല. മനുഷ്യര്‍ ചത്താല്‍ വിഷമവും.
മീന്‍ പിടിച്ചും കുട്ട നെയ്തും ആല നടത്തിയും ജീവിച്ച ഒരു കൂട്ടം മനുഷ്യര്‍ പെട്രോള്‍ വിറ്റു സംപന്നരായത്തോടെ ആ നഗരത്തിന്റെ ഭൂമിശാസ്ത്രം തന്നെ മാറിപ്പോകുന്നു..അവര്‍ അവിടം ഉപേക്ഷിച്ചു പോയി.
നാടിന്റെ മാപ്പില്‍ നിന്ന് മരുഭൂമികള്‍ ഉള്‍പ്പെട്ട ജഹ്ര പ്രദേശവും മനുഷ്യര്‍ ഒത്തുകൂടിയിരുന്ന ഹസാവി തെരുവും പടിപടിയായി അപ്രത്യക്ഷമാക്കപ്പെട്ടു.
ജഹ്രയില്‍ രാജ്യത്തിന്റെ ജയില്‍ സ്ഥാപിക്കപ്പെട്ടു. ഹസാവിയില്‍ വേശ്യകളും പിടിച്ചുപരിക്കാരും ദാരിദ്രവാസികളായ വിദേശികളും പോലീസും ഉള്‍പ്പെട്ട ഒരു ഉപജാപക നിര്‍മ്മിതിയും..
നഗരത്തിനെ മാത്രമായി എന്തിനു കുറ്റം പറയണം.?.ദ്രവ്യത്തിന്റെ രൂപമാറ്റം എന്നൊരു ശാസ്ത്രസത്യം മുന്നില്‍ ഉള്ളപ്പോള്‍..
എല്ലാം ശാസ്ത്രമാണ്..
ജീവനും വേദനയും കാമവും ..എല്ലാം.
അപ്പോള്‍ പിന്നെ പാതി മരണത്തിനു ശേഷം ആടിതീര്‍ക്കുന്ന ജീവിത അഭിനയത്തിനും ഒരു ശാസ്ത്രം ഉണ്ടാവേണ്ടിയിരിക്കുന്നു. 
ഈ നൈരന്തര്യം എന്നെ വീണ്ടും വീണ്ടും കൊല്ലുന്നു!! ദൈവമേ..നിന്റെ നിര്‍മ്മിതിയില്‍ നീ ഇത്രയും വിഡ്ഢി ആയിട്ടുണ്ടോ ..മറ്റെപ്പോഴെങ്കിലും..?
ശബ്ദമില്ലാതെ ചിരിക്കുന്ന മനുഷ്യര്‍..
അവരില്‍ ഒരുവന്‍ ..
അയാള്‍ എപ്പോഴോ എന്റെ സുഹൃത്തായി.
മനുഷ്യ ജന്മമല്ലേ..വേറെ വാക്കുകള്‍ എടുത്തിട്ട് അലമ്പാക്കണ്ട. വെറുതേ പറയുന്ന വാക്കല്ലേ. അപ്പോള്‍ പിന്നെ സൗഹൃദം എന്ന് തന്നെ പറയാം. എപ്പോള്‍ വേണമെങ്കിലും പിരിയാം..ഇന്നലെ പറഞ്ഞതിന്റെ ബാക്കിയില്‍ തുടങ്ങി അടുക്കാം..
ഹസാവി തെരുവില്‍ കണ്ടു മുട്ടുന്ന എല്ലാരേയും പോലെ ഞങ്ങള്‍ പരസ്പരം കള്ളം പറഞ്ഞു പരിചയപ്പെട്ടു,.മരിച്ചവനാണ് എന്ന് അന്ന് അറിഞ്ഞിരുന്നില്ല. നല്ല ഷേക്ക്‌ ഹാന്‍ഡ്‌ ..പിന്നീട് ഞങ്ങള്‍ ഘോരഘോരം സംസാരിച്ചു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന രണ്ടു പേരുടെ സംവാദമല്ലേ..സംഗതി കലക്കി. പിരിയുമ്പോള്‍ ലാല്‍സലാം പറഞ്ഞില്ലന്നെയുള്ളൂ ..
പിന്നീട് പലവട്ടം കണ്ടു.
'' നാട്ടില്‍ നല്ല ചൂടല്ലേ..'' അയാള്‍ തുടങ്ങി വച്ചു. കള്ളം പറയുന്നവര്‍ പൊതുകാര്യത്തില്‍ തുടങ്ങുന്നതില്‍ ഒരു തെറ്റും തോന്നിയില്ല. ആത്മാര്‍ത്തത വഴിന്ഞ്ഞു ഒഴുകാതെ ഒരു മുന്‍കരുതല്‍.
''പിള്ലാര്‍ക്കൊക്കെ പനി പിടിച്ചെന്നു ഭാര്യ പറഞ്ഞിരുന്നു..''
''ഇവിടുത്തെ തീക്കാറ്റ് വെച്ച് നോക്കിയാല്‍..''
ചര്‍ച്ച അവസാനിച്ചത്‌ ആഗോള താപനത്തില്‍.
അടുത്ത ആഴ്ച സാംസ്കാരിക ജീര്‍ണ്ണത..
ഇടയ്ക്കൊരു ദിവസം ധനകാര്യം ചര്‍ച്ച ചെയ്തു. സംഗതി ശമ്പളത്തില്‍ എത്തിയപ്പോള്‍ ഞങ്ങളെ തെരുവില്‍ കാണാതായി. 
ഈ സമയത്തൊന്നും അങ്ങേരു മരിച്ചവനാണ് എന്ന് തോന്നിയില്ല.അതും ഒരു പ്രത്യേകതയായി ഇപ്പോള്‍ തോന്നിപ്പോകുന്നു. 
അവരെ സംബന്ധിച്ച കാര്യങ്ങളെപ്പറ്റി സൂചനകള്‍ ഒന്നും തരില്ല. പഠിച്ച കള്ളന്മാര്‍!! ചിരിക്കും.പൊട്ടിപ്പൊട്ടി ചിരിക്കും..മറ്റുള്ളവരെയും ചിരിപ്പിക്കും..!
ഹസാവിക്കും ജഹ്രയ്ക്കും തമ്മിലുള്ള ബന്ധം..പരസ്പര പൂരകം..
വേശ്യയും കൂട്ടിക്കൊടുപ്പുകാരനും..
പട്ടികള്‍ക്കും പേപ്പട്ടി പിടുത്തക്കാരനും തമ്മിലുള്ളതിനേക്കാള്‍.. ആത്മാര്ത്തം.
പാതി മരിച്ചവരുടെ കൂട്ടത്തിലേക്ക് വന്നെതുന്നവര്‍..പലപ്പോഴും വിവശരായിരിക്കും. അസ്ഥിയില്‍ പിടിച്ച പ്രണയത്തില്‍ ഉള്ളു പോള്ളിയവരും .. മാതൃ സ്നേഹത്താല്‍ വലഞ്ഞവനും.. അത് അവരുടെ സ്വര്‍ഗ്ഗീയ ജീവിതത്തിന്റെ അവസാനമായിരിക്കും..മരണമായിരിക്കും..!

തകരുന്ന ഒരു ദാമ്പത്യം കരകയറ്റാന്‍..
അവസാനമായി കുടുംബത്തെ സഹായിക്കാന്‍..
അല്ലെങ്കില്‍ ആരും തിരക്കി വരില്ലെന്ന് ഉറപ്പുള്ള ഒരിടം തേടിയുള്ള യാത്രയുടെ അവസാനം  കിതച്ചു..
വന്നിറങ്ങുന്ന വിമാനത്താവളം മുതല്‍ അവര്‍ ഒരു നവജാത ശിശുവിന്റെ ബാലാരിഷ്ടതകളില്‍ പെടുന്നു..

ഒരു ചെറിയ സൂര്യനും..അഞ്ചാറു മുരടിച്ച ഈന്തപ്പനകളും..അസംഖ്യം മനുഷ്യരും..ചവറു വീപ്പകളും..
വീപ്പകള്‍ വിട്ടു പുറത്തേക്കു കിടക്കുന്ന ചപ്പുകള്‍ പോലെ ഒളിച്ചു താമസിക്കുന്ന രേഖകള്‍ ഇല്ലാത്ത മനുഷ്യര്‍..
'' നിങ്ങള്ക്ക് തിരിച്ചു പോയ്ക്കൂടെ..''
'' പോയിട്ട്..''
''സമാധാനമായി ജീവിക്കല്ലോ..'' ആവര്‍ത്തനം കൊണ്ട് മടുത്ത രണ്ടു ചോദ്യങ്ങളും ഒരു ഉത്തരവും. ഏത് തെണ്ടിക്കും സഹതാപം കാണിക്കാന്‍ നിന്ന് കൊടുക്കുന്ന നാണമില്ലാത്ത അക്ഷരങ്ങള്‍.. വെയില്‍ ഉരുകിയൊലിക്കുന്നു!!
''സമാധാനം..''
....എത്ര വയസ്സായി ങ്ങള്‍ക്ക്.''.?
കാണുന്നവര്‍ക്ക് തോന്നാത്ത വികാരം അനുഭവിക്കുന്നവര്‍ക്ക് ഇല്ലാത്ത മഹാ നരകം..
''തിരിച്ചു പോകാന്‍ സമ്മതിക്കില്ല''
''ആര്..''
''ആരും..'' 
''നിങ്ങള്ക്ക് പോകാന്‍ മനസ്സും ഇല്ലല്ലോ..'' അവസാനത്തെ ആണി അടിച്ചു കയറ്റുമ്പോ ഉള്ള അവാച്യമായ സുഖം ഞാന്‍ അനുഭവിക്കുന്നു.
''രണ്ടും ശരി തന്നെയാണ്..''
രണ്ടു ശരികള്‍ വരുമ്പോഴാണ് മനുഷ്യര്‍ക്കൊക്കെ വഴിമുട്ടുന്നത്‌..പിന്നെ താരതമ്യേന വലിയ സ്വന്തം ശരിയില്‍ തൂങ്ങി നഗരത്തിന്റെ വക്കുകളില്‍ ..മൂലകളില്‍..
സുബ്ഹി-മഗ്രിബു വാങ്ക് വിളികള്‍..
ഫയര്‍ എഞ്ചിന്റെ അലര്‍ച്ചകള്‍..
പോലീസ് വാനിന്റെ മൈക്കിലൂടെ ഉച്ചത്തില്‍ പായുന്ന തെറികള്‍..
സുഹൃത്തിനെക്കുറിച്ച്‌ ആണല്ലോ പറഞ്ഞു വന്നത്.. അയാളുടെ ഭാഗിക മരണത്തെപ്പറ്റി..പറുദീസാ നഷ്ടത്തെപ്പറ്റി ..ആദ്യം അറിഞ്ഞില്ല എന്ന് സൂചിപ്പിച്ചല്ലോ..രണ്ടാമതും പറയാം..അതെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല..
പക്ഷെ അയാളുടെ രീതികള്‍ ഒരു യന്ത്രത്തിന്റെ തിരിചിലിനെ ഓര്‍മ്മിപ്പിച്ചു. അതിരാവിലെ ഇസ്തിരിയിട്ട വേഷവുമായി തെരുവിന്റെ അന്‍പതാം നമ്പര്‍ വിളക്കു കാലിനടുത്തു അയാള്‍ പ്രത്യക്ഷപ്പെട്ടു. 
പുലര്‍കാലം പഴയ ജെര്‍മ്മനിയിലെ മെയ്ദിന റാലിയുടെ ഫോട്ടോ.. ഇരുന്നും നിന്നും ഹോനിനു ചെവികൂര്‍പ്പിച്ചു ഉറങ്ങിയും നിരവധി ഒറിജിനല്‍ സഖാക്കള്‍..
ഇരുട്ടറയില്‍ നിന്ന് അപ്പോള്‍ പുറത്തിറങ്ങിയ ഒരു തര്‍ക്കോവ്സ്കി സിനിമയിലെ  നരക വണ്ടികള്‍..എങ്ങിയും ഞരങ്ങിയും ബ്രേക്കിടുന്ന ഒച്ചകള്‍..
ഒരു വണ്ടി അയാള്‍ക്ക്‌ മുന്നില്‍ നിന്നു. അടയാളം ബാക്കി വെയ്ക്കാതെ അയാള്‍ അപ്രത്യക്ഷനായി.
മാസത്തില്‍ മുപ്പതു ദിവസവും കൃത്യമായി അയാള്‍ അത് ചെയ്തു കൊണ്ടിരുന്നു. സമാന്തരമായി ഞാനും.
തിരിച്ചെത്തുന്നത് ഇരുട്ടത്ത്‌ ആണ്..
ഒരിക്കല്‍ അയാളുടെ താമസ സ്ഥലത്ത് പോകാന്‍ ഇടയായി..
ഗതി കേട്ടാലെ വിളിക്കൂ..ബുദ്ധിമോശം കൊണ്ടോ..അതി ബുദ്ധി കൊണ്ടോ പോകാന്‍ സമ്മതിച്ചു. 
തെളിവുകള്‍ ഒക്കെ കൃത്യം.. കള്ളം വലുതായി പറഞ്ഞിട്ടില്ല പഹയന്‍..
ലിഫ്റ്റ്‌ കൃത്യം..അഞ്ചാം നമ്പരും കൃത്യം..ചാവിയില്‍ താക്കോല്‍ തിരിയുന്ന ഒച്ച..
മരിച്ചു ജീവിക്കുന്ന മനുഷ്യരുടെ മുറി നിശ്ശബ്ദ്ധമായിരുന്നു.
വാതില്‍ തുറന്നതും അയാള്‍ ചുണ്ടില്‍ വിരല്‍ വെച്ച്..ശ്ശ്..
മിണ്ടരുത് എന്നതിനുള്ള ചിരപുരാതന ആന്ഗ്യം!!
സ്വീകരണ മുറിയില്‍ തന്നെ മൂന്നു പേര്‍ മരിച്ചു കിടക്കുന്നു.
''നൈറ്റ് ഡ്യൂട്ടി ആണ് മൂന്നു പേരും.''- കിടപ്പ് മുറിയിലേക്ക് കയറി വാതിലടയ്ക്കുംപോള്‍ അയാള്‍ മന്ത്രിച്ചു.
പാവങ്ങള്‍!! ഉറക്കം വന്നിട്ടുണ്ടാകുമോ..അതോ തന്നെപ്പോലെ നിദ്രഭിനയം..?
സുഹൃത്തിന്റെ മുറിയില്‍ വല്ലാത്ത മൂകത.
ഒരു മൂലയ്ക്ക് ഇട്ടു നാറിയ തുണികള്‍ ഒരു ബിന്നില്‍ കുത്തി നിറച്ചു ..ഇടതു വശത്ത് ഒരു കുട്ടിയുടെ പൊക്കം മാത്രമുള്ള ചൈനീസ് അയയില്‍ ഇസ്തിരി ഇട്ട അഞ്ചു ഷര്‍ട്ടുകള്‍ അവയുടെ പാന്റുകള്‍..തെളിവുകള്‍ അവശേഷിപ്പിക്കാതെ അടച്ചു തഴുതിട്ട ഒരു അലമാര..
മരണാനന്തര ജീവിതം എത്ര ലളിതമാണ്..! ആലോചിക്കാതിരുന്നില്ല അപ്പോള്‍..സുഹൃത്ത്‌ അതിനു വിരാമമിട്ടു. അങ്ങേര ധൃതിയില്‍ എന്തൊക്കെയോ തന്നു സല്‍ക്കരിച്ചു. വാറ്റു ചാരായം ഓര്‍ക്കുന്നുണ്ട്. ഒട്ടും വെള്ളം ഒഴിച്ചില്ല. വെള്ളത്തിന്‌ വില കൂടുതലാണ്..പെട്രോളിന് വിലയില്ല..ഒഴിച്ച് കുടിക്കാന്‍ പറ്റില്ലല്ലോ..ശാസ്ത്രമല്ലേ..
എല്ലാ മൂലകങ്ങളും കൂടിക്കുഴഞ്ഞ സംയുക്തം..നാവു പൊള്ളി..പിറകെ നാളവും ..
അന്നാണ് പേര് ചോദിക്കുന്നത്..പുരാണവും..
പുരാണത്തില്‍ മുഖ്യ കഥാപാത്രങ്ങള്‍..അപ്സരസ്സുകള്‍..അവളുമാര്‍..അമ്മ..അമായിയമ്മ...
ആദ്യം ചരിത്രം ..പിന്നെ ഭൂമിശാസ്ത്രം. ആ ലൈനിന്റെ കിടപ്പ് ഇപ്പോഴും..ഒരുപോലെ..സുഹൃത്തിനും അതില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
അയാള്‍ പണ്ട് ഏതോ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടിരുന്നു എന്നും ..അല്ല ഏതാണ്ട് അത് പോലെ ആയിരുന്നു..അതുമല്ല..പരസ്പരം പറയാത്ത വെറും ഇഷ്ടം..എന്നൊക്കെ പറഞ്ഞു...ഒടുവില്‍ കണ്ണില്‍ നിന്ന് രണ്ടു തുള്ളി ഉള്ളിനീര് ചാടിച്ചു.
ഒടുവില്‍ പുറത്തു കടക്കുമ്പോള്‍..'' ഈ വര്‍ഗ്ഗം ഇങ്ങനാ..വിട്ടേര് സഖാവേ..'' എന്നാ തുളുനാടന്‍ പ്രയോഗത്തില്‍ ഞാന്‍ സംഗതി അവസാനിപ്പിച്ചു.
അപ്പോഴും അയാളുടെ പാതി മരണ കഥ ഞാന്‍ അറിഞ്ഞിരുന്നില്ല.
ഹസാവി തെരുവിന്റെ താപനില ഏറിയും കുറഞ്ഞും നരകസമാനം.!
ചൈനയില്‍ ഭൂകമ്പം ഉണ്ടായപ്പോഴും ഇന്ത്യയില്‍ പന്നിപ്പനി വന്നപ്പോഴും..ബംഗ്ലാ ദേശിലും ഫിലിപ്പൈന്‍സിലും വെള്ളം പോങ്ങിയപ്പോഴും ഹസാവിയിലെ ഭിത്തികളില്‍ പോസ്ടരുകള്‍ പ്രത്യക്ഷപ്പെട്ടു..'' സഹായിക്കുക..''
നിങ്ങളുടെ ദൈവങ്ങള്‍ക്ക് കഴിയാത്തത് ഈ നരകത്തില്‍ എങ്ങനെ..?
അതിന്റെ മറുപടി 'ഇസഡോര' പറഞ്ഞു തരുമായിരിക്കും.
ഹസാവിയില്‍ വന്നു രക്ഷപെട്ട 'പാതിപരേത'രില്‍  അഗ്രഗണ്യ എന്നാണു സുഹൃത്ത്‌ അവരെപ്പറ്റി പറയുക.
തെരുവിന്റെ നൂറ്റി എഴുപതാം വിലക്കുകാലിനടുത്തുള്ള തകരശീറ്റ് ഫ്ലാറ്റില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഇസഡോര ഇപ്പോള്‍ അഞ്ചാം വിലക്കുകാലിനടുത്തു 'ഫുളി furnished ' ഫ്ലാറ്റില്‍ ആണ് താമസം.
ഏതളവില്‍ ഇന്ഗ്ലിഷ് പഠിച്ചാലും 'ടാ' യ്ക്ക് പകരം 'താ ' പറയുന്ന ദാരിദ്ര്യം മാത്രം.
പൂര്‍വ്വ ജന്മത്തില്‍ അവര്‍ ഒരു കൃഷിക്കാരന്റെ വഴക്കാളിയായ മകള്‍ ആയിരുന്നു. തന്നിഷ്ടക്കാരി. പതിനാറാം വയസ്സില്‍ ഇഷ്ടപ്പെട്ട നായകനെ കെട്ടി ജീവിച്ചു വരുന്നതിനിടയിലാണ് മരണം..ഭീകരമായ കടത്തെ തുടര്‍ന്ന്..അതും പാഴ്ച്ചിലവിലാനെന്നു നാട്ടു വര്‍ത്തമാനം..
നാട്ടുകാരുടെ നാക്ക് വെട്ടണം..നല്ല പാക്കുവെട്ടി വച്ച്. ..ഇസഡോര ചൂടാവും.
കൃത്യം സമയം..
കൃത്യം കുട്ടികള്‍.
കൃത്യം ആഹാരം..
പാത്തും പതുങ്ങിയും നടത്തുന്ന ഭോഗങ്ങള്‍..
കൃത്യം എന്നാ വാക്കിനെ പുണ്യം എന്ന് അവര്‍ പരസ്പരം വിശ്വസിപ്പിക്കുന്നു.!
നല്ല തുനിയുടുതാലോ...ഇഷ്ടപ്പെട്ടവരുടെ കൂടെ ചുറ്റിയടിചാലോ..അതെല്ലാം പാഴ്ചിലവും , അങ്ങനെ ചെയ്യുന്നവര്‍ എല്ലാം ആത്മഹത്യ ചെയ്തു പ്രായശ്ചിത്തം ചെയ്യേണ്ടവരുമാകുന്നു..മുടിഞ്ഞ സോഷ്യലിസം കാരണം ഇസഡോര നാട് വിട്ടു..
ഏതായാലും പുനര്‍ജന്മത്തില്‍ ഉയര്ച്ചയുണ്ട്...ദിവസവും പുരോഗതി.
സുഹൃത്തിനു വളരെ മതിപ്പാണ്.
അടുത്ത ഫ്രണ്ട് എന്നാണു അവളെപ്പറ്റി പറയുക..
മതിപ്പിന്റെ കാരണം..മാനുഷികം..പരോപകാരം..
''അറ്റ്ലീസ്റ്റ് ഷീ നോ വാട്ട്‌ ഷീ ഡൂ''....ഒറ്റവാക്കില്‍ കാര്യപ്രാപ്തി.
സുഹൃത്ത്‌ വല്ലാതെ ബോറടിക്കുമ്പോള്‍ ഇസടോര യുടെ  വാതിലില്‍ മുട്ടും. ഏപ്പോഴും നല്ല സല്‍ക്കാര പ്രിയ ആയ അവള്‍ അദ്ദേഹത്തെ മാമ്പഴ ജൂസ് നല്‍കി സ്വീകരിക്കും. പിന്നെ ഒരു ചെറിയ മുറിയില്‍ വാതില്‍ അടച്ചിട്ടു തമാശകള്‍ പറയും. അന്തവും കുന്തവും ഇല്ലാത്ത തമാശകള്‍..'ടാ' യ്ക്ക് പകരം 'ത'...
ആ കഥകള്‍ കേട്ട് കേട്ട് സുഹൃത്തിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകാരുണ്ട് പലപ്പോഴും..അന്നേരവും ഇസഡോര തന്നെ സഹായിക്കും..നൂറു 'ക' യ്ക്ക് പത്തു 'ക' നിരക്കില്‍ സുഭിക്ഷമായ സഹായം.!
ഇപ്പോള്‍ അദ്ദേഹത്തിന്റെ  എ. ടി.എം . കാര്‍ഡും അവിടെയാണ് സൂക്ഷിക്കുന്നത്. വെറുതേ കളഞ്ഞു പോകേണ്ടല്ലോ..!
പാതി മരണ ശേഷവും പുരാതനമായ ചില ചലനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്ന് സുഹൃത്ത്‌ തെളിവ് തരുന്നു.
ഹസാവിയില്‍ 'രോഗ'ബാധ കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യ സമ്പന്നരുടെ ഭൂഖണ്ഡം ആണെന്ന ബി.ബി.സി റിപ്പോര്‍ട്ട് പോലെ ..പരെതര്‍ക്ക് എന്തസുഖം?
സുഹൃത്ത്‌ ദിവസങ്ങളോളം അപ്രത്യക്ഷനായാലും അടുത്ത ചന്ദ്രോദയത്തില്‍ പ്രത്യക്ഷപ്പെടും. എല്ലാ സുഖവിവരവും  അച്ചടി ഭാഷയില്‍ അന്വേഷിക്കും.
ക്രിസ്തുമസിനു കണ്ടില്ല. അത് ഒറ്റ ദിവസത്തെ പരിപാടിയാണ്. കാണാന്‍ പറ്റിയെന്നു വരില്ല.
പക്ഷെ ഓണത്തിന് മുങ്ങാന്‍ കഴിയില്ല. കാരണം ഓണം ഒരു വര്‍ഷമാണ്‌..അത്തം മുതല്‍ അടുത്ത വര്ഷം അത്തം വരെ നീണ്ടു നില്‍ക്കുന്ന ..അത് എല്ലാവരെയും ആഘോഷിപ്പിച്ചേ വിടൂ..
ലുലു ഓണം
ഗള്‍ഫ്‌ മാര്‍ത് ഓണം.
ബദര്‍ -അല്‍-മുല്ല ഓണം..തുടങ്ങി..
തിരു, കൊല്ലം, ആലപ്പി, പതിനാലു ജില്ലകളും കഴിഞ്ഞു...
കറ്റാനം, മേപ്പള്ളിക്കുട്ടി, തഴവ, സ്ഥലങ്ങളും ശേഷം..
മേടമുക്ക്..വേലഞ്ചിര തുടങ്ങിയ അസ്സോസ്സിയേഷനുകളും കൂടി ആഘോഷിച്ചിട്ട് വരുമ്പോള്‍ ഒരു വര്ഷം തീരെ ചെറിയ ഒരു സമയം..മാത്രം.. ഒരു വര്‍ഷത്തിനിടെ എപ്പോഴെങ്കിലും അങ്ങേരെ  കാണാതിരിക്കുന്നത് എങ്ങനെ..
''കേരളത്തില്‍ മാത്രമാണ് പത്തു ദിവസം കൊണ്ട് സമാപന ചടങ്ങ് നടത്തുന്നത്..''
ഞാന്‍ കാണുമ്പോള്‍ സുഹൃത്ത്‌ നല്ല മൂഡിലായിരുന്നു..
''ആഘോഷിച്ചോ''
''ഇല്ല''
'' ആഘോഷിക്കുന്നുണ്ടോ ?"
''ഇല്ല'' അങ്ങേര്‍ നിര്‍ബാധം പുകച്ചു തള്ളി.
''അതെന്താ സഖാവേ ഒരു റിബല്‍ ലൈന്‍..?''
'' എല്ലാ ആഘോഷങ്ങളും ഇരുപത്തഞ്ചു വയസ്സ് വരയല്ലേ ഉള്ളൂ..!''

അദ്ദേഹം ഒരു തത്വ ചിന്ത എറിഞ്ഞു തന്നു ..കടി കൊള്ളാത്ത എല്ലിന്‍ കഷ്ണം..!

''മനസ്സിലായില്ല..'' ശെരിക്കും ഒന്നും മനസ്സിലായില്ല..ദാരിദ്ര്യം അടിയറ വെച്ചു.

''അതിനു ശേഷം എല്ലാ മനുഷ്യരും അതിന്റെ ഓര്‍മ്മകളില്‍ ആണ് ജീവിക്കുന്നത്..''
- വീണ്ടും പുക..

''കാരണം?''

''അവിടെ ഒരു മരണം സംഭവിക്കുന്നു..''
ഓഹോ..
അദ്ദേഹം ഇനിയെന്താണ് പറയാന്‍ പോകുന്നത് എന്ന്  എനിക്ക് വിദൂര സങ്കല്‍പ്പത്തിന് പോലും സാദ്ധ്യതയില്ല, എങ്കിലും ചോദിച്ചു..
''തനിക്കിപ്പോ എത്ര വയസ്സായി..?''

''ഇരുപത്തഞ്ചിനു ശേഷം പത്ത്''

ആ കണക്കു എനിക്ക് വല്ലാതങ്ങ് ബോധിച്ചു. അതയാള്‍ നേരിട്ട് മുപ്പത്തഞ്ചു  എന്ന് പറഞ്ഞിരുന്നെങ്കില്‍ ഭാവിയില്‍ ഞാന്‍ ആത്മഹത്യ ചെയ്തേനെ..വിദൂര ഭാവിയില്‍..
മരണത്തിനു ശേഷം പത്ത്..വര്‍ഷങ്ങള്‍..

അദ്ദേഹം സുഹൃത്ത്‌ എന്ന നിലയില്‍ നിന്ന് വളരെയേറെ വളര്‍ന്നു പോയെന്നു എന്നിലെ കുള്ളന്‍ ഓര്‍മ്മിപ്പിച്ചു. ഞാന്‍ കണ്ടു കൊണ്ടിരുന്നത്..സംസാരിച്ചു കൊണ്ടിരുന്നത് മരിച്ച ഒരാളോടായിരുന്നു!
''ചരമ ദിനം ?''
''ജൂണ്‍ ഇരുപത്തി ഒന്ന്..'' അദ്ദേഹം കാര്യമായി തന്നെ പറഞ്ഞു..
എനിക്ക് പിന്നില്‍ അഴുക്കു പിടിച്ച തെരുവ് വിളക്കുകള്‍ ഒന്നൊന്നായി തെളിഞ്ഞു വന്നു. അത് നൂറ്റി എഴുപതാം വിലക്ക് വരെ ഒറ്റ സെക്കണ്ടില്‍ സംഭവിച്ചു. പാതി പരേതരുടെ തെരുവില്‍ ഒരു സന്ധ്യയുടെ ആരംഭം..

അപ്പോള്‍ പറഞ്ഞു വന്നത് മരിച്ചു ജീവിക്കുന്നവരുടെ ലോകത്തെ പറ്റിയാണ്..
മനുഷ്യരെ പറ്റിയാണ്..

മനുഷ്യര്‍..

ഇത്രയും തമാശ നിറഞ്ഞ വിഷയം വേറെ എന്തുണ്ട്..?...













1 comment:

Unknown said...

ദൈവമേ..നിന്റെ നിര്‍മ്മിതിയില്‍ നീ ഇത്രയും വിഡ്ഢി ആയിട്ടുണ്ടോ ..മറ്റെപ്പോഴെങ്കിലും.

xactly !!!...