Sunday, March 20, 2011

വലിയ പരുക്കില്ലാതെ..

''ഈ താജ്മഹലിന് എന്താ ഇത്രേം പേര്...?''
''അതൊരു പെണ്ണിന് വേണ്ടി കെട്ടിയത് കൊണ്ടാകും.." ചിരി വരാതിരിക്കാന്‍ അയാള്‍ പാടു പെടുന്നത് കണ്ടു പെണ്ണിന് ദേഷ്യം വന്നു.
'' ഇപ്പഴേ മടുപ്പ് തുടങ്ങണ്ട..സമയമുണ്ട്..''
കൊള്ളാം , നന്നായിരിക്കുന്നു..തുടങ്ങിയ അഭിനന്ദന വാക്കുകള്‍ '' ഓഹോ'' യില്‍ എത്തിയിരുന്നു ഇരുവരും അവിടെ എത്തുമ്പോഴേക്കും. നാക്കിനു ക്ഷീണം ?

''പെണ്ണുങ്ങളും ടൈറ്റാനിക് ഒക്കെ പറഞ്ഞു കൊടുത്തു കടം വീട്ടിക്കൊണ്ടിരിപ്പുണ്ട്.''..ഒത്തിരി ആലോചിച്ചാണ് പെണ്‍കുട്ടി ഒരു മറു തട്ട് കൊടുത്തത് . അയാള്‍ അത് കേട്ടതായി ഭാവിച്ചില്ല.

താജ്മഹാല്‍ കാണുക എന്നത് അവരുടെ മുന്‍കാല തീരുമാനം ഒന്നും ആയിരുന്നില്ല . ഒരു യാത്രയ്ക്കിടെ ഒത്തുവന്നപ്പോള്‍ കയറി , അത്ര തന്നെ. അയാള്‍ എത്ര തിരഞ്ഞിട്ടും പ്രേമത്തിന്റെ യാതൊരു ചിഹ്നങ്ങളും മാര്‍ബിളില്‍ തെളിഞ്ഞില്ല. തെരുവിലൂടെ ഒരു കാട്ട്ടു വൃക്ഷം പോലെ അലഞ്ഞു നടക്കുന്ന കവിയുടെ പ്രേതം അയാളില്‍ അത്രയ്ക്ക് ആവേശിച്ചിരുന്നു.
... ഈ മഹാ സൌധം കൊണ്ട് ഒരു ചക്രവര്‍ത്തി ദരിദ്രന്റെ പ്രണയത്തെ കളിയാക്കുക തന്നെയാണ്... സാഹിര്‍ ലുധിയാന്വിയുറെ കവിത പെയ്യുന്നു...ഒറ്റ തുള്ളിയായി...
ഇപ്പോള്‍ തനിക്കൊപ്പം നടക്കുന്ന പെണ്‍കുട്ടി തന്റെ ഭാര്യ ആകുന്നു. രസികനായ ഒരു അവതാരകന്റെ ഫലിതം ഓര്‍മ്മ വന്നു. 'ഈ പരമ്പരാഗത കല്യാണം എന്നാല്‍ മറ്റാരെയോ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ വീട്ടുകാരുടെ സഹായ തോടെ സ്വന്തമാകുന്ന വിദ്യ അല്ലെ.?.'
കുറെയേറെ ശെരി . കുറെ തെറ്റും . കൃത്യമായ ഉത്തരമില്ല. ..
''എനിക്ക് തല വേദനിക്കുന്നു.. ''
''പഴ്സില്‍ ഗുളിക കാണുമല്ലോ.." എല്ലാ യാത്രയിലും ഇത് കാണുമായിരിക്കും..എണ്ണമയം കുറഞ്ഞ മുടി അവളുടെ നെറ്റിയിലേക്ക് വീണു കിടന്നു.നിലത്തേക്ക് നോക്കിയാണ് നടത്തം . തൊടാനോ ആശ്വസിപ്പിക്കുവാണോ തോന്നിയില്ല. അതിനുള്ള സമയം ഇതല്ല! നിറയെ ആളുകളുടെ കലപിലയും വിയര്‍പ്പും..വൈകുന്നേരവും ജ്വലിക്കുന്ന സൂര്യന്‍..ചെറുപ്പക്കാര്‍ സൈക്കിള്‍ റിക്ഷയില്‍ നിന്ന് ആട്ടോയിലേക്ക് മാറിയത് ആകണം ആഗ്ര യുടെ പുരോഗതി!മനുഷ്യരുടെ ഇടയില്‍ കൂടി നടക്കുമ്പോള്‍ എല്ലാവരും ഒറ്റയാന്മാരെ പോലെ പെരുമാറുന്നു!.
വീണ്ടും ആലോചിക്കുമ്പോള്‍ താന്‍ തെറ്റുകളിലേക്ക് കൂടുതല്‍ വേഗത്തില്‍ അടുക്കുന്നുവേന്നൊരു തോന്നല്‍. തോളില്‍ കയ്യിട്ടു..

''വേണ്ട.. നാണക്കേടു ആയിരുന്നല്ലോ ഇത്രേം നേരം..?''
''ഹോ..നിനക്ക് നേരത്തെ പറഞ്ഞു കൂടാര്‍ന്നില്ലേ ?" .താമസ സ്ഥലം എത്തിയിരുന്നു.

''വേണ്ടെങ്കില്‍ വേണ്ട,... ഇനിയെങ്കിലും കുറച്ചു മിണ്ടാതിരിക്കുമല്ലോ''..ലിഫ്റ്റ്‌ കടക്കുമ്പോള്‍ മുഖം കനത്തു തുടങ്ങിയത് കണ്ടു ..തലവേദനയോ ദേഷ്യമോ..ഇപ്പോഴാണ് ശരിക്കും പിണങ്ങിയത്..!

താന്‍ കാണിച്ചത് മണ്ടത്തരമാണ് ..ചിരിയാണ് വന്നതെങ്കിലും ഓര്‍ത്തത്‌ മറ്റൊന്നാണ്. ചിഹ്നങ്ങള്‍ മനസ്സിലാക്കുന്നതില്‍ താനിപ്പോഴും ശിശുവാണ്.! . അത് ഒരു കൊടുങ്കാറ്റിനു തുടക്കമിട്ടു . നരച്ച കലാലയ ചുമരുകള്‍ക്കു താഴെ പച്ചപിടിച്ച പായലുകളില്‍ തുടങ്ങി ഓര്‍മ്മയില്‍ ഇന്നും നെഞ്ച് ഇടറിയ്ക്കുന്ന കണ്ണടയ്ക്കു പിന്നിലൊളിച്ച രണ്ടു കണ്ണുകള്‍ വരെ തുടര്‍ന്നു അത്..

ഒരു ദിവസം കൂടി നശിക്കാന്‍ അയാള്‍ ആഗ്രഹിച്ചില്ല. ഭക്ഷണം എത്തുമ്പോഴേക്കും പെണ്‍കുട്ടി ഉറക്കം പിടിച്ചിരുന്നു. അയാള്‍ വന്യമായ ആവേശ തോടെ മുഴുവന്‍ അകത്താക്കി. കുറച്ചു മദ്യം കിട്ടുമോ എന്നന്വേഷിച്ചു. മൂന്നു കുപ്പിയുടെ വിലയ്ക്ക് ഒരു കുപ്പി വെയ്റ്റര്‍ കൊണ്ട് വന്നു കൊടുത്തു. രൂപ കൊടുക്കുമ്പോള്‍ അവന്‍ അവളുടെ ചുരുണ്ട് ഉറങ്ങുന്ന രൂപത്തെ അളന്നെടുക്കുന്നത്‌ അയാളെ അലോസരപ്പെടുത്തിയില്ല. 'നശിക്കാതിരിക്കാന്‍ കുടിയ്ക്കണം' എന്ന് എവിടെയെങ്കിലും എഴുതി വെയ്ക്കണം എന്നുണ്ടായിരുന്നു. മുറിയുടെ ഭീതിപ്പെടുത്തുന്ന വൃത്തിയില്‍ ചകിതനായിപ്പോയ അയാള്‍ക്ക്‌ അതിനു കഴിഞ്ഞില്ല. പരസ്പരം ബാധിക്കാതെ രണ്ടുപേര്‍ക്ക് ഉറങ്ങാനാവുന്നു. തന്നില്‍ മദ്യത്തിനു പോലും വിശ്വാസം നശിച്ചിരിക്കുന്നു. !

ആദ്യം ജോലി കിട്ടിയ സമയത്താണ് . വര്‍ഷത്തിലൊരു തവണ വീട്ടിലേക്കുള്ള വരവ്. ആഘോഷങ്ങള്‍ കഴിയുമ്പോഴേക്കും അവധി കഴിഞ്ഞിട്ടുണ്ടാവും. പോകാനുള്ള തിരക്കിനിടെ അമ്മ എത്തിയിരിക്കും
''നിനക്ക് തിരക്ക് പിടിച്ച പണി യാണെന്ന് അറിയാം എനിക്ക് ''
'' ഇപ്പോള്‍ കുറച്ചു മാറ്റം ഉണ്ട് ..ഇടയ്ക്കൊക്കെ വരാം പറ്റും "
''ഞാന്‍ പറയാന്‍ വന്നത് ..നിന്റെ പെങ്ങള്‍ ടേം മറ്റേ കുട്ടീ ടേം കാര്യാ..''
എല്ലായ്പ്പോഴും ചെയ്യാറുള്ളത് പോലെ തിരക്കഭിനയിച്ചു .
''നാട്ടുകാരുടെ മുന്നില്‍ അവരെ... .പൊയ്ക്കോ..ആഘോഷിക്കാന്‍ ഇനി വരണ്ടാ നീയ് ''
യാത്രയാക്കാന്‍ നില്‍ക്കാതെ അവര്‍ പിന്തിരിഞ്ഞു നടന്നത്...
അയാള്‍ അളവറിയാതെ വീണ്ടും വീണ്ടും കുടിച്ചു. പുറത്തു നഗരം രാജായിക്കുള്ളില്‍ ചടഞ്ഞു കൂടി ചുരുണ്ട് കിടന്നു. അയാള്‍ പുറത്തേക്കു വെറുതെ നോക്കിയിരുന്നു.
അകത്തു അവള്‍ ഉറങ്ങുന്നുണ്ട്. മുന്പെപ്പോഴെങ്കിലും താജമഹാളില്‍ വന്നിരുന്നോ എന്ന് ചോദിച്ചില്ല . അത് മാത്രമല്ല. പലതും ഇതുവരെ ചോദിച്ചിട്ടേ ഇല്ല . ഉണരുംപോഴാവാം . ''ശേ.. എന്താ ഇപ്പോഴിങ്ങനെ..?'' എന്നോ മറ്റോ പറഞ്ഞേക്കാം..കുഴപ്പമില്ല. മുഖം മൂടികള്‍ ഒന്നും ബാക്കി വെയ്ക്കേണ്ട..ഈ സൌധം എന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ ..അതിന്റെ ശില്പ ഭംഗിയില്‍..അതിന്റെ ഉത്പത്തി കഥകളെ ഞാന്‍ അവിശ്വസിക്കുന്നു..കാരണം ഞാന്‍ നിരാശനാണ്..
മനസ്സിന്റെ ചില യാത്രകള്‍..അത് പിടിവിട്ടു തുടങ്ങുമ്പോഴാണ് വിവാഹം. നോക്കുമ്പോള്‍ ഒന്നും പുതുതായി സംഭവിച്ചിട്ടില്ല. അത് തന്നെയാണ് പുതിയ പ്രശ്നം.. വല്ലാതെ പതിഞ്ഞു പോയ ശീലങ്ങളില്‍ ദിവസങ്ങള്‍ അങ്ങെനെ കത്തി തീരുന്നു എന്നല്ലാതെ ...
ഒരു പക്ഷെ മനസ്സ് കൊണ്ട് വൈരാഗി ആയതിനു ശേഷം വിവാഹിതരാകുന്ന വര്‍ഗ്ഗം ഇവിടെ മാത്രമേ കാണൂ.ചില വേര്‍പാടുകള്‍ മനുഷ്യനെ മരണത്തിലേക്ക് തള്ളിയിടും.ശിഷ്ട ജീവിതം എന്ന മരണത്തിലേക്ക്.ഒരു കണക്കില്‍ നല്ല തമാശയാണ്. ചായാമുഖികള്‍ ലൂടെ നീണ്ടു പോകുന്ന ചങ്ങലകലുമായി ജീവിക്കേണ്ടി വരുന്ന രണ്ടു പേര്‍ ..അവര്‍ താജ്മഹല്‍ കാണാന്‍ ഇറങ്ങിയിരിക്കുന്നു...അയാള്‍ അവളെ നോക്കി വെറുതെ ഇരുന്നു. കണ്ണടയുവോളം.
'' അമ്മയ്ക്കും അച്ഛനും നല്ലൊരു പേരിട്ടു കൂടായ്രുന്നില്ലേ..നിനക്ക്..വല്ല സീമെന്നോ..ജയഭാരതീന്നോ..ഒക്കെ..കേള്‍ക്കാന്‍ തന്നെ എത്ര സെക്സിയാ.."
''എന്തിനാ നിര്‍ത്തിയെ..ഷക്കീലാ ന്നു കൂടി പറഞ്ഞോ..പിന്നെ ചെല നല്ല നടന്മാരെപറ്റി ഞാനും പറയാം.."
''പറഞ്ഞോ..'' അയാള്‍ ആവേശം കുറച്ചില്ല.
''ങ്ങും..പറഞ്ഞോ..എഴുന്നേറ്റു പോയി കുളിച്ചാട്ടെ ..മാഷ് ''
ഇവള്‍ ഏതോ നല്ല സിനിമയെ അനുകരിക്കുകയാണ്..താനും മോശമില്ല.
കണ്ണാടികളില്‍ മഞ്ഞിന്റെ പരിരംഭണം,താഴെ ഒഴിഞ്ഞ തെരുവ് ആളെ കൂട്ടുന്നു..ഇടനാഴികളില്‍ പരിചാരക രുടെ അമര്‍ത്തിയ നിര്‍ദ്ദേശങ്ങള്‍..ഇന്നലെ മദ്യം കൊണ്ടുവന്നവന്‍ മുന്‍പില്‍ വരാതിരുന്നെങ്കില്‍..! രണ്ടു അപരിചിത നഗരങ്ങള്‍ ഇരട്ട നഗരങ്ങള്‍ ആവാന്‍ തയ്യാറെടുക്കുന്നു.
ചില ആവര്‍ത്തനങ്ങള്‍ ഒട്ടും അരോചകം ആവാറില്ല,.. ഓര്‍മ്മയില്‍ സ്നേഹത്തിന്റെ വക്കിലൂടെ നടന്നു പോയി അനുഷ്ടിക്കുന്ന മടുപ്പില്ലാത്ത രതി..ഇനിയിപ്പോള്‍ കുറെ പകലുകള്‍ നീളുന്ന ദേഹോ ത്സവങ്ങള്‍..
"ദിവസങ്ങള്‍ കൂട്ടി വെക്കുന്നതില്‍ അല്ല കാര്യം..''
അയാള്‍ കണക്കു കൂട്ടുന്നത്‌ മനസ്സിലാക്കിയിട്ടാവണം അവള്‍ ഓര്‍മ്മപ്പെടുത്തി..
''കാര്യപ്രാപ്തി..ആന്റപ്പന്‍ ശൈലി അതായിരിക്കും ഉദ്ദേശിച്ചത്..'' അവളുടെ ഏ .കെ.ആന്റണി ആരാധന അയാള്‍ക്കൊരു വടിയായി..
''എന്തായാലും ഞാന്‍ അങ്ങേരുടെ ഒരു ഹാര്ഡ് കോര്‍ ഫാനാ '' അവള്‍ വിശ്വാസം ഒന്ന് കൂടി അടിവരയിട്ടു.
പുലരിയാണ്..നല്ല തണുപ്പുണ്ട്..തിടുക്കങ്ങള്‍ എല്ലാം ഒഴിഞ്ഞതിന്റെ ഭാരക്കുറവ് അന്തരീക്ഷതിനുമുണ്ട്.. അവരുടെ ചടുല ചലനങ്ങള്‍ക്ക് ആദ്യകാലത്തിന്റെ കണിശത ഉണ്ട് ..സാന്നിദ്ധ്യത്തില്‍ ത്രിപ്തരാവുന്നിടതോളം എത്താന്‍ ദൂരം ഒരുപാടു താണ്ടാനുന്ടെന്നു ഓര്‍മ്മപ്പെടുതിക്കൊണ്ട്‌ രണ്ടു ദേഹങ്ങള്‍ നടത്തുന്ന പിടിച്ചു വാങ്ങലുകള്‍ടെ സീല്‍ക്കാരങ്ങളുണ്ട്....
''പക്ഷെ നിങ്ങടെ സീമേം ജയഭാരതീം ഒന്നും ആവാന്‍ കഴീല്ല..കുഴപ്പമൊന്നും ഉണ്ടാക്കില്ലല്ലോ..അല്ലെ..?"
''കുശുമ്പി.."
'' അതായിക്കോ..പക്ഷെ എന്നേക്കാള്‍ മോശപ്പെട്ട ഒരുത്തിയെ എന്റെ മുന്നില്‍ വെച്ച് വായിനോക്കി എന്നെ നാണം കേടുതാതിരുന്നാല്‍ മതി..''
ഒരു വെടിനിര്‍ത്തല്‍ കരാര്‍ പോലെയുണ്ട്..എന്തെല്ലാം ചിന്തിച്ചു കൂട്ടുന്നു അവളെന്ന് അയാള്‍ അത്ഭുതപ്പെട്ടു.
''അസാദ്ധ്യം..''
''എന്താ പിറ്പിറ് ക്കുന്നത് ..?''
'' നിന്നെക്കാള്‍ മോശപ്പെട്ട ഒരുത്തി യുടെ സാദ്ധ്യത....ഹഹഹ..''
''ആവോ..ഞാനൊന്നും പറഞ്ഞില്ലേ..'' അവള്‍ നിലത്തിരുന്നു മുട്ടുകളില്‍ മുഖം ചേര്‍ത്ത് എന്തോ ആലോചിക്കുന്നു. എപ്പോഴാണ് ച്ചായാമുഖികള്‍ തുറക്കപ്പെടുന്നത് ?കൊച്ചു വര്‍ത്തമാനങ്ങളില്‍ പരസ്പരം മുരിവെല്‍പ്പിക്കപ്പെടുമ്പോള്‍..?..
''പരസ്പര സഹകരണം ..കൊള്ളാം നിന്റെ ഐഡിയ..''
'' ആ പങ്കു ഞാന്‍ വേണ്ടാന്നു വെയ്ക്കുന്നു..''
'' ഓ..അത്രയ്ക്കൊന്നും വേണ്ടാ ..വല്ല ഷാരൂഖാനും പോമ്പോ..താനും നോക്കിക്കോ..മിടുക്കി..''
താനറിയാതെ തന്നില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്..ഏതായാലും നല്ലത് തന്നെ..നിമിഷം പ്രതി തനിക്കു പുതുക്കേണ്ടി വരുന്നത് തന്നെ തന്നെയാണ്..മനസ്സിനോട് പറയേണ്ടി വരുന്നു..ഇത്രയും മുന്വിധി പാടില്ല..മേലില്‍..കള്ളന്റെ തല കുലുക്കല്‍ കൊണ്ട് കളിയാക്കുന്ന ഉള്ളം..

പകല്‍ ആ ദിവസം മുന്പ് ഇല്ലാത്തവിധം പ്രസന്നമായിരുന്നു. പലപ്പോഴും മനപൂര്‍വ്വം പതിയെ നടന്നു. മര തണലുകളില്‍ തടഞ്ഞു നിന്ന് പല കാഴ്ചകളും പങ്കു വെച്ച്. പഞ്ചാബികളും തമിഴരും വിദേശികളും നഗരത്തെ പകുതെടുക്കുന്നത് അനുഭവിച്ചു. യൂറോപ്യന്മാര്‍ കടിച്ചമാര്‍ത്തിയ ചുംബനങ്ങള്‍ മായി നഗരത്തെ ശപിച്ചു കൊണ്ട് കടന്നു പോയിക്കൊണ്ടിരുന്നു .
''ഇന്നിനി ഒരു ബിയര്‍ അടിച്ചാല്‍ അവരുടെ താജ്മഹല്‍ ട്രിപ്പ്‌ കഴിഞ്ഞു..നമുക്കോ ?''
''വേണേല്‍ പോയി ഒരു ബിയര്‍ വാങ്ങിക്കോ "'
'' വേണ്ട..നീ അതിനു പറ്റിയ കമ്പനിയല്ല..''
'' രാത്രിയില്‍ പിന്നെ ..ഇനിയതിനു മാത്രം വേറെ കംപനിയൊക്കെ വേണമെന്ന് ..നന്നായിരിക്കുന്നു..''
അയാള്‍ എപ്പോഴെങ്കിലും അത് പ്രതീക്ഷിച്ചിരുന്നു. ആ മൌനം അവളെ തെല്ലൊന്നു നിരാശപ്പെടുത്തി.
''ഇപ്പൊ തന്നെ ഒരായുസ്സ് കഴിഞ്ഞു..'' നിര്‍വ്വികാരമായൊരു ഓര്‍മ്മപ്പെടുതലായിരുന്നു അത്..
''എന്നെ വയസ്സനാക്കല്ലേ..നീയ്..ബിയര്‍ ഭാര്യെക്കാള്‍ മഹത്തരം ഒന്നുമല്ല..മധുവിധു കാലത്ത്എങ്കിലും ..'' അവളുടെ താടിയില്‍ നുള്ളിക്കൊണ്ട് അയാള്‍ ഒരു തിരിച്ചുവരവ്‌ നടത്തി.
''എന്നാലും സമ്മതിക്കാന്‍ ഒരു മടിയുണ്ടല്ലോ..അതാണെനിക്ക് അരോചകം..'' പെണ്‍കുട്ടി അയാളില്‍ നിന്ന് ഒഴിഞ്ഞു മാറി തനിച്ചു നടന്നു.

ഉച്ചയായിരുന്നു അപ്പോഴേക്കും.. ഒരു മഞ്ഞുകാലം ..പ്രകൃതി പോലും മറന്നിരിക്കുന്നു..ശ്..ശ്. വിയര്‍പ്പൂതി പാഞ്ഞു വരുന്ന തലകള്‍..മുഖാമുഖം കാണുമ്പോഴും ഗൌനിക്കാതെ..പരസ്പരം ലയിച്ചു വിപരീത ദിശകളിലേക്ക് പതഞ്ഞു തീര്‍ന്നു. ചേറ്റില്‍ പുതഞ്ഞ എരുമകളെ പോലെ വെയിലിലും നഗരത്തെ വിടാതെ പിടിച്ചു പാതയോരങ്ങളില്‍ കിടന്നുറങ്ങുന്നവര്‍ ഇടയ്ക്കിടെ ഞെരിപിരികൊണ്ടു. പിന്നെ നടത്തം ഗലികള്‍ ലൂടെ ആയി. തെരുവിന്റെ തിരക്കില്ല. നഗരം പുറമേ നിന്ന് കാണുന്നതിനെക്കാള്‍ എത്ര മനുഷ്യരെ അതിനുള്ളിലോതുക്കുന്നു.. ആലകളും അലക്ക് പുരകളും കാലിതോഴുതുകളും ..പിന്നെയും മനുഷ്യര്‍..പശുക്കള്‍..
പെണ്‍കുട്ടി കൌതുകതോടെ കണ്ണുകള്‍ ചിമ്മി ..ചിലപ്പോള്‍ ഭയന്ന് അയാളുടെ പിന്നിലേക്ക് ഒളിച്..അയാള്‍ പഴയ കാര്യങ്ങള്‍ വീണ്ടും കണക്കുകൂട്ടി..നടന്നു കൊണ്ടേയിരുന്നു..
ചോപ്ടകളില്‍ നിന്നും ഗുലാം അലി പാടുന്നു.. ഹംകോ കിസിക്കെ..ഘംനെ മാരാ..
മനുഷ്യന്റെ ജന്മവാസന ചതിയാനെന്നു ഓര്‍മ്മപ്പെടുതിക്കൊണ്ട് മഹാ ഗായകന്‍ ..
എന്നെയാരോ ചതിച്ചിട്ടുണ്ട്..പക്ഷെ തെരുവില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് ആരാണെന്ന് എന്നോട് ചോദിക്കരുത്..ഞാന്‍ നിന്റെ പേര്‍ പറഞ്ഞു പോകും..അല്ലെങ്കില്‍ സമയം വരുമ്പോള്‍ എല്ലാം ഞാന്‍ നിന്നോട് പറയാം..ഹഹ.. ഹൃദയം ദ്രവിപ്പിക്കുന്ന ഈണം..വീണ്ടും..
അയാള്‍ അതെ ..ഗാനം മുന്‍പ് കേട്ടിരുന്നു. അത് അതിന്റെ രംഗ ഭാഷ്യതൊറെ ഇതാദ്യം അയാള്‍ അനുഭവിച്ചു.
അല്ലെങ്കിലും മനുഷ്യര്‍ എത്ര പാവങ്ങള്‍..ഒരു രംഗം പോലും വൃത്തിയായി മുഴുമിക്കാനായില്ലെന്നു പരിതപിക്കുന്നവര്‍..ഞാന്‍ നല്ല നടന്‍ എന്ന് കൂകി വിളിച്ചറിയിക്കുന്ന മറ്റു ചിലര്‍..
കുറെ നേരത്തെ മൌനം അവരുടെ ചലനങ്ങളില്‍ ഒരൈക്യം കൊണ്ട് വന്നിരുന്നു. ഒരു ശലഭത്തിന്റെ നിവര്‍ത്തിയ ചിറകുകളായി അവര്‍ ചാണകം പതിച്ച ചെരുച്ചുവരുകളില്‍ ഇടയ്ക്കിടെ തെളിഞ്ഞു. നിഴലിനു നീളം കൂടി വരവേ അതൊരു പുല്ചാടിയുറെ രൂപം പൂണ്ടു. ഇനി കൊടിയിറക്കം..


പുറത്തു കടക്കുമ്പോഴേക്കും തെരുവ് പിന്വാങ്ങലുകലുറെ ഗന്ധവുമായി അവരെ കാത്തു നിന്‍നിരുന്നു . സര്‍ബത്ത് കടകളില്‍ അഗര്‍ബതികള്‍ പുകഞ്ഞു. ഹോട്ടലുകളില്‍ നിന്നും മുഗലായിയുറെയും തന്തൂരിയുറെയും മാംസ ഗന്ധം. ഇടവഴികളില്‍ ഒഴിഞ്ഞു പോയ മനുഷ്യരെ നോക്കി നെടുവീര്‍പ്പിടുന്ന കുമ്മായ ചുവരുകള്‍..അതില്‍ ആനയുടെ പൂര്‍ണ്ണകായ ചിത്രവും സാല്‍വ്വര്‍ ധരിച്ച ഒരു മധ്യവയസ്കയുറെ വിവിധ ചിത്രങ്ങളും..
ആന തീരെ നന്നായിട്ടില്ല. അയാള്‍ തന്നത്താന്‍ പറഞ്ഞു.
അവള്‍ക്കു നായയുടെ മൂക്കാണ്..തനിക്കു പോലും വഴി തെറ്റിയ സമയത്ത് അവള്‍ മുന്നേ നടന്നു കൃത്യമായി ലോഡ്ജില്‍ എത്തിയിരിക്കുന്നു.
''നീയെങ്ങനെ ഓര്‍ത്തു വെച്ച് ..ഇത്ര കൃത്യമായി?''
''അതൊരു സീക്രട്ടാണ്..ഞങ്ങള്‍ പെണ്ണുങ്ങള്‍ ക്കെ അത് അറിയൂ''
''പിന്നെ നായ്ക്കും..''
''സാര്‍ അധികം കാടു കയറണ്ടാ..'' അവളുടെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു.. വീണ്ടും ച്ചായാമുഖി യിലൂടെ അവള്‍ ദേശം താണ്ടു തുടങ്ങിയിരിക്കണം ..
മടക്കയാത്രയ്ക്ക് ഒരുക്കം അവസാനിക്കാറായപ്പോള്‍ അവളുടെ ഉണ്മെഷമെല്ലാം മറഞ്ഞിരിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു.
'' നിനക്കായി ഞാന്‍ ഒന്നും വാങ്ങിയില്ല ..''
''ഞാനും..മറന്നു '' അവള്‍ ഏതോ സ്വപ്നാടനതിനാലായിരുന്നു..
കുറെ നേരം ആലോചിച്ചു ഒരു കള്ളം മെനെഞ്ഞെടുത് അയാള്‍ അവള്‍ക്കരികിലെത്തി.
''നല്ല നിമിഷങ്ങള്‍ ഒരിക്കലെ ആകാവൂ എന്ന് വാശിയുന്ടെനിക്ക്.. അത് കൊണ്ട് സ്മാരകങ്ങള്‍ ഒന്നും വേണ്ടെന്നു വെച്ചു...നമ്മുടെ യാത്രയ്ക്ക്.''
പെണ്‍കുട്ടി ചിരിച്ചു. എന്തായിരുന്നു ആ ഭാവമെന്ന് അയാള്‍ക്ക്‌ തീരെ മനസ്സിലായില്ല...



















































































No comments: