Sunday, February 13, 2011

കുമാരന്‍ നായരും മണ്ണുത്തിയിലെ ഭാവി മുഖ്യമന്ത്രിയും..

കുമാരന്‍ നായരെ അറിയുന്ന ആരും കുട്ടികള്‍ക്കിനി ആ പേര് ഇടുമെന്ന് തോന്നുന്നില്ല. തന്റെ മകനോ ചെറു മകനോ പത്തു മുപ്പത്താറു പല്ലിന്റെ പിന്‍ ബലത്തോടെ ചിരിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ... സിദ്ധനു കുമാരന്‍ നായരെയും കുമാരന്‍ നായര്‍ക്കു മണ്ണുത്തിയിലെ ഭാവി മുഖ്യമന്ത്രിയെയും പെരുത്തിഷ്ടമാണ് .. സിദ്ധന്‍ കാണുമ്പോഴൊക്കെ കുമാരന്‍ നായര്‍ക്കൊപ്പം മണ്ണുത്തിയിലെ ഭാവി മുഖ്യമന്ത്രിയും ഒപ്പം കാണും. കുമാരന്‍ നായരെ മാന്തോപ്പിലെ ഇരുട്ടില്‍ കണ്ടാലും സിദ്ധന്‍ തിരിച്ചറിയും . അതിനു മുഖ്യ കാരണം മുണ്ടാണ്. ആരുടെ മുണ്ടാണെന്ന് കാലം തെളിയിക്കട്ടെ.
I, my niece, and their Children (ഞാനും എന്റെ മരുമോളും പിന്നെ അവരുടെ കുട്ടികളും ) എന്ന ദേശീയ പാര്‍ട്ടി യുടെ മണ്ണുത്തി അവിഭാജ്യ ഘടകം ആണ് കുമാരന്‍ നായര്‍. മറ്റു വന്‍കിട നേതാക്കളെ പോലെ "പാര്‍ക്കലാം"' എന്ന ഒറ്റവാക്ക് കൊണ്ടു ജീവിക്കുന്ന മഹാനുഭാവന്‍ .. ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രിയ്ക്ക് കുമാരന്‍ നായരില്‍ നിന്നും മണ്ണുത്തിയിലെ ഭാവി മുഖ്യ മന്ത്രിയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട് .
അതിരാവിലെ ലേബര്‍ കാന്റീന്‍ തുറന്നാലും ഇല്ലെങ്കിലും മുന്‍വശത്ത് കുമാരന്‍ നായരുണ്ടാവും . വെള്ളമുണ്ടില്‍ പൊതിഞ്ഞ പാണ്ടി ഉരല്‍ പോലെ സുസ്മേര വദനനായി. സിദ്ധന്‍ മലയിറങ്ങി വരുന്നതോ ഉറക്കമെഴുന്നേറ്റു ബീഡി വാങ്ങാന്‍ പോകുന്നതോ ആ വഴിക്കാണ് . സിദ്ധനെ കണ്ടാലും കുമാരന്‍ നായര്‍ ചിരിക്കും . അതൊക്കെ ഗുരുവായൂരപ്പാഭക്തനായ കുലകുരുവില്‍ നിന്നും പഠിച്ചതാണ്. അദ്ദേഹവും ചിരിയിലൂടെ വകവരുത്തിയത് എത്ര ദുഷ്ടന്മാരെയാണ്. ചിലര്‍ പേടിച്ചു ദില്ലി വരെ എത്തി. അവിടെ ഇരുന്നു കൊണ്ട് '' ദില്ലിയിലും ഉണ്ട് ..ഇവിടെയും അവയിലബിള്‍ ആണ് '' എന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നു.
രാവിലെ കാന്റീന്‍ തുറക്കുന്ന പയ്യന് കുമാരന്‍ നായര്‍ നല്ല കണി ആണ്... ശുഭ്രാവസ്ത്രത്തില്‍ പൊതിഞ്ഞ ശവം പോലും നല്ല കണി ആണെന്ന് പഴമക്കാര്‍ പറഞ്ഞത് കുമാരന്‍ നായരെ ആവാന്‍ വഴിയില്ല . വൈകാതെ ഭാവി മുഖ്യനും അവിടെ കാണും . പിന്നെ അവടെ നടക്കുക ഒരു ഡയറി എഴുത്ത് മത്സരമാണ് . ചായ പോലും കുടിക്കാന്‍ നില്‍ക്കാതെ ഭാവി -മു പാഞ്ഞു പോകുന്നതും കാണാം . ഇടയ്ക്കൊന്നു പറഞ്ഞോട്ടെ. ഒന്നേ ഉള്ളെങ്കിലും അണികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന് കുമാരന്‍ നായര്‍ ഹൈകമാണ്ടിനു ഒരു കൈപ്പുസ്തകമാണ് .
കുമാരന്‍ നായര്‍ക്കു മണ്ണുത്തിയിലെ ഭാവി മുഖ്യനില്‍ എത്ര പ്രതീക്ഷയുണ്ടോ അത്രപോലും അദ്ദേഹത്തിനെ ഗുരുവിനു ഗുരുവായൂരപ്പനില്‍ പോലും ഉണ്ടായിരുന്നില്ല.
അതിനു കുമാരന്‍ നായരെ നമിക്കാതെ വയ്യ . വൈകാതെ മണ്ണുത്തി പ്രദേശ് കമ്മിറ്റിയില്‍ താനൊരു ചാരുകസേരയിട്ടു കുത്തി ഇരിക്കുന്നതും ഭാവി -മു കൊറിയര്‍ അയച്ച തിരു-കൊച്ചി ഓലകളില്‍ താന്‍ ''ശൂ'' വരച്ചു നാല് പുത്തന്‍ സമ്പാദിക്കുന്നതും നോക്കിയിരിക്കുംപോഴായിരുന്നു പണ്ട് പതുങ്ങി നടക്കുന്ന ഒരു ഒറ്റയാന്‍ കുലഗുരുവിനെ കൂട്ടില്‍ അടച്ചു കൊണ്ട് തിരുവന്തോരത്ത് സത്യപ്രതിജ്ഞ ചെയ്തത്. ആ സുനാമി കുമാരന്‍ നായര്‍ക്കു വരുത്തി വച്ച ദുരന്തങ്ങള്‍ ചില്ലറയല്ല. കുറച്ചു കാലത്തേക്കെങ്കിലും മ-ഭാ -മു തന്നോട് മിണ്ടാതെ നടന്നു. മണ്ണുത്തിയില്‍ പുതിയതായെത്തിയ പോലീസ് എസ.ഐ താന്‍ ഇറക്കാന്‍ ചെന്നവനെ പുറത്തിറക്കിയിട്ടു തന്നെ ലോകപ്പ് കൂട്ടിലിട്ടു .

No comments: