Thursday, March 3, 2011

പാലും...വെണ്ണയും മറ്റു ചിലതും..

സമര്‍പ്പണം : പാമുക്കിനോളം പ്രശസ്തയാവാതെ പോയ തുര്‍ക്കി വനിതയ്ക്ക്....

അയാള്‍ സ്വന്തം നഗരത്തിലേക്ക് , പഴയ വീട്ടിലേക്കു , വര്‍ഷങ്ങള്‍ക്കു ശേഷം വന്നതായിരുന്നു. വഴിയില്‍ കൂട്ടുകാരെ ആരെയും കണ്ടില്ല. വര്‍ഷങ്ങള്‍ കൊണ്ട് അവര്‍ അപരിചിതര്‍ ആയി പോയിരുന്നു. വീട് തുറക്കുന്ന ശബ്ദം കേട്ട് അയല്‍ക്കാരില്‍ ചിലര്‍ എത്തി നോക്കി . അവര്‍ ചെറുപ്പമായിരുന്നു. ഒന്നും ചോദിക്കാതെ എല്ലാ കിളിവാതിലുകളും അടഞ്ഞു. ഏതാണ്ട് ഒരേ സമയം.

അല്പം കഴിഞ്ഞു വീടിനു മുന്‍പില്‍ പോലീസ് വണ്ടി എത്തി, അയാള്‍ തന്റെ ലാപ്ടോപ് തുറന്നു അവരെ ഉടമസ്ഥത ബോദ്ധ്യപ്പെടുത്തി. പഴയ ഒരു കാര്‍ഡ്.. ചീത്തയായി പോകാതെ അയാള്‍ സ്കാന്‍ ചെയ്തു വെച്ചിരുന്നു.

അമ്മയുടെയും അച്ചന്റെയും മുറിയില്‍ ഉറങ്ങാന്‍ പഴയ ഭയം അയാളെ അനുവദിച്ചില്ല. മുത്തശി യുടെ മുറിയില്‍ വലിയ സുരക്ഷിതത്വം അയാള്‍ അനുഭവിച്ചു. വളരെ ചെറിയ അദ്ധ്വാനം കൊണ്ട് തന്നെ അത് വൃത്തിയാക്കുവാന്‍ സാധിച്ചു. കൃത്യമായി അടുക്കി വെച്ചിട്ട് മുത്തശി മരിക്കുകയായിരുന്നോ? അതോ അതിനു ശേഷം അമ്മ (അവര്‍ തമ്മില്‍ ചേര്‍ച്ച കുറവായിരുന്നു.) അടുക്കി വൃത്തി യാക്കിയതാവുമോ ? തന്നെ ലാളിച്ചു വഷളാക്കുന്നു എന്ന് പറഞ്ഞാണ് അവസാനം അവര്‍ വഴക്കിട്ടിരുന്നത് ..അയാള്‍ക്ക്‌ ചിരി വന്നു .

ദിവസങ്ങളോളം
അവിടെ കഴിഞ്ഞിട്ടും ആരും അയാളെ തിരക്കി വരികയോ അന്വേഷിക്കുകയോ ഉണ്ടായില്ല. പരിചയം പുതുക്കേണ്ട വഴികളിലേക്ക് അയാള്‍ ഇറങ്ങിയതുമില്ല. ചിരിച്ചു കൊണ്ട് ബന്ധം വേര്‍പിരിഞ്ഞ ഭാര്യയെ കുറിച്ച് അയാള്‍ വല്ലപ്പോഴും ഓര്‍ത്തു. മക്കളെ ബുദ്ധിമുട്ടിക്കാന്‍ മിനക്കെട്ടില്ല.

ഇസ്താന്‍ബുള്‍ ഇന്റെ തെരുവുകളില്‍ യുവാക്കള്‍ പ്രതിഷേധിക്കുന്നു എന്ന് പേപ്പറില്‍ എഴുതിയിരുന്നു. പക്ഷെ ആ വാര്‍ത്ത ഒരു തമാശ പോലെ ആശ്ചര്യ ചിഹ്നങ്ങളോ ടെ യാണ് പ്രിന്റ്‌ ചെയ്തിരുന്നത്. പുതുതായി വരുന്ന ഫാസ്റ്റ് ഫുഡ് കടയുടെ പരസ്യത്തില്‍ ഒരു ഫുട്ബോള്‍ താരത്തിന്റെ പൂര്‍ണകായ പടം അച്ചടിച്ചിരുന്നു.

വൈകുന്നേരം തെരുവിലൂടെ അയാള്‍ കുറച്ചേറെ നടന്നു. പലപ്പോഴും അയാള്‍ക്ക്‌ വഴി തെറ്റി . ജാള്യത കൊണ്ട് ചോദിക്കാന്‍ നില്‍ക്കാതെ തെറ്റിയ വഴിയിലൂടെ കുറെ മുന്നോട്ടു പോയി.

വീട് മെല്ലെ മെല്ലെ ജീവന്‍ വെച്ച് വരുന്നു എന്ന് ഇടയ്ക്കിടെ അയാള്‍ സ്വയം ആശ്വസിച്ചു. പിന്നെ സത്യം വേറെന്തോ ആണെന്ന് തലപുകച്ചു വോഡ്ക കുടിച്ചു.
രാത്രി നഗരം നിലാവിന്റെ ലഹരിയില്‍ കുഴഞാടുമ്പോള്‍ അയാള്‍ ഇരുട്ടില്‍ തനിച്ചിരുന്നു. മനപ്പുര്‍വ്വം വിളക്കുകള്‍ കെടുത്തി ഒരു മെഴുകുതിരി മാത്രം കത്തിച്ചു വെച്ച്. മുത്തശി യുടെ പതിവായിരുന്നു അത്. കിടക്കുന്നതിനു മുന്‍പ് അവര്‍ ധാരാളം കുറിപ്പടികള്‍ തയ്യാര്‍ ചെയ്യുമായിരുന്നു . ഒരു മെഴുകുതിരി തീരുന്ന സമയം മാത്രം. മറ്റുള്ളവരുടെ ഉറക്കം കെടുത്താതെ ഇരിക്കാന്‍ ആവണം അവര്‍ ലൈറ്റ് അണച്ച് മെഴുകുതിരി തേടിയിരുന്നത്...

മുത്തശി ഉണ്ടായിരുന്നപ്പോള്‍ ബന്ധുക്കള്‍ കൃത്യമായി എത്തിയിരുന്നു. എല്ലാവരുടെയും ജന്മദിനങ്ങള്‍ അവര്‍ക്ക് കാണാതെ അറിയുമായിരുന്നു എന്നാണ് അയാളുടെ ഓര്‍മ്മ. ശേബയ്ക്ക് പാല്‍ വെണ്ണയില്‍ മൊരിച്ച റൊട്ടി. ലുഖ്‌മാന് പാലും പൈനാപ്പിളും പിരിയാതെ കൃത്യമായി ചേര്‍ത് എടുത്ത പാനീയം..എല്ലാവര്ക്കും അവരുടെ വക കൃത്യമായ ജന്മദിന സമ്മാനങ്ങള്‍..

അച്ഛനും അമ്മയും അയാളെ നഗരത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചില്ല. കല്യാണത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. സ്വന്തം ഇഷ്ടം ...അതായിരുന്നു അവരുടെ ന്യായം. ഒരു പക്ഷെ ചിഹ്നങ്ങള്‍ മനസ്സിലാക്കുന്നതില്‍ താന്‍ ക്രൂരമായി പരാജയപ്പെട്ടതാകാനും വഴിയുണ്ട്..അല്ല പരാജയം തന്നെ.!
തിരച്ചില്‍ നിടയില്‍ മുത്തശി യുടെ ഡയറി അയാള്‍ക്ക്‌ കിട്ടി.
അതിന്റെ ആദ്യ പേജില്‍ വിവരണങ്ങള്‍ ഇല്ലാതെ എഴുതിയ തീയതി മുത്തശി യുടെ വിവാഹ ദിനമായിരിക്കണം.. നല്ല വടിവൊത്ത അക്കങ്ങള്‍.
പിന്നീടുള്ള പേജുകള്‍ കണ്ടപ്പോള്‍ അയാള്‍ അത്ഭുതപ്പെട്ടു.
മരിയ: ജൂണ്‍ പതിനൊന്നു.
ശേബ : മാര്‍ച്ച്‌ അഞ്ച് ..
ലുക്മാന്‍ : ഫെബ്രുവരി പതിനാലു ...
എല്ലാം മുത്തശി കൃത്യമായി എഴുതി സൂക്ഷിച്ച ജന്മദിനങ്ങള്‍..
മരിച്ചവരുടെ ഓര്‍മ്മ ദിനങ്ങള്‍..
കൂടുതല്‍ ഉള്ളിലേക്ക് പോകവേ അയാള്‍ക്ക്‌ മുന്നില്‍ രുചികരമായ ഭക്ഷണങ്ങളുടെ വിവരണങ്ങള്‍ കിട്ടി. ആദ്യം പാകം ചെയ്തപ്പോഴുണ്ടായ കുറവുകള്‍..താന്‍ കണ്ടു പിടിച്ച പരിഹാരങ്ങള്‍...
അയാളുടെ ഓര്‍മ്മയില്‍ ഒരു മൊബൈല്‍ നമ്പര്‍ പോലും തിരഞ്ഞിട്ടു കിട്ടിയില്ല. മുപ്പതു വര്ഷം ജോലി ചെയ്ത കമ്പനിയില്‍ നിന്ന് അയാള്‍ക്ക്‌ കുറെ കാശ് കിട്ടിയിരുന്നു. അതിന്റെ രേഖകള്‍ മാത്രം ഇപ്പോഴും അയാള്‍ സൂക്ഷിക്കുന്നു.

വല്ലാതെ വിയര്തപ്പോള്‍ അയാള്‍ പുറത്തേക്കു വന്നു. വീടിനു മുന്‍പില്‍ മുത്തശി യുടെ പേര്‍ വിളിച്ചു കൊണ്ട് എപ്പോള്‍ വേണമെങ്കിലും ഒരാള്‍ കടന്നു വരുമായിരുന്ന കാലം വളരെ അടുത്താണെന്ന് അയാള്‍ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. വോട്ക തീര്‍ന്നതോടെ അയാള്‍ നിരാശനായി. മൊബൈലില്‍ പഴയ ചിരിച്ചു കൊണ്ട് ബന്ധം വേര്‍പെടുത്തിയ നമ്പര്‍ തിരഞ്ഞു. സാമ്യമുള്ള മറ്റു ചില പേരുകള്‍ കൊണ്ട് മൊബൈല്‍ അയാളെ കളിയാക്കി കൊണ്ടിരുന്നു.





No comments: