Monday, February 7, 2011

സിദ്ധവിചാരം

പുതുമുഖസംവിധായകന്റെ നിരൂപണ ലേഖനം സിദ്ധന്റെ കയ്യിലെത്തിച്ചത് കൂടെയുള്ള കുബുദ്ധികളിലാരോ ആണ് . സംവിധായകന്റെ നിരൂപണം സാധാരണമാണല്ലോ . പോലീസുകാര്‍ കഥയും മന്ത്രിമാര്‍ പാട്ടും പയറ്റുന്ന കാലത്ത് അരിമേടിക്കാന്‍ അദ്ദേഹം നിരൂപണം തിരഞ്ഞെടുത്തെന്ന് മാത്രം.. വായിച്ചു ഫിറ്റ് ആയതു കൊണ്ടാകണം സിദ്ധന്‍ മിഴിച്ചിരുന്നു. ''ചെറ്റ'' ...ഒറ്റവാക്കില്‍ മറുപടി ഒതുക്കി സിദ്ധന്‍ അടുത്ത പെഗ്ഗ് ലേക്ക് കാലൂന്നി.''അങ്ങനെ പറയാന്‍ വരട്ടെ..അങ്ങേരെക്കാള്‍ മിടുക്കന്മാര്‍ ആരെങ്കിലുമുണ്ടോ ഇപ്പൊ ഫീല്‍ഡില്‍..?" ചര്‍ച്ച ചൂട് പിടിപ്പിക്കുക എന്നത് സിദ്ധ -പരാദ ങ്ങളുടെ കര്‍മ്മമാണല്ലോ.. ''പിന്നേ ..ഒരു പൂജാമുറി സീനില്‍ അമ്പലോം ആമ്പല്‍ ക്കൊളോം ഒരുക്കുന്ന മഹാമാനസ്കനല്ലേ..അല്ലെ പിന്നേ താനാ പടം ഒന്ന് കണ്ടു നോക്ക്" സിദ്ധന്‍ നേരെയാവുന്ന ലക്ഷണമുണ്ട്..
ഒരു മണിക്കൂര്‍ മാത്രം സിനിമ കണ്ടു ശീലിച്ചവര്‍ ആണ് സിദ്ധഭക്തരില്‍ ഭൂരിഭാഗവും. ജോലിയായതില്‍ പിന്നെ വ്യാജ സി.ഡി.യും .
ഇയ്യിടെയായി പടം തുടങ്ങുമ്പഴെ സിദ്ധനു കലികയറും. "നോക്ക് ..ആ തുക്കടാ ഫ്ലാറ്റ് വിട്ടു ക്യാമറ എവിടോട്ടെങ്കിലും പോന്നോന്നു..കഴുവേറികള്‍.."
''അല്ലേല് ആ വിജയന്മാഷ് എന്തെല്ലാം സംഗതികളെ ക്കുറിച്ച് പ്രസംഗിച്ചിരുന്ന ആളാ ..അങ്ങേരെപ്പറ്റി എഴുതുമ്പോ മാലോകര്‍ക്ക് മനസ്സിലാകുന്ന വിഷയമെടുക്കാതെ 'സഹ്യന്റെ മകനും -ഗുദഭോഗവും -ഒരു ഫ്രോയിടിയന്‍ അന്വേഷണം ' ഒക്കെ ..." സിദ്ധന്‍ വീണ്ടും ലേഖനത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു.
''നീയൊരു ചൊല്ല് കേട്ടിട്ടില്ലേ ..നടുക്കടലില്‍ ചെന്നാലും നായ..അതിവന്മാരെ പറ്റിയാ " സിദ്ധന്റെ ആവേശം സഭയെ ഉണര്തുന്നുണ്ട്
'' പിന്നെ സിദ്ധോ..ഒന്ന് മനസ്സിലാക്കണം ഇതൊന്നും എഴുതിയില്ലേ വാരികക്കാര് പ്രസിദ്ധീകരിക്കുകേല..അതാരിക്കും.." ഒരു പരാദ നായര്‍ സംവിധായകനെ പിന്താങ്ങി.
"ഒന്ന് പോടോ നാറി..ഇവന്റെയൊക്കെ മനസ്സ് വെടക്കാ ..അതിനെന്തിനാ മാസികക്കാരെ പറേന്നെ.."
ഈ പൂരം കൂടുന്നതിന് ചില കാരണങ്ങള്‍ സിദ്ധ ഭക്തര്‍ക്ക്‌ കിട്ടിയിട്ടുണ്ട് ..ഇയ്യിടെയായി മനോസുഖം ലക്ഷ്യമാക്കി വാര്‍ത്താ ചാനല്‍ കണ്ടു തീര്‍ക്കുന്നവരാണ് സിദ്ധപരിവാരങ്ങള്‍ .. ഐസ്ക്രീം ആയി..കഞ്ഞെസ്ടന്റ്റ് ആയി സംഗതിയും സാധനവും വരെ വാര്‍ത്താ ചാനലുകള്‍ വിളമ്പി മടുത്ത് പഴങ്കഞ്ഞിയിലെത്തി നില്‍ക്കുന്നു. തിയറ്ററില്‍ നാല് ദിവസം ഓടാത്ത പടം അവധി ദിവസം നോക്കി തലേ കെട്ടിവെക്കാന്‍ നോക്കുമ്പോ സിദ്ധന്‍ എന്ത് ചെയ്യും..
''ഇയ്യിടെയായി സിദ്ധന്റെ തെറിവിളി കുറെ കൂടുന്നുണ്ട്..ബോധം വരുമ്പോഴും ഞങ്ങള്‍ ഇവിടെയൊക്കെ കാണും.." കുട്ടിച്ചാത്തന് കള്ളുപോലെ സിദ്ധനു തെറി പഥ്യം ആണെന്ന് അറിയാവുന്ന പരാദങ്ങള്‍ ഊറി ചിരിച്ചു ..ഒരുത്തന്റെ പരാതി കേട്ടപ്പോ.
''അതിനു സിദ്ധനെ കുറ്റം പറയനോക്കുകേല..പടം കണ്ടാ എല്ലാരും പറഞ്ഞുപോം..." കോട്ടയംകാരന്‍ ശിഷ്യന്‍ വീണ്ടും സ്ക്രീനില്‍ എത്തിച്ചു എല്ലാവരെയും.
'' ..നീ പറഞ്ഞെ ..പപ്പന്റെ പടത്തില്..മറ്റേ മൈസൂര്‍ കാണിക്കുന്ന ഒന്നുണ്ടല്ലോ..മുന്തിരിതോപ്പ് ..നമ്മടെ ശാരി അഭിനയിച്ച.."
"നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ..ഞാന്‍ പല ദിവസി കണ്ടതാണ് " കോട്ടയം സിദ്ധന്റെ സഹായത്തിനെത്തി..
'' അത് തന്നെ ..അതില് തെലകന്റെ ആ തെമ്മാടി തന്തേ ..ഇന്നത്തെ പുളുന്താംമാര്‍ ആരേലും എഴുതുവോ ? എഴുതിയോ പോട്ടെ അഭിനയിക്കുവോ എതവനെലും ..?"
'' സിദ്ധാ അതിച്ചിരി കടന്ന കയ്യായിപോയില്ല്യോ ..നമ്മടെ പപ്പിക്കുട്ടിയെ ഇന്ദിരാ ഗാന്ധിയാക്കുന്ന പോലെ.." ഒരു ശിഷ്യന്‍ അന്തം വിട്ടു .അതിന്റെ ശബ്ദം കേട്ടു.
പദ്മരാജനുമായി കമ്പയര് ചെയ്യാനുള്ള ആമ്പിയര്‍ ഒന്നും പുതുമുഖ സംവിധായകനില്ലന്നു സിദ്ധനും ലോകത്തിനും അറിയാം ..അദ്ദേഹം പ്രശസ്തനായത് തന്നെ മഹാ നടന്‍ ശ്രി.തിലകന് പണി കൊടുത്ത സംഭവം കൊണ്ടാണെന്നും .
'' പക്ഷെ സിദ്ധോ ..നമ്മള് വേറെ ചിലത് കൂടി മനസ്സിലാക്കണം..സിനിമ ഒരു ബിസിനസ്സാണ് ..പൊളിയാന്‍ എല്ലാ സാധ്യതയും ഉണ്ട്..അപ്പൊ ചെലപ്പോ.." സംശയാലു എന്തോ വിശദീകരിക്കാന്‍ ശ്രമിച്ചു.
" ടെ..തെമ്മാടിത്തരം പറയരുത്.. ബിസിനസ് കാരാ പണ്ടും പടം പിടിച്ചേ..ഇതൊന്നും ഇന്ന് രാവിലെ തൊടങ്ങിയ പണിയല്ല." സിദ്ധന്റെ കുടിയുടെ വിഭിന്ന അര്‍ത്ഥങ്ങള്‍ മുറിവിട്ടു പുറത്തേക്കു വമിച്ചു തുടങ്ങിയിരിക്കുന്നു.
ശരിക്കും നല്ല സിനിമകള്‍ ആസ്വദിച്ചിരുന്ന ഒരു വിഭാഗം ഇപ്പോള്‍ നിരാശ്രയരായിരിക്കുന്നു. തമിഴ് സംവിധായകരാണ് ഇപ്പോള്‍ അവരുടെ ഭരത -പദ്മരാജന്മാര്‍..
'' ഈ സംവിധായകന്മാരെ മാത്രം കുറ്റം പറയാന്‍ ഒക്കുകേല...സിദ്ധാ.." സംശയാലു ഒരു തിരിച്ചു വരവിനു ശ്രമിച്ചു.
''ഇവരിപ്പം ഒരുത്തനെ വിളിച്ചു ചെല്ലപ്പനാശാരി ആക്കാമെന്ന് വെച്ചാ ആറടി പൊക്കോം ഇടിവണ്ടിക്കാരന്റെ മസിലുമില്ലാത്ത ഒരുത്തനെ വെക്കുവോ ?''
സിദ്ധനു ബോധിച്ചെന്നു തോന്നുന്നു. '' അത് നീ പറഞ്ഞത് നേരാ..വന്നു വന്നു ആശാരിയെ അവതരിപ്പിക്കുന്നത്‌ കണ്ടാല്‍ പാര്‍ട്ട്-ടൈം ആശാരിയാണെന്നു കൂടി തോന്നില്ല."
'' പിന്നെ ഈ തിരക്കഥ കച്ചോടക്കാര് അവരുടെ കഥയോ അടിച്ചു മാറ്റിയ കഥയോ എഴുതിയാ തന്നെ 'o'
വട്ടം കടക്കില്ല.'' സിദ്ധന്‍ ഒരു മുഴുത്ത പോയിന്റ്‌ ഇട്ടു .അത് തറയാകെ ഒഴുകിപ്പരന്നു.
'' എന്ന് വച്ചാ..?" സംശയാലുവിന്റെ ആവേശം പുറത്തു ചാടി.
'' എടാ ഇവന്മാര് തിരുവന്തോരത്ത് അട്ടി കെടക്കുന്ന ഹോട്ടല് ഭിത്തീം ..കോഴിക്കോട് നടത്തുന്ന 'നിശാ ദശ ' യും വിട്ടു എഴുതതില്ലെന്നു."
അത് മനസ്സിലായില്ല.
'' എന്ന് പറഞ്ഞാ കാര്‍ ന്നു ഫ്ലൈറ്റ് ലോട്ടും അവിടുന്നു ഹോട്ടല്‍ മുറിയിലും ..അതിനിടെ ജീവിതം കറങ്ങുന്നത് ..അവിടൊക്കെ തന്നെയല്ലേ.." സിദ്ധന്റെ താത്വിക 'മൂഡ്‌' നെ ഭയപ്പെടാനില്ല ..സമാധി അടുത്തു തന്നെ ഉണ്ടാകും..എന്ന് വിചാരിച്ചിരിക്കുമ്പോള്‍ സിദ്ധനതാ ഉയര്‍ന്നു ചാടുന്നു..
'' ഇനിയിവിടെ പാട്ട് പാടാന്‍ ഒരു ദീക്ഷിതരേം നോക്കണ്ടാ ..ആയകാലത്ത് അവരെഴുതി വച്ചത് പാടി ഈ തലമുറ ചത്ത്‌ പൊക്കോളും..നാളെ വല്ലോര്ടെം കയ്യിലല്യോ.."
സംശയാലുക്കളായ സിദ്ധ -പരാദങ്ങള്‍ ജാകരൂകരായി. രാഗ-വര്‍ണങ്ങളെ ക്കുറിച്ച് സിദ്ധനെന്തെങ്കിലും മൊഴിഞ്ഞാല്‍ ജോര്‍ ആക്കാന്‍ കയ്യില്‍ ഒരു 'സംഗതി' യുമില്ല.
'' ഈ ഗതി നമുക്ക് മാത്രമല്ലെടോ..ലോകം മുഴുവനിപ്പഴിങ്ങനാ.." സിദ്ധന്‍ കൊടിപ്പടം താഴ്തുന്നുവെന്ന തോന്നലുണ്ടായപ്പോള്‍ പരാദ ങ്ങളുടെ ഉള്ളില്‍ നിന്ന് പറന്നു പോയ കിളികള്‍ തിരിച്ചെത്താന്‍ തുടങ്ങി..ഒരു ഉറക്കചിരിയായി..

No comments: