Tuesday, March 29, 2011

കലാശക്കൊട്ട് ...

ആ ഗ്രാമത്തിനു മാത്രം ചോദിക്കാന്‍ കഴിയുന്ന ചില ചോദ്യങ്ങള്‍..ചെറിയ ചോദ്യങ്ങള്‍

''ഇയാളുടെ തലയിലെ രോമങ്ങള്‍ എവിടെ?"
''ദൈവമേ മൂക്കിനു മേലെയുള്ള കൊമ്പ്-മുറിപ്പാട്..ഇപ്പോഴും അവിടെയുണ്ട്.."
മരിക്കുന്നതിനു മുന്‍പ് അയാളെ ഇത്ര അടുത്തു കാണുന്നത് അപൂര്വ്വമായത് കൊണ്ടായിരിക്കാം ..നാട്ടുകാര്‍ക്ക് ഇപ്പോഴാണ് അതിനവസരം കിട്ടിയത്..
അനാഥമായ ഇനിയുമെത്രയോ ചോദ്യങ്ങള്‍
കാല്‍വിരലിലെ തടിപ്പ് കണ്ടിരുന്ന ഒരാള്‍ അത് ഓര്‍ക്കാന്‍ ശ്രമിച്ചു.
മുഖത്തെ മുറിപ്പാടിലെ..ചിരി ഓര്‍മ്മ വന്ന ഒരാള്‍ ഇപ്പോഴും അതവിടെ ഉണ്ടാകുമെന്ന് ആശ്വസിക്കാന്‍ ശ്രമിച്ചു.
അവരെ കൂട്ടുകാരെന്നു വിളിക്കാംആയിരിക്കും..
വയസ്സായ ഒരു കിളവി മുന്നോട്ടു വന്നു മുണ്ട് കൊണ്ട് മൊത്തത്തില്‍ മൂടിയ വയര്‍ മൊത്തത്തില്‍ ഒന്ന് നോക്കി.അവര്‍ക്കപ്പോള്‍ ഒരു ബാല്യം ഓര്‍മ്മ വന്നു. വയറില്‍ നിന്ന് മുന്നോട്ടു തള്ളി നില്‍ക്കുന്ന പോക്കിളുമായി ഓടിപ്പാഞ്ഞു നടക്കുന്ന ഒരു ചെറുക്കനെ അവര്‍ക്ക് കാണാമായിരുന്നു.മരണത്തില്‍ പോലും ഒരു ചിരിയുതിര്‍ന്നു.പിന്നീടവര്‍ ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി കണ്ണ് തുടച്ചു.

ഗ്രാമത്തില്‍ അയാളുടെ തലമുറയില്‍ പെട്ടവരൊക്കെ അവരുടെ കണ്മുന്നിലൂടെ കടന്നു പോയവരാണ്. അയാള്‍ക്ക്‌ മാത്രം റാട്ട് യന്ത്രത്തിന്റെ കതിര് പോലെ വലിയ പൊക്കിള്‍ ആയിരുന്നു. അത് വയറില്‍ നിന്ന് പുറത്തേക്കു തള്ളി നിന്നിരുന്നു.
''ഇനി ഓടിപ്പാഞ്ഞു നടക്കുന്ന കണ്ടാ ഞാന്‍ കതിരെ..ചകിരി കൊരുക്കും..''
''എന്നിട്ട്?'' ചെറുക്കന്‍ തിരിഞ്ഞു നിന്നു.
''കയറു പിരിക്കും''
''എന്നിട്ട്?"
''അത് കൊണ്ടുപോയി വിക്കും''
''എന്നിട്ട്?" ചെറുക്കന്‍ കൌതുകം വിടാതെ..
''മുറുക്കാന്‍ വാങ്ങും''
''എന്നിട്ട്..?''
സ്ത്രീയ്ക്ക് കലി പിടിച്ചു.
'' എന്നിട്ട് ..രണ്ടുണ്ട..പോക്ന്നോണ്ടോ..നീ..''
''എന്നിട്ട്?''..ചെറുക്കന് ചിരി..
''പോടാ..പൂശാനെ..അവടന്നു..''
''എന്നിട്ട്..'' ഇക്കിളി പൂണ്ട ചിരി അവരുടെ പിറകെ..
''ഞാനൊന്നും കണ്ടില്ലേ...''
''ഹഹഹ...''
ശൂം..................അവന്‍ പാഞ്ഞു പോയ വഴി ഓര്‍മ്മ വന്നപ്പോള്‍ അവര്‍ ഉള്ളില്‍ തട്ടി കരഞ്ഞു പോയി.

അപ്പോഴേക്കും അയാളെ തെക്കോട്ട്‌ എടുത്തിരുന്നു.
അവര്‍ ഒരു പുകപോലെ എല്ലാം കണ്ടു.
ഒരേ സമയം സ്റ്റാര്‍ട്ട്‌ ചെയ്യപ്പെടുന്ന പത്തു പതിനഞ്ചു ബൈക്കുകള്‍ ..
അവര്‍ തിരിച്ചു നടന്നു.
സദ്യക്കും ശവദാഹത്തിനും ഒക്കെയും ഇപ്പോള്‍ ഒരേ കലാശക്കൊട്ട് ...

No comments: