Wednesday, June 29, 2011

വരയില്ലാത്ത ലിപിയില്‍..

അയാള്‍ എത്തുമ്പോള്‍ തെരുവ് ശാന്തമായിരുന്നു. ഭീതിപ്പെടുത്തുന്ന ശാന്തത എന്ന് പറയുന്നതാവും ശരി !.. ചരിത്രം ഒരുപാടുള്ള ഒരു നഗരത്തിന്റെ തെരുവ്.
ഉച്ച കഴിഞ്ഞു മൂന്നു മണിയെങ്കിലും ആയിരിക്കണം.. അത്യാവശ്യക്കാരെ തെരുവില്‍ എത്തിയിട്ടുള്ളൂ എന്ന് അയാള്‍ക്കും മനസ്സിലായിരിക്കണം.. ജവ്ളിക്കടകളും കെട്ടിടത്തിനകത്ത് പ്രവര്‍ത്തിക്കുന്ന വലിയ പലചരക്ക് കടകളും ഒഴിച്ചാല്‍ വഴിവാണിഭക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ചാര്‍- ദര്‍വാസ എന്നറിയപ്പെടുന്ന നാല് വലിയ കമാനങ്ങള്‍ ആണ് തെരുവിന്റെ മുഖപ്പ് . അത് തന്റെ അതിന്റെ ഭൂതവും വര്‍ത്തമാനവും. അതിനകത്ത് നഗരം അതിന്റെ നിഗൂഡതകള്‍ സൂക്ഷിക്കുന്നു.
പുതുക്കി പണിയാത്തത് കൊണ്ടു കാണാന്‍ വലിയ ശേലില്ല. പക്ഷെ അതിന്റെ മേല്‍ക്കൂര തെരുവില്‍ എവിടെ നിന്നായാലും കാണാം. ചത്ത്‌ പറക്കുന്ന ഒരു കാവി പതാകയാണ് അതിനെ വര്തമാനതോടു ബന്ധിക്കുന്നത്..
അയാള്‍ ആ നഗരത്തില്‍ വന്നിട്ട് കുറച്ചു വര്‍ഷങ്ങളെ ആയിരുന്നുള്ളൂ.. കുപ്രസിദ്ധമായ നഗരം.. ചരിത്രത്തില്‍ അത് പലയിടത്തും സുപ്രസിദ്ധമായിരുന്നു.
വ്യാപാരികള്‍ ഭരിക്കുന്ന നഗരമായിരുന്നു എന്നാണു കല്പേഷ് ഗാന്ധി അവകാശപ്പെടുന്നത്. അയാള്‍ സ്വന്തം തേയില -പരിപ്പ് കച്ചവടം നടത്തിയിരുന്ന നഗരത്തെ പറ്റി അങ്ങനെയല്ലേ പറയാന്‍ കഴിയൂ..
പ്രതാപ് സിംഗ് രാന അയാളെ തിരുത്തും.. ഇത് ശക്തന്മാരുറെ നഗരം..നിന്നെപ്പോലെ അടങ്ങിയൊതുങ്ങി ഇരിക്കുന്നവരുടെ അല്ല.
ഒരു മുറുക്കാന്‍ കടയും അഞ്ചെട്ടു ഗുണ്ടകളും ചേര്‍ന്നാല്‍ നഗരം ഭരിക്കുന്നത്‌ അവരാണെന്ന് രനെ പഠിച്ചത് ..അല്ലെങ്കില്‍ പറഞ്ഞുറപ്പിക്കാന്‍ ശ്രെമിക്കുന്നത് എന്തിനായിരിക്കണം.. അയാള്‍ രണ്ടു പേരെയും അംഗീകരിച്ചു. രനെയെ കുറെ കൂടുതല്‍.. വല്ലപ്പോഴും ജോലിക്കിടയില്‍ അവനുമായി വഴക്ക് കൂടാരുന്റായിരുന്നത് അയാള്‍ ഓര്‍ത്തു.
'' അവന്‍ അങ്ങനെയൊക്കെ പുലമ്പും..എന്നാണു അനാഥ ശവമായി..ഗുടാമുകളില്‍ ഇവന്‍ കിടക്കുക എന്നേ ഇനി അറിയേണ്ടതുള്ളൂ..ഭായ്.''
കല്പേഷ് രഹസ്യമായി പറഞ്ഞു.
വെറുതെ ഇരുന്നു ദിവസങ്ങള്‍ തള്ളി നീക്കുന്ന പതിവ് കണ്ടപ്പോള്‍ പ്രീതിയാണ് പറഞ്ഞത്..''വല്ലതും വായിച്ചു കൂടെ ..സിഗരട്ട് വലിയെങ്കിലും കുറയും.''
''എവിടെ കിട്ടാന്‍..ഞാന്‍ തെരുവില്‍ ഒറ്റ പുസ്തകം കണ്ടില്ല..ചില സിനിമാ വാരികകള്‍..ഒഴിച്ച്.''
മാണ്ട്വി തെരുവില്‍ ഉള്ള സെന്‍ട്രല്‍ ലൈബ്രറിയെ കാട്ടി തന്നത് പ്രീതിയാണ്. മുതിര്‍ന്ന സഹപ്രവര്‍ത്തക.
''പിന്നെ ..ഇപ്പോഴും ഒരേ പോലെ ഇരിക്കുന്ന തെരുവും ആള്‍ക്കാരും അല്ല..സൂക്ഷിക്കണം..'' രണ്ടു ദിവസം കഴിഞ്ഞാണ് മുന്നറിയിപ്പ് തന്നത്..
അപ്പോള്‍ മുതല്‍ തെരുവിനെ കാര്യമായി ശ്രദ്ധിച്ചു. എവിടെയാണ് നിറം മാറുന്ന മനുഷ്യര്‍..? ഇവിടത്തെ വെയിലിനു മനുഷ്യരെ ആയുധമില്ലാതെ തന്നെ ഭസ്മീകരിക്കാനുള്ള ശക്തിയുണ്ട്..പിന്നെയെവിറെയാണ് മൂര്‍ച്ച കൂട്ടപ്പെടുന്ന ആയുധങ്ങള്‍.?
തെരുവിന്റെ ഒന്നാമത്തെ വളവില്‍ നിറയെ സര്‍ബത്ത് കടകളാണ്. ഒരു സാധാരണ മനുഷ്യനെ ആകര്‍ഷിക്കാന്‍ ജാടയൊന്നും വേണ്ടാത്ത..വൃത്തിയുള്ള കടകള്‍.. മത്സരിച്ചു പുകയ്ക്കുന്ന സാമ്പ്രാണികളില്‍ പഴചാരുകലുറെ തീവ്രമായ ചൂര്.. കുട്ടികള്‍ പലനിറത്തിലുള്ള ജ്യൂസുകള്‍ കുലുക്കി അതിന്റെ രസം നുണയുന്നു. അയാളും പിന്നെപ്പോഴും തെരുവിലേക്ക് കടക്കുന്നതിനു മുന്‍പ് അവിടെ ഹാജര്‍ വെച്ചു. ഒരാവശ്യമില്ലതിരുന്നിട്ടും തേയിലയുടെ മണം ഇഷ്ടപ്പെടുന്നത് കൊണ്ടു വലിയ കടയില്‍ കയറി എല്ലായിനതിന്റെയും വില തിരക്കി അയാള്‍ ആനന്ദിച്ചു. കച്ചവടക്കാരന്‍ മിടുക്കനായത് കൊണ്ടു ഒരിക്കല്‍ അയാള്‍ വാങ്ങി ..ഒരു വര്ഷം കുടിക്കാനുള്ള തേയില മുഴുവനായി.
''നിന്റെ മനസ്സിന് കട്ടിയില്ല.. ഇനി ഒറ്റയ്ക്ക് ഹോള്‍സെയില്‍ കടയില്‍ കേറരുത്..'' പ്രീതി ഉപദേശിച്ചു.
''നീയായാലും വാങ്ങിപ്പോവും..''
അവള്‍ തലയില്‍ കൈവെച്ചു അയാളെ ക്രൂദ്ധമായി നോക്കി. ''പോ..മുന്നീന്.. ''
''ഹഹഹ..'' ഒരു വിട്ടിചിരിയായിരുന്നു അയാളുടെ മറുപടി. ഈ നഗരത്തില്‍ അയാളുടെ ഏക സമ്പാദ്യം അവളുടെ ആ കരുതലായിരുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത ഒരു ചിരിയും ചിലപ്പോഴൊരു ചീത്തവിളിയും..
ദിവസേന മാണ്ട്വി യിലേക്കുള്ള നടത്തം പേരറിയാത്ത ചില സൌഹൃദങ്ങള്‍ അയാള്‍ക്ക്‌ നേടിക്കൊടുത്തു. അതില്‍ പ്രധാനം ദര്വാസയ്ക്ക് മുന്നില്‍ ചായക്കച്ചവടം നടത്തുന്ന രബാരിയുമായിട്ടായിരുന്നു. ദൂരെ കാണുമ്പോഴേ കടുപ്പമുല്ലൊരു ചായയും സിഗരറ്റും തീപ്പെട്ടിയും നല്ലൊരു ചിരിയും ..
പക്ഷെ തെരുവിനെക്കുറിച്ചുള്ള അയാളുടെ ചോദ്യങ്ങള്‍ക്കെല്ലാം വല്ലാതെ പതറിയാന് രബാരി മറുപടി കൊടുത്തിരുന്നത്.. ഒരുത്തന് സ്വന്തം വീട്ടു രഹസ്യം അപരിചിതനോട് പറയാനുള്ള മടി അയാള്‍ രബാരിയില്‍ കണ്ടു.
എല്ലാ യാത്രകളിലും അയാള്‍ ശ്രദ്ധിച്ചു.. ദര്വാസയ്ക്കുള്ളില്‍ ഉള്ള റോഡിനിരുവശവും നല്ല പൊക്കമുള്ള കെട്ടിടങ്ങളാണ്. ഇപ്പോള്‍ ആരും ഒരു നിലയില്‍ അത്രയും ഉയരമുള്ള വീടുകള്‍ കെട്ടിപ്പോകാറില്ല.. പുതിയ ഒന്നരകെട്ടിടത്തിന്റെ ഉയരം വരും ഓരോന്നിനും..
''ഗെയ്ക്കുവാടുമാര്‍ നല്ല പണക്കാരല്ലേ.. ഇപ്പോഴും..'' ഒരു ദിവസം രബാരി പറഞ്ഞു. പിന്നീടെല്ലാം അയാള്‍ അന്വേഷിച്ചരിഞ്ഞതാണ്. ബോരികളെ തെരുവില്‍ കച്ചവടത്തിന് ക്ഷേനിച്ചു കൊണ്ടുവന്നത് രാജാക്കന്മാരായ ഗെയ്ക്കുവാടുമാര്‍ ആയിരുന്നു. ബോരികലുറെ കുടുംബത്തിനായി അവര്‍ കെട്ടിക്കൊടുത്ത എടുപ്പുകള്‍ ആണ് ഒക്കെയും.
വീട്ടിത്തടിയില്‍ രണ്ടുനിലയില്‍ സ്കൂളുകളും..ബാങ്കുകളും..പിന്നീട് ആ ലൈബ്രറി കെട്ടിടവും അങ്ങേനെതന്നെയാണ് വന്നിട്ടുണ്ടാവുക എന്ന് അയാള്‍ ഊഹിച്ചു.
ആദ്യ കാലങ്ങളില്‍ ലൈബ്രേറിയന്‍ അയാളെ ഒരു ശല്യം എന്നാണ് കണക്കാക്കിയത്. രാവിലെ തൊട്ടു കഷ്ടപ്പെട്ട് അടുക്കി വെച്ച പുസ്തകങ്ങള്‍ ദയയില്ലാതെ വലിച്ചിട്ടു നോക്കുന്ന പഹയന്‍..!
''നിങ്ങള്‍ ഒരു ഉദ്യോഗസ്തനല്ലേ.. ഇങ്ങനെ അടുക്കും ചിട്ടയും ഇല്ലാതായാല്‍..'' തലവരയില്ലാത്ത ഗുജറാത്തിയിലാണ് കിളവന്‍ അയാളെ ക്രോസ് ചെയ്തത്. ഇപ്പോഴെക്ക് ക്ഷെമിക്കൂ എന്നൊരു ആന്ഗ്യം കാട്ടി അപ്പോള്‍ അയാള്‍ തടി തപ്പി.
പഴയ പുസ്തകങ്ങള്‍ കടലോളം ..താനൊരു പഴഞ്ഞനാനെന്നു അയാള്‍ വിശ്വസിപ്പിക്കാന്‍ ശ്രെമിച്ചു. 'ആനിമല്‍ ഫാം' ഒപ്പിട്ടു കൊടുക്കുമ്പോള്‍ കിളവന്റെ മുഖത്ത് ഒരു അസഹ്യത ഉണ്ടായിരുന്നു. പിന്നെ ഓരോ ആഴ്ചയിലും പതിവായപ്പോള്‍ കിളവന്റെ മുഖം തെളിഞ്ഞു.
''ഞങ്ങള്‍ ഇത് കംപുടര്‍ വല്ക്കരിക്കാന്‍ പോകുന്നു..''..
ഒരു ദിവസം അദ്ദേഹം ആവേശതോ പറഞ്ഞു. ദിവസവും മണിക്കൂറുകളോളം തനിചിരുന്നിട്ടും വൃദ്ധന്‍ പുസ്തകമൊന്നും വായിക്കുന്നത് കണ്ടില്ല. ഒരു പക്ഷെ അയാള്‍ എല്ലാം വായിച്ചു കഴിഞ്ഞു കാണും.
പ്രീതി ഇടയ്ക്കൊക്കെ വായനയുടെ പുരോഗതിയെപ്പറ്റി അന്വേഷിച്ചു.
'' ഇനി ഇങ്ങനെ വെറുതെ വായിക്കരുത്..ജീവിതത്തില്‍ ഉപയോഗമുള്ളത് തിരഞ്ഞു ...''
''ഓ.. അങ്ങനെയും പുസ്തകങ്ങളോ.. ഉറപ്പുന്റെങ്കില്‍ ഒരു കൈ നോക്കാം..ഹഹഹ..''
അവള്‍ക്കു കലി വന്നു..'' ഞാന്‍ അറിയാതെ ഉപദേശിച്ചതാണ് ക്ഷെമിക്കണം..കള്ളുകുടിയും..സിഗരട്ടുവലിയും..അതൊക്കെ തന്നെ വായിച്ചോ..പുരോഗതി ഞാന്‍ കാണുന്നുണ്ട് ..'' പറഞ്ഞിട്ട് പാഞ്ഞു പോകുകയായിരുന്നു അവള്‍..
പ്രീതി പറഞ്ഞത് പോലെ തെരുവില്‍ സംഭവിച്ചു. ഒരു രാത്രിയില്‍ കല്പെഷ് ക്വര്റെര്സിലേക്ക് ഓടി വന്നു. ''ഇന്ന് രാത്രിയില്‍ എനിക്ക് വീട്ടില്‍ പോകാനാവില്ല..എനിക്ക് മാത്രമല്ല മറ്റു മൂന്നു പേര്‍ കൂടി ഉണ്ട്.. മാന്ട്വിയില്‍ കലാപം..''
അയാള്‍ എന്തോ ആലോചിക്കുന്നത് കണ്ടു ചെറുപ്പക്കാരന്‍ തിരുത്തി..''വിഷമിക്കേണ്ട..ഞങ്ങള്‍ പോര്ടിക്കോയില്‍ അട്ജ്സ്റ്റ് ചെയ്തോളാം..''
'' വേണ്ടാ..കട്ടില്‍ ഇല്ലെന്നെയുള്ളൂ..അകത്തു കിടക്കാം..''
അയാള്‍ക്ക്‌ അറിയേണ്ടിയിരുന്നത് ലഹളയുടെ കാരണം ആയിരുന്നു.
''അതിനങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട..സാഹിബ്..എപ്പോള്‍ വേണമെങ്കിലും അതാവാമല്ലോ..ഞങ്ങളുടെ കഷ്ടകാലത്തിനു നൈറ്റ് ഡ്യൂട്ടി ആയിപ്പോയി എന്ന് മാത്രം..''
''പകല്‍ കുഴപ്പമില്ലേ ?''
''രാവിലെ പോലീസോ..പട്ടാളമോ..കാണും..തുണിയുരിഞ്ഞു കാണിക്കെന്റി വന്നാലും..ദര്‍വാസ കടക്കാം..''..അത്രയും പറഞ്ഞു ചെറുപ്പക്കാരന്‍ ആശ്വാസതോറെ തിരിച്ചു പോയി.
രാത്രി വന്നവര്‍ നാലുപേര്‍ മാത്രമായിരുന്നില്ല..അവര്‍ എത്രയുന്റെന്നു അയാള്‍ എന്നിയതുമില്ല..അവര്‍ മദ്യം കഴിച്ചും ചീട്ടു കളിച്ചും രാവ് പകലാക്കിയിരുന്നെന്നു പിന്നീട് രനെ അയാളെ അറിയിച്ചു.
ആ പ്രകമ്പനം രണ്ടു ദിവസത്തിനുള്ളില്‍ പത്രവാര്തയായി..തെരുവിന്റെ അസംഖ്യം വായിക്കപ്പെടാത്ത താളുകളിലോന്നായി അപ്രത്യക്ഷമായി. അടുത്തൊരു ദിവസം ഓഫീസില്‍ രനെ അയാളെ തിരക്കിയെത്തി.
''പുതിയൊരു മൊബൈല്‍ഫോണ്‍ എത്തിയിട്ടുണ്ട്.. മാര്‍കറ്റില്‍ പതിനായിരം രൂപയെങ്കിലും വില വരും ..ഞാന്‍ അത് മൂവായിരത്തിനു വാങ്ങിത്തരാം..''
''പെട്ടന്ന് എന്താണ് ഈ വിലക്കുറവു.."? അയാള്‍ അത്ഭുതവും അവിശ്വാസവും കലര്‍ന്ന ചോദ്യമുന്നയിച്ചു..
''വില്‍ക്കുന്നവനു പണം അത്യാവശ്യമുന്ടു സാഹിബ്..'' രനെ ഒരു കള്ളം പറഞ്ഞതാണ് എന്ന് അയാളുടെ കപടമായ ദൃതി ഓര്‍മ്മിപ്പിച്ചു.
''ഏതായാലും നാളെ കൊണ്ടു വരൂ ..ഞാനൊന്ന് കാണട്ടെ.. ''
രനെ..പോയി മിനിട്ടുകള്‍ക്കുള്ളില്‍ കല്പെഷ് ഗാന്ധി അയാളെ കാണാനെത്തി..
''ഇന്ന് മൊബൈല്‍.. നാളെ ടി.വി..ഇനിയെന്തൊക്കെ വാങ്ങും സാഹിബ്''?
''എനിക്കറിയില്ല..ഗാന്ധി..ഇവനിതെവിറെ നിന്ന് ഒപ്പിക്കുന്നു..?"
അയാള്‍ തിരക്കി.
''മാണ്ട്വിയില്‍ കലാപം നടന്നാല്‍ ഇവിടെ പലരും പിറ്റേന്ന് ചെരുപ്പ് കച്ചവടം വരെ നടത്താറുണ്ട്‌ ..സാഹിബ്..''
അയാള്‍ ഞെട്ടി. അത് പുതിയ..ഭീതിപ്പെടുത്തുന്ന അറിവായിരുന്നു..
ഓരോ കലാപവും ഇവിടെ പലരെയും വ്യാപാരികള്‍ ആക്കുന്നു . കുടിലുകളില്‍ പുതിതായി കെട്ടി തൂക്കിയ എ.സി.കളും ചിലപ്പോള്‍ കണ്ടെന്നു വരും..
ഇന്നലെ തെരുവ് ശാന്തമാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഇവിടേക്ക് വരണം എന്ന് അയാള്‍ ആഗ്രഹിച്ചതിന്റെ ഫലമാണ്‌ ഈ യാത്ര.
ദര്വാസയ്ക്ക് താഴെ പേരിനു കുറെ പോലീസുകാര്‍ നിന്നിരുന്നു. ഉച്ചവെയിലില്‍ ക്ഷീണിച്ച അവരില്‍ പലരും അയാളെ ശ്രദ്ധിച്ചതേയില്ല.. ഒരാള്‍ അയാളുടെ പേര് ചോദിച്ചു. അയാള്‍ കമ്പനി കാര്‍ഡ് കാണിച്ചു.
''സന്ധ്യക്ക്‌ മുന്‍പ് തിരിച്ചു പോയ്ക്കോണം..'' പോലീസുകാര്‍ അലക്ഷ്യമായി
പറഞ്ഞു.
അയാള്‍ മുന്നോട്ടു നടന്നു.
ലൈബ്രറിയില്‍ കിഴവന്‍ തനിച്ചായിരുന്നു. അയാള്‍ സലാം വെച്ച് അകത്തേക്ക് പോയി. പഴയ റാക്കില്‍ മുന്‍പ് നോട്ടമിട്ടു വെച്ച പുസ്തകം അയാളെ കാത്തിരുന്നു. ' ദേസ്തെവ്സ്കിയുറെ'..ഉള്ളില്ലാത്ത താടിയും നിര്‍മമമായ മുഖവും..''ബ്രദേഴ്സ് കാരമസോവ്‌..'' 1975 .. പ്രിന്‍റ് ആണ്.. മുപ്പതു വര്‍ഷത്തിനുള്ളില്‍ നാലുപേര്‍ എടുത്തിട്ടുന്റെന്നു ആദ്യ പെജു സാക്ഷ്യം പറയുന്നു. നഗരത്തിന്റെ കരച്ചിലുകള്‍ വിവരിക്കുന്ന ആദ്യ താളുകള്‍ അയാള്‍ മറിച്ചു നോക്കി.. നാല് തവണ മാത്രം നഗരം വായിച്ച ആ വരികള്‍ ഇപ്പോഴും പുതു പുത്തന്‍.!
ദയസില്‍ അയാളെ കാത്തിരുന്ന വൃദ്ധന്‍ അയാളെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു. ''ഇതിനേക്കാള്‍ ഇവിടെ ഒരുപാടാളുകള്‍ വായിച്ച..ഇപ്പോഴും വായിക്കുന്ന പുസ്തകം അതാ അവിടെ..നിങ്ങള്ക്ക് വേണ്ടി ഞാന്‍ മാറ്റി വെച്ചിട്ടുണ്ട്... ''
അയാള്‍ കൌതുകതോറെ അതെടുത്തു. ''ഗോഡ് ഫാദര്‍ - മരിയ പൂസോ''
ഓരോ വരികളും ദഹിച്ചു പോയ ഒരു പുസ്തകം ആദ്യമായി അയാള്‍ കണ്ടു. തലവര ഇല്ലാത്ത ഗുജറാത്തിയില്‍ ഓരോ വരിയും ആരൊക്കെയോ പരിഭാഷപ്പെടുത്തിയിരിക്കുന്നു..നീല..ചുവപ്പ് ..കറുപ്പ്. ഇന്ഗ്ലിഷ് ആവശ്യമില്ലാതെ തന്നെ ആ നാട്ടുകാരന് വായിക്കാവുന്ന വിധത്തില്‍ ഒരു തലമുറ ഒന്നാകെ പരിഭാഷപ്പെടുത്തിയ പുസ്തകം അയാളുടെ കൈയ്യിലിരുന്നു വിറച്ചു..