Thursday, September 15, 2011

പലെക്കോടന്‍ എന്ന പത്രാധിപര്‍..,നിസ്തുല കടു.. ,സിസി. ., റോജന്‍ എന്ന നീചന്‍ ...തുടങ്ങിയവര്‍.

  വീഞ്ഞ് ഭരണി എന്നും ഹംസ പലെക്കോടന്‍ എന്ന എഴുത്തുകാരന്റെ വള്ളിക്കുടില്‍ ആയിരുന്നു. എഴുതി ക്ഷീണിക്കുമ്പോള്‍ അയാള്‍ ഒടുവിലെത്തുക മച്ചുംപുറത്തെ വീഞ്ഞ് ഭരണിയിലോ അല്ലെങ്കില്‍ കുന്തിപ്പുഴയിലോ..അല്ലെങ്കില്‍ നൂറാടി പുഴയിലോ.. ഓരോ ഉര്വ്വരയായ പെണ്‍കുട്ടിയും അയാളിലെ കാമുകനെ കാത്തിരിക്കുകയാണെന്ന് വീമ്പും പറയും..പഹയന്‍..പക്ഷെ അങ്ങേരുടെ ഈ മുന്തിരിവള്ളികളും പനിനീര്‍ പൂക്കളും കാമ്പസില്‍ ഒരു വസന്തം സൃഷ്ടിച്ചിരുന്നു  എന്ന് പലെക്കൊടന്റെ  എതിരാളികള്‍ പോലും സമ്മതിക്കും. 
''സ്മ്രിതിയുടെ കറുത്ത പൂക്കള്‍ '' തന്നെ എടുക്കുക..''ചെരാത് '' മാഗസിന്  വേണ്ടി ഹംസ പലെക്കോടന്‍ എഴുതിയ നിലം തൊടാത്ത എഴുത്തായിരുന്നു അത്. കഥ യില്‍  വേണമെങ്കില്‍ അങ്ങനെ ..കവിതയായി വേണമെങ്കില്‍ അങ്ങനെ..വായിക്കുന്നവന്റെ ഇഷ്ടത്തിനനുസരിച്ച് എവിടെ നിന്ന് എപ്പോള്‍ വേണമെങ്കിലും വായിച്ചു തുടങ്ങാവുന്ന സൃഷ്ടിയാണ് അത് . 
കറുത്ത മൈലാഞ്ചി 
നൂറാടി പുഴയിലെ വെള്ളം ചിലപ്പോഴങ്ങനെയാണ് . ചുവന്ന മൈലാഞ്ചി നീര് പോലെ .കലങ്ങി മറിഞ്ഞു ഇരു കരകളും മദിച്ചു കൊണ്ട് ..
                                          "നല്ല പോലെ ചുവക്കണ മൈലാഞ്ചി "
                                          " നിന്റെ ചുണ്ട് പോലെ?"
ഒരു മനുഷ്യന്‍ കൂടി നഗ്നനാവുന്നോ?വീണ്ടും നൂറാടി പുഴ ധമനികളിലൂടെ പതഞ്ഞു ഒഴുകുകയാണ്. ഹൃദയചെരുവുകളിലെ ഏതെല്ലാം കരകളിലാണ് വിള്ളലുകള്‍ പിളര്ന്നകലുന്നത് . നിന്നോടെന്നും തെറ്റുകള്‍ ചെയ്യാന്‍ മാത്രമേ എനിക്കായിട്ടുള്ള്..നീ തേടിയ പ്രവാചകനെ ചാപിള്ളയാക്കി മണ്ണില്‍ എറിഞ്ഞു . ദുഃഖങ്ങള്‍ മാത്രം കത്തിയെരിയുന്ന നെരിപ്പോടില്‍ നിന്നും മഞ്ഞുതുള്ളി പോലൊരു പ്രണയം ഉണര്‍ന്നിട്ടും നിന്റെ കണ്ണുകളിലെ നീലയും തൊലിയുടെ വെളുപ്പും മാത്രം ഞാന്‍ കൊതിച്ചു. 
ക്ഷെമിക്കുക പ്രിയപ്പെട്ടവളെ. 
നീ കളങ്കപ്പെടാത്ത പ്രണയം ആയി തന്നെ നിലകൊള്ളുക . പ്രതീക്ഷകളുടെ ശവപ്പെട്ടി താങ്ങാന്‍ മാത്രം വിധിക്കപ്പെട്ടവനാണ്‌ ഞാന്‍ . നീയുമൊരിടം ചോദിക്കുമ്പോള്‍ ഞാനിത്രമാത്രം പറയാം ..
നീയുമൊരു പ്രതീക്ഷയാവുക 
ശവപ്പെട്ടിയിലെങ്കിലും...
സ്മ്രിതിയുടെ കറുത്ത പൂക്കളിലെ ചെറിയൊരു തലക്കെട്ടാണ് മേലെ കൊടുത്തത് . തീര്‍ച്ചയായും ധാരാളം മുന്തിരി വള്ളികളും വീഞ്ഞ് ഭരണികളും ..ഹംസ പലെക്കോടാ നിങ്ങള്‍ ഒളിച്ചു വെച്ചിട്ടുണ്ട് ..ഈ എഴുത്തിന്റെ ലക്‌ഷ്യം തന്നെ അതാണ്‌ . ഒടുവില്‍ പലപ്പോഴും അദ്ദേഹം എത്തിച്ചേര്‍ന്നത് കടുത്ത വിരഹിയായിട്ടാണ് ..എവിടെയും..
.."..മുന്തിരി തോപ്പുകളില്‍ നിന്റെ പ്രണയം പൂര്‍ണത തേടി അലയുംപോഴും പഴച്ചാറിന്റെ പുതുമയ്ക്ക് വേണ്ടി അവള്‍ സ്വര്‍ഗ്ഗീയത പോലും ഉപേക്ഷിച്ചു . പിന്നെ നീ ശവക്കല്ലറയില്‍ കാത്തു കിടന്നപ്പോള്‍ പുതിയ മുന്തിരി തോപ്പുകളില്‍ അവള്‍ പ്രണയം ആസ്വദിച്ചു ..
നീയവള്‍ക്കു വികാരങ്ങള്‍ എങ്കിലും കൈമാറുക 
നീ വഞ്ചിക്കപ്പെട്ടു എന്ന് പിന്നീട് നിനക്ക് തോന്നാതിരിക്കട്ടെ."

അദ്ദേഹത്തിന്‍റെ പൂവണിയാത്ത പ്രണയം ആണോ സൃഷ്ടിക്കു പിന്നില്‍ എന്ന് ന്യായമായും സംശയം ഉയരാം. കള്ളമാണെന്ന്  അറിഞ്ഞു കൊണ്ട് ചില കള്ളങ്ങള്‍  കേള്‍ക്കുന്ന സുഖം കളയണ്ടാ. ആ സംശയം അങ്ങനെ തന്നെ ഇരിക്കട്ടെ . പക്ഷെ എഴുത്തില്‍ ഹംസ സത്യം മാത്രം പറയാന്‍ ശ്രമിച്ചു. 

പില്‍ക്കാല പ്രണയം വികാരങ്ങളുടെ അനിയന്ത്രിത കൈമാറ്റം ആയിരുന്നോ എന്ന് ആരെങ്കിലും പഠിക്കട്ടെ !!
ഹംസ പലെക്കൊടനോടുള്ള ചോദ്യം ഇതാണ്  "താങ്കള്‍ എന്ത് കൊണ്ട് ഇപ്പോള്‍ എഴുതുന്നില്ല.???.''
പണ്ട് താങ്കള്‍ നല്‍കിയ ചുള്ളിക്കാടന്‍ മറുപടിയിലോന്നും കാര്യം ഇല്ല.

മേല്‍ പറഞ്ഞ ചോദ്യം മറ്റു ചില മുഖങ്ങള്‍ക്കു നേരെയും ഉയര്‍ത്തുന്നു..
Enfield Bullet ഓടിക്കാന്‍ തക്ക Caliber  ഉള്ള കുട്ടിയായ  നിസ്തുല kaTuvaani ..(ശിവപ്രിയ വിജയ്‌)

സഹസ്രാബ്ദത്തിലെ അവസാനത്തെ ഡിസംബര്‍ എഴുതി  നിര്‍ത്തിയ രാജേഷ്‌ കുമാര്‍ (സിസി..)
മെസ്സിന്റെ ശോചനീയാവസ്ഥ ഒരു കാര്‍ടൂനില്‍ കാണിച്ചതിന് ഭീഷണി നേരിട്ട റോജന്‍ എന്ന നീചന്‍ (അവനെന്തിനാ വര നിര്‍ത്തിയെന്ന്  അവനു പോലും അറിയില്ല )...''താഴ്വാരതെക്കുള്ള വണ്ടി '' എന്ന അതി മനോഹര ചെറുകഥ എഴുതിയ ജോബി . കെ . ജെ ( എഴുത്ത് എഴുത്തുകാരന് സുഖമുള്ളതല്ല എന്നാണു അദ്ദേഹം ഇയ്യിടെ പ്രതികരിച്ചത് ..നമ്മുടെ ഭാഗ്യദോഷം!!!!..).എല്ലാവരും തിരിച്ചു വരുമെന്ന് വിശ്വസിക്കാന്‍ ശ്രമിക്കാം ..അല്ലെ ..സഖാവ് ..(ജാക്കിന്‍ + റാണ = ജാറാക്കിനാന്‍ / രാണാക്കിനാന്‍)...



No comments: